ADVERTISEMENT

തിരുവനന്തപുരം∙ ഒരു പഴയ സീനാണ്,ഒരു ടിവി ചാനലിന്റെ രാഷ്ട്രീയ ചർച്ചാ വേദി. സിപിഎം മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ കെ.എൻ.ബാലഗോപാലും ചീഫ് സെക്രട്ടറിയായി വിരമിച്ച സിപി.നായരുമാണു ചർച്ചയിൽ പങ്കെടുക്കുന്നത്. ചാനലിനു വേണ്ടി ചർച്ച നയിക്കുന്നതു നടൻ ജഗദീഷ്. കടുത്ത രാഷ്ട്രീയ ചർച്ച സരസമാക്കാൻ ജഗദീഷ് ശ്രമിക്കുന്നു. ഇതിനിടെ കെ.എൻ.ബാലഗോപാൽ അവതാരകനായ ജഗദീഷിനോട് ഒരു ചോദ്യം, സാറിന് എന്നെ അറിയാമോ? സ്ക്രിപ്റ്റിൽ ഇല്ലാത്തതും പതിവില്ലാത്തതുമായി ‘സാർ’ വിളി കേട്ടപ്പോൾ ജഗദീഷ് ബാലഗോപാലിനെ നോക്കി. അവിടെ സീൻ കട്ട്. ഇനി ബാലഗോപാലിന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്ന പഴയ സീനിലേക്ക്... അതു പറഞ്ഞുതുടങ്ങുന്നതു ബാലഗോപാലാണ്. ‘അന്ന് എംജി കോളജിൽ എംകോമിനു ജഗദീഷ് സാർ എന്നെ പഠിപ്പിച്ചിട്ടുണ്ട്.

ഓർക്കുന്നോ?’ഇന്നത്തെ ധനമന്ത്രിയുടെ അന്നത്തെ വിദ്യാർഥിമുഖം അധ്യാപകനായ ജഗദീഷ് ഓർത്തെടുക്കുന്നതാണു പിന്നെ. ഇങ്ങനെയൊരു ക്ലൈമാക്സ് കണ്ട് കൂടെയുണ്ടായിരുന്ന സി.പി.നായർക്കും ചാനൽ പ്രവർത്തകർക്കുമെല്ലാം കൗതുകം. കെ.എൻ.ബാലഗോപാലിനെ എംകോമിനു ബിസിനസ് മാനേജ്മെന്റ് പഠിപ്പിച്ച അധ്യാപകനാണു ജഗദീഷ്.കൊമേഴ്സ് അധ്യാപകനായിരുന്ന നടൻ ജഗദീഷിന് ലോകം മുഴുവൻ തന്റെ പൂർവ വിദ്യാർഥി ബന്ധമുണ്ട്. ഷൂട്ടിങ്ങിനായി ഏതു രാജ്യത്ത് ചെന്നാലും അവിടെയുള്ള പഴയ വിദ്യാർഥികളെല്ലാം വന്നു കാണും. മോഹൻലാലൊക്കെ ഉണ്ടെങ്കിലും ആ വിദ്യാർഥികളുടെ മുന്നിൽ അധ്യാപകനായ ജഗദീഷാണ് സൂപ്പർ സ്റ്റാർ. എൻഎസ്എസിന്റെ വിവിധ കോളജുകളിൽ പഠിപ്പിച്ച് ഒടുവിലാണ് എംജി കോളജിൽ എത്തിയത്. വിദ്യാർഥികൾ എപ്പോഴും ഓർത്തിരിക്കാൻ കാര്യമുണ്ട്.

ക്ലാസിൽ എല്ലാവരും ഉറങ്ങാൻ സാധ്യതയുള്ള അക്കൗണ്ടൻസി ഒക്കെ പഠിപ്പിക്കുമ്പോൾ കഥയും കഥാപാത്രങ്ങളുമൊക്കെ കണ്ടെത്തി സരസമായി അവതരിപ്പിച്ചായിരുന്നു ക്ലാസ്.അച്ഛനും സ്കൂൾ അധ്യാപകനായിരുന്നു. സഹോദരി പ്രഫ.ശാന്താ ദേവി കരമന എൻഎസ്എസ് കോളജ് പ്രിൻസിപ്പലായിരുന്നു. ഭാര്യ പരേതയായ ഡോ.പി.രമ മെഡിക്കൽ കോളജിൽ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്നു.പോസ്റ്റ്മോർട്ടത്തിൽ അതിവിദഗ്ധ. പക്ഷേ, മെഡിക്കൽ വിദ്യാർഥികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ജഡ്ജിമാർ‌ക്കും ഡോ.രമ നല്ലൊരു അധ്യാപികയായിരുന്നു. ഫൊറൻസിക് മെഡിസിനിൽ ഡോ.രമയുടെ ക്ലാസ് ഇൗ വിഭാഗങ്ങൾക്കൊക്കെ മിക്കവാറുമുണ്ടായിരുന്നു.ജഗദീഷിന്റെയും അമ്മയുടെയും വഴിയിലാണു മകൾ ഡോ.രമ്യയും. തമിഴ്നാട് കിൽപാക് ഗവ.മെഡിക്കൽ കോളജിൽ ഫാർമക്കോളജിയിൽ അധ്യാപികയാണ്. മകളും ഇൗ വഴി തിരഞ്ഞെടുത്തതിൽ കുടുംബത്തിന് ഏറെ അഭിമാനം.

ലോകമലയാളികളുടെ സ്വന്തം ‘ശൈലജ ടീച്ചർ’
തിരുവനന്തപുരം∙ അധ്യാപകദിന കുറിപ്പിനെക്കുറിച്ചു സംസാരിക്കാൻ ഫോണിൽ വിളിക്കുമ്പോൾ  വിമാനത്താവളത്തിലാണു ‘ശൈലജ ടീച്ചർ.’ മുൻ മന്ത്രിയും മുൻ അധ്യാപികയുമായ കെ.കെ.ശൈലജ വിശാഖപട്ടണത്തെ ശ്രീപ്രകാശ് വിദ്യാനികേതൻ സ്കൂളിൽ അധ്യാപക ദിനത്തിൽ ക്ലാസെടുക്കാനുള്ള തയാറെടുപ്പിലാണ്. മുൻപൊരു അധ്യാപക ദിനത്തിൽ എ.പി.ജെ.അബ്ദുൽ കലാമിനെയായിരുന്നു ആ സ്കൂളിൽ ക്ലാസെടുക്കാൻ വിളിച്ചത്.‘ജീവിതത്തിലെ ക്രൈസിസ് മാനേജ്മെന്റ്,ഭാവി’ എന്നതാണു ക്ലാസിന്റെ വിഷയം. കോവിഡിനെ കേരളം നേരിട്ടതിനെക്കുറിച്ചാണു ശൈലജ സംസാരിക്കുക.23 വർഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ചാണു പൂർണസമയ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

‘‘മന്ത്രിയായി യാത്ര ചെയ്യുമ്പോഴും റെയിൽവേ സ്റ്റേഷനിലും മറ്റും കണ്ടുമുട്ടുന്നവരിൽ കുറേ പഴയ വിദ്യാർഥികളുണ്ട്. ന്യൂഡൽഹിയിലൊക്കെ ചെല്ലുമ്പോൾ ചില സ്ഥലങ്ങളിൽ ആർമിയുടെയും മറ്റും ഉദ്യോഗസ്ഥരെത്തും. അപ്പോൾ അടുത്തിരിക്കുന്നവരോടു ഞാൻ പറയും. അവർ മന്ത്രിയെ കാണാൻ വന്നതല്ല, പഴയ അധ്യാപികയെ കാണാൻ വന്നതാണ്.ക്ലാസിലെ വിവിധതരം വിദ്യാർഥികളെ ഒരുമിപ്പിച്ചു കൊണ്ടുപോകാനും എല്ലാ വിദ്യാർഥികളുടെയും പ്രശ്നം പരിഹരിച്ചു മുന്നോട്ടുപോകാനും കഴിയുന്നതിലൂടെ ലഭിക്കുന്ന പ്രവൃത്തിപരിചയം ചെറുതല്ല. സമൂഹത്തെക്കുറിച്ചു ബോധ്യമുള്ള ഒരാൾക്കാണ് അധ്യാപകനായി തിളങ്ങാൻ കഴിയുക. ആ ബോധമാണ് എന്നെ നല്ലൊരു ടീച്ചറാക്കിയത്.

കെമിസ്ട്രി അധ്യാപികയാരുന്നെങ്കിലും ഫിസിക്സും രാഷ്ട്രീയ താൽപര്യം വച്ച് ചരിത്രവുമൊക്കെ പഠിപ്പിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയായെത്തിയപ്പോൾ അതൊക്കെ ഗുണമായി. അവിടെ ചർച്ചയ്ക്കു വരുന്ന പല കാര്യങ്ങളെക്കുറിച്ചും പെട്ടെന്ന് മനസ്സിലാക്കാനും അതുവഴി കഴിഞ്ഞു.ക്ലാസെടുക്കും മുൻപ് ആ വിഷയത്തെക്കുറിച്ചു വേണ്ട തയാറെടുപ്പ് നടത്തുമായിരുന്നു. രാഷ്ട്രീയത്തിൽ ഇൗ ശീലം ഒരുപാട് ഗുണം ചെയ്തു. ഏതു വിഷയത്തിലും കിട്ടാവുന്നത്ര വിവരങ്ങൾ തേടി പഠിക്കാൻ സാധിച്ചു’’ ശൈലജ ടീച്ചർ പറഞ്ഞു.2013ൽ വിരമിക്കേണ്ട ശൈലജ ടീച്ചർ 2004ൽ വിആർഎസ് എടുത്ത് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്കിറങ്ങി. ഭർത്താവ് കെ.ഭാസ്കരൻ പ്രഥമാധ്യാപകനായാണു വിരമിച്ചത്.

English Summary:

Actor Jagadish and former minister Shailaja Teacher's teaching career details.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com