ADVERTISEMENT

കോട്ടയം ∙  തലസ്ഥാനത്തേക്ക് പോകണോ കെഎസ്ആർടിസി ബസ് കാത്തു നിൽക്കരുത്. യാത്രക്കാരെ കയ്യൊഴിഞ്ഞ് അധികൃതരും. വൈകിട്ട് 5.15 മുതൽ 6.45 വരെ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനെത്തുന്ന യാത്രക്കാർക്കാണ് ബസ് ലഭിക്കാത്തത്. കാത്തിരുന്നു വേരിറങ്ങിയാലും തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു ബസ് കിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.വൈകിട്ട് കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സർവീസുകൾ നിർത്തലാക്കിയിട്ട് 3 വർഷം പിന്നിട്ടു. 5 മുതൽ 6.45 വരെയുള്ള സമയത്ത് കെഎസ്ആർടിസി സ്റ്റാൻഡിൽ പതിവില്ലാത്ത തിരക്കും കാണാം. ദീർഘദൂര സർവീസുകൾ കാത്തിരിക്കുന്ന യാത്രക്കാരാണ് ഏറെയും. 

ശനിയും ഞായറും തിരുവനന്തപുരത്തേക്ക് പോകാനായി എത്തുന്ന സർക്കാർ, സ്വകാര്യ കമ്പനി ജീവനക്കാരും കാത്തിരുന്ന് വലയും. കോവിഡ് കാലത്താണ് സർവീസുകൾ നിർത്തിയതെന്നും പകരം കോട്ടയം–കൊട്ടാരക്കര, കൊട്ടാരക്കര–തിരുവനന്തപുരം സർവീസുകളുണ്ടെന്നുമാണ് കെഎസ്ആർടിസി നൽകുന്ന വിശദീകരണം. 5 മുതൽ 6.45 വരെയുള്ള സമയത്ത് 3 തിരുവനന്തപുരം  ബസുകളുടെ കുറവുണ്ടെന്ന് കെഎസ്ആർടിസിയും സമ്മതിക്കുന്നുണ്ട്. പുതിയ സർവീസുകൾ ആരംഭിക്കുന്നതിന് ഡയറക്ടർ ബോർഡിന് ഡിപ്പോ അധികൃതർ കത്ത് നൽകിയിട്ടുണ്ടെന്നും പറയുന്നു.

മറുപടി ഇങ്ങനെ 
കോട്ടയത്ത് നിന്നു കൊട്ടാരക്കരയിലേക്ക് ബസ് കയറിയാൽ അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസ് കിട്ടുമെന്നാണ് കെഎസ്ആർടിസി അന്വേഷണ വിഭാഗത്തിൽ നിന്നു  ലഭിക്കുന്ന മറുപടി. കൊട്ടാരക്കര ബസ് കാത്ത് നിന്നാലും സമയത്ത് ലഭിക്കില്ലെന്നു യാത്രക്കാർ പരാതി പറയുന്നു. 

റെയിൽവേ സമയം
വൈകിട്ട് 6.10ന് കേരള എക്സ്പ്രസും, 6.33ന് വേണാട് എക്സ്പ്രസുമുണ്ട്.  ചൊവ്വ, ശനി ദിവസങ്ങളിൽ  6.58ന് ഗരീബ് രഥ് എക്സ്പ്രസും, വ്യാഴാഴ്ച 6.18ന് ശ്രീഗംഗനഗർ–കൊച്ചുവേളി, ബുധനാഴ്ച 6.18ന് ലോകമാന്യ തിലക് എക്സ്പ്രസും തിരുവനന്തപുരത്തിന് ഉണ്ടെന്നു റെയിൽവേ അറിയിച്ചു.

English Summary:

Frustrated Passengers in Kottayam as KSRTC Halts Evening Bus Services to Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com