ഇറക്കവും വളവും കിണറും, സ്കൂട്ടർ അപകടത്തിൽപെട്ട് യുവതി വീണത് കിണറ്റിലേക്ക്; ഈ റോഡ് ചതിക്കും
Mail This Article
വള്ളിക്കുന്ന് ∙ കുത്തനെയുള്ള ഇറക്കവും വളവുമായി ചതിക്കെണിയൊരുക്കി കൊടക്കാട് ആലിൻചുവട് റോഡ്. നിയന്ത്രണംവിട്ട സ്കൂട്ടർ അപകടത്തിൽപെട്ട് യുവതി കിണറ്റിലേക്ക് തെറിച്ചുവീണു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. മരണവീട്ടിൽ പോയി സ്കൂട്ടറിൽ മടങ്ങിവരികയായിരുന്നു വള്ളിക്കുന്ന് സ്വദേശിനിയായ യുവതിയും ഭർതൃമാതാവും.ചരലിൽ തെന്നി നിയന്ത്രണംവിട്ടു സ്കൂട്ടർ സമീപത്തെ പറമ്പിലേക്കു വീഴുകയായിരുന്നു. സ്കൂട്ടറിൽനിന്ന് യുവതി റോഡരികിലുള്ള കിണറ്റിലേക്കു തെറിച്ചുവീണു. ബഹളം കേട്ട്, സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ മുജീബ്, പന്തൽപണിയിൽ ഏർപ്പെട്ടിരുന്ന കുന്നപ്പള്ളി വലിയപറമ്പിൽ മുജീബ് എന്നിവർ ഓടിയെത്തിയാണു രക്ഷപ്പെടുത്തിയത്. കിണറ്റിലെ പൈപ്പിൽ പിടിച്ചുനിൽക്കുകയായിരുന്ന യുവതിയെ മുജീബ് കിണറ്റിലിറങ്ങി, സുഹൃത്തുക്കളുടെ സഹായത്തോടെ കസേരയിൽ ഇരുത്തിയാണു മുകളിലെത്തിച്ചത്.
കാലിനു പരുക്കേറ്റ യുവതിയെയും ഭർതൃമാതാവിനെയും ചെട്ടിപ്പടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ആസിഫ് കോലാക്കൽ, നെജു കോലാക്കൽ, മനാഫ് പുളിയമഠത്തിൽ, അൻഫർ വെട്ടിക്കുത്തി, പി.കെ.ഉസ്മാൻ, കെ.ടി.ഷഫീഖ്, സജി എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. കുത്തനെ ഇറക്കവും വളവുമുള്ള കോൺക്രീറ്റ് റോഡിൽ ദിനംപ്രതിയെന്നോണം അപകടമുണ്ട്. റോഡിൽ ചരൽ കെട്ടിക്കിടക്കുന്നതിനാൽ പലപ്പോഴും ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുകയാണ്. സൈക്കിളിൽ പോകുന്ന കുട്ടികളും അപകടത്തിൽപെടുന്നുണ്ട്. സമീപത്തു റോഡരികിൽതന്നെ കിണറുള്ളതാണ് ഭീതിപ്പെടുത്തുന്നത്. ഇവിടെ റോഡിൽ സുരക്ഷാവേലിയും അപകട മുന്നറിയിപ്പും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടങ്ങൾ പതിവായ ഇവിടെ, ഭാഗ്യം കൊണ്ട് നിസ്സാര പരുക്കോടെയാണു പലപ്പോഴും രക്ഷപ്പെടുന്നത്. വലിയ അപകടമുണ്ടാകുന്നതിനു മുൻപു സുരക്ഷാസംവിധാനം ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.