ADVERTISEMENT

കുമരകം ∙ വിനോദസഞ്ചാര മേഖലയായ ചീപ്പുങ്കൽ പാലത്തിനു സമീപം ശുചിമുറി മാലിന്യം തള്ളി. ഒട്ടേറെ സഞ്ചാരികൾ ഹൗസ്ബോട്ട് യാത്രയ്ക്കായി എത്തുന്ന ചീപ്പുങ്കലിൽ ഇന്നലെ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയായിരുന്നു. ലോകത്തിനു മുന്നിൽ കാഴ്ചകൾ ഒരുക്കുന്ന കുമരകത്തിന് ഇതു നാണക്കേട്. വീടുകൾ, ഹോട്ടലുകൾ, സഹകരണ ബാങ്ക്, വർക്‌ഷോപ്പ്, കൂൾബാർ, റേഷൻകട തുടങ്ങിയവ പ്രവർത്തിക്കുന്ന സ്ഥലത്തിനു സമീപമാണ് ഇത്. സഞ്ചാരികൾ വാഹനങ്ങൾ ഈ ഭാഗത്താണു പാർക്ക് ചെയ്യുന്നത്. ടാങ്കർ ലോറിയിൽ കൊണ്ടുവന്ന മാലിന്യം ഹോസ് വച്ച് റോഡരികിലേക്ക് ഒഴുക്കുകയായിരുന്നു. നേരം പുലർന്നപ്പോൾ പ്രദേശമാകെ ദുർഗന്ധം. നാട്ടുകാർ കാരണം അന്വേഷിച്ചത്തിയപ്പോഴാണു റോഡരികിൽ ശുചിമുറി മാലിന്യം കണ്ടത്. 

ആരോഗ്യ പ്രവർത്തകർ എത്തിയില്ല
ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും ആരും സ്ഥലത്ത് എത്തിയില്ലെന്നാണു നാട്ടുകാരുടെ പരാതി. പ്രതിഷേധം ഉയർന്നതോടെ ബ്ലീച്ചിങ് പൗഡർ സ്ഥലത്ത് എത്തിച്ചു നൽകിയെങ്കിലും ഇതു വിതറാൻ ആരും വന്നില്ല. ഒടുവിൽ സമീപത്തെ കടക്കാരൻ എത്തി പൗഡർ മാലിന്യത്തിനു മുകളിൽ വിതറി.

സ്ഥലപരിചയം ഉള്ളവരെന്നു നാട്ടുകാർ
സമീപത്തെ ഹോട്ടലിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും അതിൽ പതിയാത്ത വിധം ലോറി നിർത്തി മാലിന്യം ഒഴുക്കുകയായിരുന്നു. സിസിടിവി ഉണ്ടെന്ന് അറിയാവുന്നവരാകും ഇതിനു പിന്നിലെന്നു നാട്ടുകാർ സംശയിക്കുന്നു. ‌ചീപ്പുങ്കൽ പ്രദേശത്തു മാലിന്യം പ്ലാസ്റ്റിക് ചാക്കിൽകെട്ടി തള്ളുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

കുമരകത്തെ ഇങ്ങനെയല്ല നാം കാണേണ്ടത്
കുമരകത്തിന്റെ കാഴ്ചകൾ ഒരിക്കലും മാലിന്യത്തിന്റെയാകരുത്. ബേഡ്‌സ് ക്ലബ് ഇന്റർനാഷനലിന്റെ റെയിൻ ഇന്റർനാഷനൽ നേച്ചർ ഫിലിം ഫെസ്റ്റിവലിനു വേദിയായ സ്ഥലമാണ് കുമരകം. കേരളമാകെ ഒരു ലക്ഷം ചെറുവനങ്ങൾ സൃഷ്ടിക്കുന്നതിനും ക്ലബ് തുടക്കമിട്ടിരുന്നു. പക്ഷികൾക്കു പറന്നിറങ്ങാൻ പാകത്തിൽ വളർത്തുന്ന ചെറുവനങ്ങൾ ഫലത്തിൽ മഴത്തുരുത്തുകളാകും. കുമരകത്തുനിന്നാണ് ഈ ആശയം കിട്ടിയത്. നീർച്ചാലുകളിലും തണ്ണീർത്തടങ്ങളിലും മാലിന്യം ഒഴുക്കുന്നതിലൂടെ കുമരകത്തെ പ്രകൃതി നശിപ്പിക്കപ്പെടും.

ഇവിടത്തെ കായൽ എത്രയോ നദികളുടെ ഒത്തുചേരലാണ്. വിദേശത്ത് ഉൾപ്പെടെ പോകുമ്പോൾ കുമരകത്തിന് അടുത്താണ് വീടെന്ന് അഭിമാനത്തോടെ പറയാറുണ്ട്.ബർലിൻ ചലച്ചിത്രമേളയിൽ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ച ‘ഒറ്റാൽ’ ചിത്രീകരിച്ചത് കുമരകത്താണ്. ഹൃദയഹാരിയായ ദൃശ്യങ്ങൾ എല്ലായിടത്തെയും ജൂറിയെ  സ്വാധീനിച്ചു. പ്രകൃതി തന്നെ സൃഷ്ടിച്ച സിനിമയായിരുന്നു ഒറ്റാൽ. പ്രകൃതി തന്നെ എല്ലാം ഒരുക്കിവച്ചിരുന്നു.  അതു ചിത്രീകരിക്കുക മാത്രമാണ് ചെയ്തത്. കായലും മരങ്ങളും പാടവും താറാവിൻകൂട്ടങ്ങളും വരെ കഥാപാത്രങ്ങളായി. ഇതൊക്കെ നഷ്ടപ്പെടുത്തുന്നത് വരുംതലമുറയോടു ചെയ്യുന്ന ക്രൂരതയാണ്.

മഞ്ഞളരുവിയിലും മാലിന്യം
എരുമേലി ∙ മുണ്ടക്കയം – ഭരണിക്കാവ് ദേശീയപാത 183 എയിലെ മഞ്ഞളരുവി പാലത്തിൽനിന്ന് തോട്ടിലേക്കു ചാക്കുകളിൽ കെട്ടി കോഴിമാലിന്യം തളളി. കഴി‍ഞ്ഞ രാത്രിയാണ് സംഭവം. വാഹനങ്ങളിൽ എത്തിച്ചാണ് മാലിന്യം തള്ളിയതെന്നാണു കരുതുന്നത്. മണിമല ആറ്റിലേക്ക് ചേരുന്ന തോടാണിത്. പരിസരമാകെ ദുർഗന്ധമാണ്.

English Summary:

Toilet waste was dumped near the Cheepungal Bridge in the tourist area of ​​Kottayam Kumarakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com