മൊയ്തീനെ ഒന്ന് അടങ്ങിയിരിക്കൂ!; ആ ഒറ്റ വാചകത്തിൽ മാറിമറിഞ്ഞ ജീവിതം
Mail This Article
ചില അധ്യാപകരുണ്ട് എത്രനാൾ കഴിഞ്ഞാലും മനസിൽ ആൽമരം പോലെ ഓർമകളുടെ തണൽപരത്തി നിറഞ്ഞുനിൽക്കും. അധ്യാപക ദിനത്തിൽ തന്റെ പ്രിയ അധ്യാപികയെ ഓർമിക്കുകയാണ് മലപ്പുറം മംഗലശേരി ജിഎംഎൽപി സ്കൂൾ അധ്യാപകൻ മൊയ്തീൻ ആമയൂർ.
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണ് പഴമൊഴിയെങ്കിലും കുട്ടികളെ ദിവസവും അഭിമുഖികരിക്കേണ്ടി വരുമ്പോൾ എപ്പോഴും ഒാർക്കാറുണ്ട്. ചില നേരങ്ങളിൽ പഠിപ്പിക്കാൻ നിൽക്കുമ്പോൾ ക്ലാസിലെ കുട്ടികൾ കലപിലയുണ്ടാക്കും. സൈലൻസ് പ്ലീസ്....എന്നു ഉറക്കെ പറയുമ്പോഴും കുട്ടികൾ ഒന്നും നോക്കാതെ പിന്നെയും ശബ്ദമുണ്ടാക്കും. ക്ലാസിൽ ബഹളം വയ്ക്കുന്ന കുട്ടികളോട് ദേഷ്യം തോന്നുമെങ്കിലും അടുത്ത നിമിഷം മനസ് തണുക്കും. പണ്ട് ക്ലാസിൽ ഇതിലും വലിയ ശബ്ദം ഉണ്ടാക്കിയ ഞാനാണോ ന്യൂജെൻ കുട്ടികളോട് മിണ്ടാതിരിക്കാൻ പറയുന്നത് എന്നതോർക്കുമ്പോൾ എട്ടാം ക്ലാസിൽ പഠിപ്പിച്ച ചിത്ര ടീച്ചറെ ഓർമ വരും. കടുകട്ടി വിഷയങ്ങളുടെ ക്ലാസുകളെക്കാൾ എനിക്ക് പ്രിയം ചിത്ര ടീച്ചറുടെ ഡ്രോയിങ് ക്ലാസായിരുന്നു. മറ്റു വിഷയങ്ങളുടെ ക്ലാസിൽ ഇരിക്കുമ്പോൾ അധ്യാപകരുടെ ചോദ്യങ്ങൾ ഏതുനേരത്തും നേരിടേണ്ടി വരാം. എന്നാൽ ഡ്രോയിങ് ക്ലാസിൽ അങ്ങനെയൊരു പതിവില്ല.
ടീച്ചർ വരയ്ക്കുമ്പോൾ അതിനൊപ്പം വരയ്ക്കുക. എത്രയും പെട്ടെന്ന് വരച്ചു ടീച്ചറെ കാണിക്കുക അതായിരുന്നു ഞങ്ങളുടെ പതിവ്. ആഴ്ചയിൽ ഡ്രോയിങ് പിരിഡ് വരാൻ കാത്തിരിക്കും. ചിരിയും കളിയുമായി കൂട്ടുകാരുമായി ഇടപഴകുമ്പോൾ ശബ്ദം സ്വയം നിയന്ത്രിക്കാൻ മറക്കും. അതോ ഡ്രോയിങ് പിരീഡിൽ എങ്ങനെയും പെരുമാറാമെന്നു സ്വയം തീരുമാനിച്ചോ എന്നറിയില്ല. അങ്ങനെ ഒരുദിവസം ക്ലാസ് പുരോഗമിക്കുമ്പോൾ ഞാൻ പരിസരം മറന്ന് സുഹൃത്തുക്കളോട് സംസാരിച്ചു.
സൈലൻസ് പ്ലീസ്...എന്നു ടീച്ചർ പറഞ്ഞാലും പൊതുവേ അധ്യാപകർ പറയുന്നത് കേൾക്കാത്ത ഭാവത്തിൽ കുട്ടികൾ നിലകൊള്ളാറുണ്ടല്ലോ. എന്റെ സംസാരം ഉച്ചസ്ഥായിയിലായപ്പോൾ ടീച്ചർ എന്റെ അടുത്തുവന്നു ചെവിയിൽ പറഞ്ഞു – ‘‘മൊയ്തീനേ ഒന്ന് അടങ്ങിയിരിക്കൂ!’’ എല്ലാവരോടും പറയാതെ എന്നോട് വ്യക്തിപരമായി പറഞ്ഞത് ചെവിയിൽ സൂചികുത്തിയിരിക്കുന്നതു പോലെ തോന്നി. വ്യക്തിപരമായി എന്നോടു പറഞ്ഞത് അനുസരിക്കണമെന്നും എനിക്ക് തോന്നി. അടുത്ത ആഴ്ച ടീച്ചർ ക്ലാസിൽ വന്നപ്പോൾ ഞാൻ മനഃപൂർവം മിണ്ടാതെ ക്ലാസിൽ ഇരുന്നു. ക്ലാസ് കഴിയാറായപ്പോൾ ചിത്ര ടീച്ചർ എന്റെ അടുത്തു വന്നു ചോദിച്ചു – ‘‘മൊയ്തീനെ നിനക്ക് എന്ത് പറ്റി. എന്താ ഒന്നും മിണ്ടാത്തേ!’’ അതോടെ എനിക്ക് ആശ്വാസമായി. ടീച്ചർക്ക് എന്നോട് ദേഷ്യമൊന്നുമില്ലല്ലോ.
പിന്നീട് ടീച്ചറുടെ ക്ലാസിൽ മാത്രമല്ല മറ്റൊരു ക്ലാസിലും ഞാൻ ബഹളം വെച്ചിട്ടില്ല. നാലു മാസം കഴിഞ്ഞപ്പോൾ ടീച്ചർ സ്ഥലം മാറിപോയെങ്കിലും ടീച്ചറിന്റെ ചോദ്യം ചെവിയിൽ മുഴുങ്ങി കൊണ്ടിരുന്നു. ടീച്ചർക്ക് വേണമെങ്കിൽ ക്ലാസിനിടയിൽ എന്നോട് ദേഷ്യപ്പെടാമായിരുന്നിട്ടും വ്യക്തിപരമായി എന്നോട് സംസാരിച്ചത് എന്റെ ജീവിതത്തെ മാറ്റിമറിച്ചു. കാലം എത്ര മാറിയാലും കൂട്ടികളുടെ ജീവിതത്തിൽ സ്വാധീനിക്കാൻ കഴിയുന്നത് അധ്യാപകർക്കാവും. ഒരോ വിദ്യാർഥിയും ഒരോ സ്വഭാവത്തിന് ഉടമയായിരിക്കും. ഒരോരുത്തരും വ്യത്യസ്തർ. അവരോട് വ്യക്തിപരമായി സംസാരിച്ചാൽ സ്വഭാവം മാറ്റിയെടുക്കാൻ ഏത് അധ്യാപകനും അധ്യാപികയ്ക്കും സാധിക്കും.