ADVERTISEMENT

പാലാ ∙ പാമ്പ് കടിയേറ്റ യുവതിക്ക് പ്രതിയുമായി പോയ പൊലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട് ! ബുധനാഴ്ച രാത്രി 10.30യോടെയാണ് സംഭവം.കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് ( 28) വീടിന്റെ മുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. പ്രദീപിന് ഒപ്പം മുറ്റത്ത് കൂടി നടക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി.

ആംബുലൻസിനായി വഴിയിൽ കാത്ത് നിൽക്കുന്നതിനിടെയാണ് വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊൻകുന്നം സബ് ജയിലിൽ പ്രവേശിപ്പിക്കുന്നതിനായി ചങ്ങനാശേരി പൊലീസിന്റെ വാ​ഹനം ഇതുവഴിയെത്തത്. വഴിയിലെ ആൾക്കൂട്ടം കണ്ട് ചങ്ങനാശേരി എസ്ഐ. ടി.എം.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം നിർത്തി. പാമ്പ് കടിയേറ്റ വിവരം അറിഞ്ഞ ഉടൻ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിൻസീറ്റിലേക്ക് മാറ്റി ഇരുത്തിയ ശേഷം ഇവർ രേഷ്മയെയും പ്രദീപിനെയും പൊലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചു.

സിവിൽ പൊലീസ് ഓഫിസർമാരായ എം.ഷമീർ, ബി.ബൈജു എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഷമീർ ആണ് പൊലീസ് വാഹനം ഓടിച്ചിരുന്നത്. സമീപമുള്ള വാഴൂർ ടിഎംഎം ആശുപത്രിയിൽ ആദ്യം രേഷ്മയെ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സ നൽകുന്നതിനായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ഉടൻ എത്തിക്കാൻ തീരുമാനിച്ചു.

ആംബുലൻസ് എത്താൻ കാത്ത് നിൽക്കാതെ വീണ്ടും പൊലീസ് ഇവരെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കുതിക്കുക ആയിരുന്നു. അത്യാഹിത വിഭാഗത്തിൽ രേഷ്മയെ എത്തിച്ച ശേഷം പ്രതിയുമായി പൊലീസ് സംഘം പൊൻകുന്നം സബ് ജയിലേക്ക് തിരിച്ചു. അർധരാത്രി 12 മണിയോടെ പ്രതിയെ ജയിലിൽ എത്തിച്ചു. വൈകിയ കാരണത്തിനു റിപ്പോർട്ടും പൊലീസ് സംഘം ജയിൽ അധികൃതർക്ക് നൽകേണ്ടി വന്നു. അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച രേഷ്മ സുഖം പ്രാപിച്ചു വരുന്നു. ഇവരുടെ ഫോൺ നമ്പർ വാങ്ങി പോയ പൊലിസ് സംഘം രാവിലെ വിളിച്ചു വിവരം അന്വേഷിച്ചതിനും രേഷ്മയുടെ കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.

English Summary:

In a heartwarming display of compassion, Changanassery police officers went beyond the call of duty to save the life of a young woman who was bitten by a snake. While transporting an accused, the officers prioritized the medical emergency, ensuring the woman received timely treatment at Pala Mar Sleeva Medicity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com