കൈമാറിയ കൈത്തിരി വെട്ടം; മൂന്നു തലമുറകളായി 35 അധ്യാപകരുടെ വിശേഷങ്ങൾ
Mail This Article
തലമുറകളിൽനിന്നു തലമുറകളിലേക്കു നീളുന്ന മണർകാട്ടെ കരിമ്പനത്തറ വീടിന്റെ സമ്പന്നമായ അധ്യാപക പാരമ്പര്യവിശേഷങ്ങൾ തീർക്കുന്ന ഇത്തിരി അധ്യാപകദിന ചിന്തകൾ... "ഈ ചിത്രം എന്നെ പഴയകാലത്തേക്കു കൊണ്ടുപോകുന്നു.
മിസ്സിസ് പത്രോസ്... വിദ്യാഭ്യാസ വിദഗ്‌ദ്ധ... ധന്യ സമർപ്പിത ജന്മം... എന്റെ ജീവിതം അടിമുടി മാറ്റിയ ആൾ. എന്നിൽ പഠനത്തിന്റെ രസം നിറച്ച, വെറുതെ പഠിക്കാനല്ല ആസ്വദിച്ചു പഠിക്കാൻ പഠിപ്പിച്ച, ചുമതലാബോധത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്ന എന്റെ പ്രിയപ്പെട്ട ടീച്ചർ. ഞാൻ വികാരാധീനയാകുന്നു.
ആ അമ്മയുടെ മകളായ നിങ്ങൾ ഭാഗ്യവതിയാണ്..."
ഒരു പൂർവവിദ്യാർഥി തന്റെ പ്രിയപ്പെട്ട അധ്യാപികയുടെ മകൾക്കെഴുതിയ ഇംഗ്ലിഷ് കുറിപ്പിലെ ഏതാനും വരികളാണിത്. എഴുതിയത് അരനൂറ്റാണ്ടുമുമ്പ് ഡൽഹിയിലെ പ്രശസ്തമായ സ്പ്രിങ് ഡെയിൽസ് സ്കൂളിലെ വിദ്യാർഥിനി കിരൺ കപൂർ. മിസ്സിസ് പത്രോസ് അവരെ സ്കൂളിൽ മുതിർന്ന ക്ലാസ്സിൽ പഠിപ്പിച്ച മിസ്സിസ് മറിയാമ്മ പത്രോസ്. മകൾ സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തകയായ മീന പത്രോസ് എന്ന മറിയം മാത്യു. ഡൽഹിയിലെ ബ്രിട്ടിഷ് ഇന്റർനാഷനൽ സ്കൂളിൽ അധ്യാപികയായി റിട്ടയർ ചെയ്ത കിരൺ കപൂർ അറുപത്താറാം വയസ്സിലും ഡൽഹിയിലെ സജീവ സാമൂഹിക പ്രവർത്തകയാണ്.
കരിമ്പനത്തറ വീട്ടിലെ അഞ്ചൽ മാസ്റ്റർ കെ.കെ. കുര്യന്റെ ആറുമക്കളിൽ മൂന്നാമൻ സ്റ്റേറ്റ് ട്രേഡിങ് കോർപറേഷനിൽ എക്സിക്യൂട്ടീവും മിനറൽസ് ആൻഡ് മെറ്റൽസ് ജനറൽ മാനേജരുമായിരുന്ന കെ പത്രോസിന്റെ ഭാര്യ കുഞ്ഞാനിയാണ് ഈ മിസ്സിസ് പത്രോസ്. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ കുടുംബമായ കരിമ്പനത്തറയിൽ അമ്മയപ്പൻമാർവഴി കഴിഞ്ഞ മൂന്നു തലമുറകളിൽ മുപ്പത്തിയഞ്ച് അധ്യാപകർ. അവിടെ രണ്ടാം അധ്യാപക തലമുറയിൽ മരുമകളായി എത്തിയതാണ് കോട്ടയം പാലാമ്പടം പി.എ. ഇട്ടിയുടെ മകൾ കുഞ്ഞാനി. കുഞ്ഞാനിയുടെ സഹോദരീ ഭർത്താവാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും കേന്ദ്രമന്ത്രിയും തമിഴ്‌നാട് മഹാരാഷ്ട്ര ഗവർണറും ആയിരുന്ന ഡോ. പി.സി. അലക്സാണ്ടർ.
കോട്ടയം സെന്റ് ആൻസ് സ്കൂളിലാണ് അധ്യാപികയായി കുഞ്ഞാനിയുടെ തുടക്കം. ഡൽഹിയിലെ സ്പ്രിങ് ഡെയിൽസ് സ്കൂളിന്റെ ആരംഭം മുതൽ 15 വർഷക്കാലം അധ്യാപിക. ഹെഡ് മിസ്ട്രസായി 1970 ൽ റിട്ടയർ ചെയ്തു. പിന്നീട് ഹൗസ് ഖാസ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് സ്കൂൾ അടക്കം ന്യൂഡൽഹിയിലെ നിരവധി സ്കൂളുകളിൽ പതിറ്റാണ്ടുകൾ അധ്യാപികയായി. 2016 ൽ അമേരിക്കയിലെ കേംബ്രിജിൽ മകനോടൊപ്പം താമസിക്കെ ആയിരുന്നു അന്ത്യം.
കോട്ടയം ചെറിയപള്ളി പരിസരത്തുനിന്നു നട്ടാശ്ശേരിയിൽ താമസമാക്കിയ മാളിയേക്കൽ തേറത്താനത്ത് കുര്യൻ പുന്നന്റെ പുന്നൻ, കുര്യൻ, വറുഗീസ് എന്നീ മൂന്ന് ആൺമക്കളിൽ മണർകാട് കരിമ്പനത്തറയിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയിൽ താമസമാക്കിയ കുര്യന് കുര്യൻ, തോമസ്, പുന്നൻ, മത്തായി ഇങ്ങനെ നാല് ആൺമക്കൾ. ഇവരുടെ സന്തതിപരമ്പരകളാണ് ഇന്നത്തെ കരിമ്പനത്തറ കുടുംബാംഗങ്ങൾ.
കാർഷികവൃത്തിയിൽനിന്നു പഠിപ്പിലേക്കും അതുവഴി മറ്റു തൊഴിലുകളിലേക്കുമുള്ള മണർകാടിന്റെ സാമൂഹികമാറ്റത്തിനു വഴി തുറന്നത് ഏതാനും വിദ്യാലയങ്ങളാണ്. ആ ദേശത്തിന്റെ സാംസ്കാരിക ചരിത്രത്തിനു ദിശാബോധം നൽകിയ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖരാണ് വട്ടപ്പറമ്പിൽ ആർ. രാമൻ പിള്ള എംഎൽസി, വട്ടക്കുന്നേൽ കുര്യാക്കോസ് വല്യച്ചൻ, കളത്തിപ്പടി പൂവക്കുന്നേൽ പി.ഐ. ഇട്ടി എന്നിവർ.
മണർകാട്ടൊരു ഇംഗ്ലിഷ് സ്കൂൾ വട്ടപ്പറമ്പിൽ രാമൻപിള്ളയുടെയും വെട്ടിക്കുന്നേൽ അച്ചന്റെയുമൊക്കെ സ്വപ്നമായിരുന്നു. അച്ചന്റെ വീടിന്റെ എതിർവശത്ത് അതിനായി കെട്ടിടം പണിയുകയും ചെയ്തു. എന്നാൽ റാവു സാഹിബ് ഒ.എം. ചെറിയാന്റെ സ്വാധീനത്തിൽ 1917 ൽ പുതുപ്പള്ളിയിൽ തുടങ്ങിയ ഇംഗ്ലിഷ് സ്കൂൾ 1931 മേയ് 18ന് സെന്റ് ജോർജ് ഹൈസ്കൂളായി.
കണിയാംകുന്നിലെ എൽപി സ്കൂൾ, മണർകാട് കവലയിലെ യുപി സ്കൂൾ ഇവയുടെ തുടക്കത്തിനു പിന്നിൽ വട്ടപ്പറമ്പിൽ രാമൻ പിള്ളയുടെ സംഭാവനകൾ വലുതാണ്. 1902 പള്ളിയങ്കണത്തിൽ ആരംഭിച്ച മണർകാട് എൽപി സ്കൂൾ 1972-ലാണ് ഇന്നു സ്ഥിതിചെയ്യുന്ന കണിയാംകുന്നിൽ പള്ളിവക സ്ഥലത്തേക്കു മാറ്റിയതും ഉടമസ്ഥാവകാശം സർക്കാരിനു കൈമാറിയതും. 913 ൽ തുടങ്ങിയതാണ് മണർകാട് കവലയിലെ സർക്കാർ യുപി സ്കൂൾ. ആദ്യം നാലുവരെ ക്ലാസുകൾ. പിന്നീട് ഏഴാം ക്ലാസുവരെ. അന്നത്തെ അഞ്ചാം ക്ലാസും ഫസ്റ്റ്, സെക്കൻഡ്, തേർഡ് ഫോമുകളും. 1949 മേയ് 30ന് യുപി സ്കൂളായി തുടങ്ങിയതാണ് 1952 ൽ ഹൈസ്കൂൾ ആയ സെന്റ്. മേരിസ് ഹൈസ്കൂൾ. 1928 ൽ കണിയാംകുന്നിൽ സ്ഥലംവാങ്ങി അമ്മയുടെ ഓർമയ്ക്കായി ഇട്ടിസാർ തുടക്കം കുറിച്ച അന്ന മെമ്മോറിയൽ സ്കൂളിന്റെയും (1928), വഴിക്കപ്പുറത്തെ സേതു പാർവ്വതിഭായി മെമ്മോറിയൽ അണ്ടർ ഗ്രാജുവേറ്റ് ട്രെയിനിങ് സ്കൂളിന്റെയും (1930) തുടക്കത്തിനു സർക്കാർ സഹായമെത്തിക്കാൻ ഇട്ടിസാറിനോടൊപ്പം ശ്രീമൂലം പ്രജാസഭാ സാമാജികനായിരുന്ന രാമൻപിള്ളയും ഉണ്ടായിരുന്നു. ട്രെയിനിങ് സ്കൂൾ നിർത്തലാക്കിയപ്പോൾ ഇട്ടി സാറിന്റെ ഭാര്യ ആണ്ടമ്മ ഇട്ടി തുടക്കം കുറിച്ച പി.ഐ. ഇട്ടി മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളും (1982) അന്ന മെമ്മോറിയൽ സ്കൂളും ചേർന്ന് ബഥനി സന്യാസസമൂഹത്തിനു കീഴിൽ 1986 ൽ രൂപം കൊണ്ടതാണ് ഇന്നത്തെ ഇൻഫെന്റ് ജീസസ് ബഥനി കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ. വെട്ടിക്കുന്നേൽ വല്യച്ചന്റെ ബഹുമുഖമായ സംഭാവനകളിൽ പ്രധാനമാണ് 1949 സ്ഥാപിതമായ സെന്റ് മേരീസ് ഹൈസ്കൂൾ. ഈ വിദ്യാലയങ്ങളിൽ പഠിച്ചും പഠിപ്പിച്ചും വളർന്നവരാണ് കരിമ്പനത്തറ വീട്ടിലെ പിന്നീടുള്ള തലമുറകളിലെ ഒട്ടുമിക്ക വിദ്യാസമ്പന്നരും.
കരിമ്പനത്തറ കുര്യൻ കുര്യന്റെ മൂത്തമകൻ കുര്യന് എട്ടു മക്കൾ. കെ.കെ. കുര്യൻ (കുഞ്ഞൂഞ്ഞ്), കെ.കെ. ഏബ്രഹാം, കെ.കെ. തോമസ്(കൊച്ച്), കെ.കെ. പത്രോസ് (കുട്ടി) ഇങ്ങനെ നാല് ആണും ഏലിയാമ്മ, സാറാമ്മ, കെ.കെ. അന്ന (അന്നമ്മ), കെ.കെ. മറിയാമ്മ (കൊച്ചുമറിയാമ്മ) ഇങ്ങനെ നാലുപെണ്ണും. ഇവരിൽ അന്നമ്മയും കൊച്ചുമറിയാമ്മയും തോമസിന്റെ ആദ്യഭാര്യ പാറമ്പുഴ തുരുത്തേൽ വീട്ടിലെ ഏലിയാമ്മയുടെ അകാലമരണത്തെ തുടർന്നു വിവാഹം കഴിച്ച കുഞ്ഞേലി എന്ന കെ.സി. ഏലിയാമ്മയും ടീച്ചർമാർ. ഇവരാണ് ഈ വാധ്യാരുവീട്ടിലെ ആദ്യ അധ്യാപക തലമുറ.
അന്നമ്മ സാറും മറിയാമ്മ സാറും യുപി/എൽപി അധ്യാപകർ. ഇരുവരും ഇട്ടി സാറിന്റെ സ്കൂളിൽനിന്ന് അധ്യാപക ട്രെയിനിങ് കഴിഞ്ഞവർ. ഇരുവർക്കും മുണ്ടും ചട്ടയും കവണിയുമായിരുന്നു വേഷം. അവിവാഹിതയായ അന്നമ്മ സാർ മണർകാട് സർക്കാർ സ്കൂളിൽ അധ്യാപിക. മേക്കാതിൽ വലിയ വട്ടത്തിലുള്ള വാളിക. നീളമുള്ള മുണ്ട് ഉടുത്ത് പിറകുവശത്തു വിശറിപോലെ ഞൊറിഞ്ഞ അടുക്കുമിട്ട് വെള്ളക്കവിണിയുടെ ഒരു തുമ്പു മടിക്കുത്തിൽ കുത്തി ഞൊറിഞ്ഞെടുത്ത നടുഭാഗം ഇടത്തെ തോളിൽ കുത്തിവെച്ചു മറ്റേ തുമ്പു പിറകോട്ടു നീട്ടിയിട്ടു കറുത്ത ശീലക്കുടയും പിടിച്ചു നടന്നു നീങ്ങാറുള്ള അന്നമ്മ സാറിന്റെ രൂപം പഴമക്കാരുടെ പറച്ചിലിലൂടെ മനസ്സിൽ കയറിയതാണ്. പുതുപ്പള്ളി, വെമ്പള്ളി, മണർകാട് സർക്കാർ സ്കൂളുകളിൽ പഠിപ്പിച്ച അഞ്ചേരി മഞ്ഞത്തുരുത്തേലായ കുമ്പളന്തറ എം.എം. പോത്തന്റെ ഭാര്യയായ മറിയാമ്മ സാർ പരിയാരം ഗവ. എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസായാണ് 1963 ൽ വിരമിച്ചത്.
വടക്കേ ഇന്ത്യയിലെ നഴ്സിങ് പഠനം മുടങ്ങി മടങ്ങിയശേഷമായിരുന്നു കെ.സി. ഏലിയാമ്മ അധ്യാപികയാവാൻ തീരുമാനിച്ചത്. മണർകാട് മറ്റക്കണ്ടത്തിൽ അമ്മയുടെ അനുജത്തി കുഞ്ഞമ്മയുടെ വീട്ടിൽ നിന്നായിരുന്നു അതിനുള്ള പഠനം. ആദ്യം ടിടിസി. പിന്നീട് ഹിന്ദി വിദ്വാനും സാഹിത്യവിശാരദും. അധ്യാപികയായി ആദ്യം തിരുവല്ല ബാലികാമഠം സ്കൂളിൽ. കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ പ്രധാനാധ്യാപിക മിസ് ബെഞ്ചമിനോടൊപ്പം അധ്യാപികയായി കഴിഞ്ഞ നല്ല നാളുകൾ. പിന്നീടാണ് താൻ പഠിച്ച പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിൽ, തന്നെ പഠിപ്പിച്ച വട്ടച്ചാണയ്ക്കൽ വി.സി. മാത്യു, എം. ഐപ്പ്, കെ.ടി. സക്കറിയ, പി.സി. ഐപ്പ് അടക്കം നിരവധി അധ്യാപകരോടൊപ്പം കുഞ്ഞേലി സാർ ഹിന്ദി അധ്യാപികയായതും വിവാഹിതയായി കരിമ്പനത്തറ വീട്ടിലെത്തിയതും. 1958 ജൂലൈ 2 നു സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ അവിടെ അധ്യാപികയായിരുന്ന കുഞ്ഞേലി സാർ സറണ്ടർ സ്റ്റാഫിന്റെ പ്രത്യേക പരിഗണനയിൽ അന്നത്തെ മറ്റധ്യാപകരോടൊപ്പം 1975 ൽ റിട്ടയർ ചെയ്യുന്നതുവരെ അതേ സ്‌കുളിൽ തന്നെ അധ്യാപികയായി തുടർന്നു.
സഹാധ്യാപികയും കരിമ്പനത്തറ തറവാട്ടുവീട്ടിലെ വാടകക്കാരിയുമായിരുന്ന എൺപതു പിന്നിട്ട റിട്ടയേഡ് ഡിഇഒ എം.പി. ശോശാമ്മ ടീച്ചർ പ്രിയകൂട്ടുകാരി ഏലിയാമ്മ ടീച്ചറുമൊന്നിച്ച് തനിക്കുണ്ടായിരുന്ന പഴയകാലങ്ങൾ, മുറിയുന്ന ഓർമകൾക്കിടയിൽനിന്നു മുറിയാതെ കോർത്തെടുക്കാറുണ്ട്. താൻ ഒരുങ്ങി എത്തുമ്പോഴേക്കും അലക്കി കഞ്ഞിപ്പശ മുക്കിയുണക്കി, ചിരട്ടക്കരി ഇസ്തിരിപ്പെട്ടികൾ ഇല്ലാഞ്ഞ് മടക്കി കയറുകട്ടിലിൽ പായയ്ക്കടിയിൽവെച്ച് തേച്ചപോലെയാക്കിയ ബോർഡറും മുന്താണിയുമുള്ള ഇളംനിറത്തിലെ ഒറ്റക്കളർ പരുത്തിത്തുണിസാരി ടീച്ചർ വേഗത്തിൽ ഉടുത്തിട്ടുണ്ടാവും. നിന്നുകൊണ്ടു കഴിക്കുന്നതിനിടെ പെട്ടെന്ന് പൊതിച്ചോറും കെട്ടും. പിന്നെ രണ്ടുപേരുംകൂടി കുഴിപ്പുരയിടത്തെ വീട്ടിൽനിന്ന് മണർകാട് കവലവഴി കുമരംകോടു കയറ്റവും കയറി ആകെ വിയർത്ത് ഒറ്റ ഓട്ടം; പുതുപ്പള്ളി കവലയ്ക്കു കിഴക്കുമാറിയുള്ള സ്കൂളിലെ ഓടിട്ട ഇരുനിലമാളികയുടെ രണ്ടാം നിലയിൽ കെട്ടിത്തൂക്കിയ ചേങ്ങലയിൽ സ്കൂൾ ശിപായിമാർ ഇട്ടിയോ കുട്ടിയോ കുട്ടായിയോ തീർക്കുന്ന രണ്ടാം ബെല്ലിനും ഹാജർബുക്കിലെ ചുവന്നവര വീഴുന്നതിനുംമുമ്പ് ക്ലാസിലെത്താൻ.
കുര്യൻ കുര്യന്റെ മൂത്തമകൻ അഞ്ചലാപ്പീസർ കെ.കെ. കുര്യന്റെ ആറുമക്കളിൽ മകളും ഇളയ മകനും നാലു മരുമക്കളും അധ്യാപകർ. മകളും വേളൂർ കൊന്നയിൽ സി.എം. മാത്യുവിന്റെ ഭാര്യയുമായ സാറാമ്മ മാത്യു എന്ന കുഞ്ഞമ്മ, മരുമകളും മൂത്തമകൻ കെ. ജോർജിന്റെ ഭാര്യയുമായ ടി.വി. കുഞ്ഞന്നം ഇവർ സംഗീത അധ്യാപികമാർ. കുഞ്ഞമ്മ മ്യൂസിക് ഹയർ പാസ്സാവുകയും ഫിസിക്കൽ ട്രെയിനിങ് പരിശീലനം നേടുകയും ചെയ്തശേഷം ആലുവ ക്രൈസ്തവ മഹിളാലയത്തിലും തിരുമൂലപുരം ബാലികാമഠം ഗേൾസ് സ്കൂളിലും സംഗീതാധ്യാപിക ആയിരുന്നു. മ്യൂസിക് ഹയർ (സീനിയർ) പാസ്സായ കുഞ്ഞന്നം കുന്നംകുളം എരുമപ്പെട്ടി സ്കൂളിൽ അടക്കം നിരവധി സ്‌കൂളുകളിൽ സംഗീതാധ്യാപിക ആയിരുന്നു. ദീർഘകാലം തൃശൂർ മച്ചാർ ഗവ ഹൈസ്കൂളിൽ. 1966 ൽ റിട്ടയർ ചെയ്തു.
അഞ്ചലാപ്പീസറുടെ മക്കളിൽ അഞ്ചാമൻ മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ സഹവികാരി എബ്രഹാം കോർ എപ്പിസ്കോപ്പയുടെ ബസ്കിയാമ്മയാണ് അധ്യാപികയായ മേരി ഏബ്രഹാം എന്ന മേരിക്കുഞ്ഞ്. ആദ്യം മുട്ടമ്പലം സർക്കാർ എൽപി സ്കൂളിൽ. ദീർഘകാലം മണർകാട് കവലയിലെ സർക്കാർ യുപി സ്കൂളിൽ. കണക്കും മലയാളവും ആയിരുന്നു വിഷയങ്ങൾ. മടക്കുകുട സർവസാധാരണമായ കാലത്തും മടക്കാനാവാത്ത കറുത്ത ശീലക്കുട വലതുകൈയിൽ നൂർത്തുപിടിച്ച് അടുക്കളപ്പണിക്കുശേഷം രാത്രി ഉറക്കമിളച്ചിരുന്നു നോക്കിയ പകർത്തു ബുക്കുകെട്ടും ചോറ്റുപാത്രം നിറച്ച ബാഗും ഇടതുകൈയിൽ നെഞ്ചോടു ചേർത്തുപിടിച്ചു വീട്ടിൽനിന്നു മണർകാട് കവലയിലൂടെ രാവിലെ സ്കൂളിലേക്കും വൈകുന്നേരം തിരിച്ചും നടന്നുമാത്രം പോകുമായിരുന്ന, ഇളംനിറങ്ങളെ സ്നേഹിച്ച തന്റെ മമ്മിയുടെ ചിത്രം താൻ കുഞ്ഞായിരുന്ന കാലത്ത് മമ്മിയോടൊപ്പം ആദ്യമായി ടൂർ പോയപ്പോൾ മധുര മീനാക്ഷി ക്ഷേത്രനടയിൽനിന്നു വാങ്ങിയ വെള്ളിക്കൊലുസുപോലെ മകൾ ഐസിയുടെ ഓർമയിൽ ഇന്നുമുണ്ട്. 1989 മാർച്ച് 31 ന് മേരി സാർ പേരൂർ ഗവ. എൽപിഎസിൽനിന്ന് ഹെഡ്മിസ്ട്രസ് ആയി റിട്ടയർ ചെയ്തു.
അധ്യാപികയും സാമൂഹികപ്രവർത്തകയുമായ ഏലീശ്‌ബാ എബ്രഹാം എന്ന ശേബാ ടീച്ചർ കുര്യൻ കുര്യന്റെ രണ്ടാമത്തെ മകൻ കെ.കെ. എബ്രഹാമിന്റെ മൂത്തപുത്രിയാണ്. പ്രാഥമിക വിദ്യാഭ്യാസം മണർകാട്ടെ സർക്കാർ പെൺപള്ളിക്കൂടത്തിൽ. കോട്ടയം സെന്റ് ആൻസ് ഹൈസ്കൂളിൽ മലയാളം ഹയർ. മണർകാട് ട്രെയിനിങ് സ്കൂളിൽ അധ്യാപക പരിശീലനം പൂർത്തിയാക്കി അന്ന മെമ്മോറിയൽ സ്കൂളിൽ പത്തു രൂപ ശമ്പളത്തിൽ അധ്യാപികയായി. 1953 മുതൽ അഞ്ചര വർഷക്കാലം വരിക്കോലി ഗവൺമെൻറ് എൽപി സ്കൂളിലും രണ്ടു പതിറ്റാണ്ട് മണർകാട് ഗവൺമെന്റ് യുപി സ്കൂളിലും മലയാളം അധ്യാപിക. ഇക്കാലത്ത് സഹപ്രവർത്തകർക്കൊപ്പം ചേർന്ന് നഴ്സറി സ്കൂളും വനിതകൾക്കായി തയ്യൽ ക്ലാസും ഗ്രന്ഥശാലയും തുടങ്ങി. 1977 ൽ പാലാ കരൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രധാനാധ്യാപികയായി. 1979 ജൂണിൽ വിരമിച്ചു. യാക്കോബായ സഭയുടെ മർത്തമറിയം വനിതാ സമാജത്തിന്റെ സെക്രട്ടറി, വനിതാ പ്രസിഡന്റ് എന്നീ പദവികളിലടക്കം നേതൃനിരയിൽ അരനൂറ്റാണ്ടു കാലത്തെ നിസ്വാർഥ സേവനം നടത്തി പരിശുദ്ധ പാത്രിയർക്കീസ് ബാവയിൽനിന്ന് സ്വർണമെഡലും മാർ അപ്രേം ബഹുമതിയും നേടി. മഹിളാസമാജം പ്രസിഡന്റ്, ഗ്രന്ഥശാലാസംഘം ജില്ലാ കൗൺസിൽ അംഗം, മഞ്ഞനിക്കര തീർഥാടകസംഘം ഡപ്യൂട്ടി ലീഡർ എന്നീ നിലകളിലും പ്രവർത്തിച്ചു. 2007 നവംബർ 8 ന് 83 ആം വയസ്സിൽ അവസാനിക്കുംവരെ കർമനിരതമായിരുന്നു ആ സുകൃതജന്മവും.
അഞ്ചലാപ്പീസർ കെ.കെ കുര്യന്റെ ഇളയ മകൻ ഏലിയാസ് കുര്യൻ എന്ന ബേബി സാർ, ഭാര്യ സാറാമ്മ കുര്യൻ, കുഞ്ഞാക്കു-ശോശാമ്മ ദമ്പതികളുടെ ഏക മകനായ കെ.കെ. മത്തായി എന്ന കുഞ്ഞുസാർ, ഭാര്യ എ.ജെ. കുഞ്ഞൂഞ്ഞമ്മ ഇവരാണ് കുടുംബത്തിലെ സുദീർഘമായ അധ്യാപനചരിത്രമുള്ള ദമ്പതികൾ. കുഞ്ഞുസാർ 30 വർഷക്കാലം (തൃശ്ശൂർ സിഎംഎസ്– 1960-64, കുറ്റിക്കൽ സെന്റ് തോമസ്– 1964-90)) എന്നിവിടങ്ങളിൽ അധ്യാപകനും കുറ്റിക്കൽ ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററുമായിരുന്നു. ആളോത്ത് മത്യാസ് ജോസഫിന്റെ മകളായ കുഞ്ഞൂഞ്ഞമ്മ ടീച്ചർ കുറ്റിക്കൽ ഹൈസ്കൂളിൽ അധ്യാപികയും പ്രധാനാധ്യാപികയും ആയിരുന്നു. പുതുപ്പള്ളി അധ്യാപക സഹകരണ ബാങ്ക് പ്രസിഡന്റ്, തേറത്താനം കുടുംബയോഗം സ്ഥാപക സെക്രട്ടറി, മണർകാട് പള്ളി മാനേജിങ് കമ്മിറ്റി അംഗം ഇങ്ങനെ വിവിധങ്ങളാണ് കുഞ്ഞു സാറിന്റെ മറ്റു കർമരംഗങ്ങൾ.
ആലോചിച്ച് അളന്നു തൂക്കി സാവധാനത്തിലുള്ള മത്തായി സാറിന്റെ സംസാരം കുറ്റിക്കൽ സ്കൂളിലെ അധ്യാപകർക്കു സ്കൂളിന്റെ താഴെ വഴിക്കിപ്പുറം ഉള്ള ചെല്ലപ്പന്റെ ചായപ്പീടികയും അവിടുത്തെ കറുകറെക്കരിഞ്ഞ ബോണ്ടയും പോലെ സുപരിചിതമാണ്. രാവിലെതന്നെ ചായപ്പീടികയിലെത്തി ചായയ്ക്കൊപ്പം പതിവായി ഒരു ചെറുപഴവും മത്തായി സാർ കഴിക്കും. പഴം ഇടതുകൈയിൽ തള്ളവിരലിനും ചൂണ്ടുവിരലിനും നടുവിരലിനും ഇടയിൽ പൊക്കിപിടിച്ച് തൊലി മുകളിൽനിന്നു താഴോട്ടു വലതുകൈയിലെ രണ്ടു വിരലുകൾകൊണ്ടു പൊളിച്ച് ഒടിച്ചൊടിച്ചാണ് കഴിക്കുക. ഈ സൂക്ഷ്മപരിശോധന 1964 ജൂൺ 1 നു സ്കൂളിൽ ജോലിയിൽ പ്രവേശിക്കാനെത്തിയ അന്നേ സഹപ്രവർത്തകർ ശ്രദ്ധിച്ചതാണ് എന്നാണ് ആത്മസുഹൃത്തും അധ്യാപകനുമായ സി.എം. മാത്യു സാർ പറയുന്നത്. രാവിലെ ബസ്സിലെത്തി സ്കൂളിൽ കയറി ഹാജർ ബുക്കിൽ ഒപ്പിടുന്നതിനു മുമ്പുതന്നെ ചെല്ലപ്പന്റെ ചായക്കടയിൽ കയറി. ചായക്കൊപ്പം കഴിക്കാനായി ഒരു പഴവും പറഞ്ഞു. പതിയെ തൊലി പൊളിച്ച് ശ്രദ്ധാപൂർവ്വം പഴം ഒടിച്ചു. അതാ അതിൽ ഒരു മൊട്ടുസൂചി. സാവധാനത്തിൽ നിർത്തി നിർത്തി സാർ പറഞ്ഞുവത്രേ, "പഴം പതിയെപ്പതിയെ ഒടിച്ചു കഴിച്ചാൽ ഇങ്ങനെയും പ്രയോജനം ഉണ്ട്..." പിന്നെപ്പിന്നെ എവിടെയായാലും എന്തുചെയ്താലും സാർ അങ്ങനാ. വീട്ടിൽ വെളുത്ത വെട്ടുകോപ്പയിലെ കാപ്പി രണ്ടു കൈകൊണ്ടും വെട്ടിയ കരിക്കുപോലെ പിടിച്ചു കണക്കുസാറിന്റെ കണക്കുബുദ്ധിയിൽ കണ്ട, ചുണ്ടിനും കപ്പിനുമിടയിൽ ആകെയുള്ള ദൂരത്തിന് ഒത്ത നടുക്കൊന്നു നിർത്തി ഒന്നുകൂടി ഉറപ്പുവരുത്തിയിട്ടാണ് ഓരോ കവിളും കുടിക്കുക.
വാധ്യാരുവീട്ടിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആളും അധ്യാപകനും 86 കഴിഞ്ഞ ഏലിയാസ് കുര്യൻ സാറാണ്. മണർകാട് സെന്റ് മേരീസ് ഹൈസ്കൂൾ (1952-66), എത്യോപ്യ വിദ്യാഭ്യാസ വകുപ്പ്, വടവാതൂർ ഗിരിദീപം (1988-94)) എന്നിവിടങ്ങളിൽ 41 വർഷക്കാലം അദ്ദേഹം അധ്യാപകനായിരുന്നു. പാമ്പാടി എംജിഎമ്മിൽ അധ്യാപികയാവുമ്പോൾ സാറാമ്മ കുര്യന് 19 വയസ്സ്. അടുത്ത വർഷം കോട്ടയം സെന്റ് ആൻസിൽ. പിന്നീടാണ് ബേബിസാറിന്റെ ഭാര്യയായി കരിമ്പനത്തറ വീട്ടിലെത്തിയത്. തുടർന്ന് എത്യോപ്യയിലും ഗിരിദീപത്തിലും (1988-2008). അധ്യാപനം തപസ്യയായിരുന്ന സുദീർഘമായ 44 വർഷങ്ങൾ. തങ്ങളുടെ സാർത്ഥകമായ അധ്യാപകജീവിതം ഏറെ അഭിമാനത്തോടെയാണ് ഇരുവരും ഇഴമുറിയാതെ ഓർത്തെടുക്കുന്നത്.
1952 ജൂൺ 2 നു തിങ്കളാഴ്ചയായിരുന്നു പള്ളി സ്കൂളിൽ ബേബിസാറിന്റെ സുദീർഘമായ അധ്യാപക ജീവിതത്തിന്റെ തുടക്കം. അന്ന് 20 വയസ്സ്. ഹെഡ്മാസ്റ്റർ കല്ലുങ്കത്ര കെ.ജെ. പുന്നൻ സാർ, പിന്നെ വെട്ടം തോമസ് സാർ, വെട്ടിക്കുന്നേൽ ജോയ് സാർ, മാത്തുക്കുട്ടി സാർ അങ്ങനെ പലരും. 1950 ൽ ഒന്നിച്ചായിരുന്നു ഒളശ്ശ കളപ്പുരക്കൽ പി.എൻ ചാക്കോ സാറിന്റെയും ഭാര്യ നവമി ടീച്ചറിന്റെയും നിയമനം. നവമി ടീച്ചറായിരുന്നു സ്കൂളിലെ ആദ്യ വനിതാ അധ്യാപിക. സാരിയും ബ്ലൗസും ഇട്ടു സ്കൂളിലെത്തുമായിരുന്ന നവമി ടീച്ചർ വെട്ടിക്കുന്നേൽ അച്ചന്റെ നിർദേശപ്രകാരമാണ് ചട്ടയും മുണ്ടും കവണിയും ചേർന്ന അക്കാലത്തെ തനി അധ്യാപികയുടെ വേഷത്തിലേക്കു മടങ്ങിയതെന്നാണ് ഇവരുടെ പുത്രനും മുതിർന്ന പത്രപ്രവർത്തകനുമായിരുന്ന കെ.സി.വി. ജോർജി പറയുന്നത്. വീടു വാങ്ങുന്നതിനുമുമ്പ് കെ.കെ. പത്രോസിന്റെ കരിമ്പനത്തറ വീട്ടിലും ഇവർ വാടകയ്ക്ക് താമസിച്ചിരുന്നു. പള്ളിസ്കൂളിൽനിന്നാണ് പി.എൻ. ചാക്കോ സാർ സിഎംഎസ് കോളജിൽ അധ്യാപകനായി പോകുന്നത്.
1966 മുതൽ 21 വർഷം ഏലിയാസ് കുര്യനും സാറാമ്മ കുര്യനും എത്യോപ്യയിൽ സർക്കാർ സ്കൂളിൽ. ആദ്യ ആറു വർഷം തലസ്ഥാന നഗരിയായ ആഡീസ് അബാബയിൽനിന്ന് 125 കി.മി. ദൂരെയുള്ള അസെല്ലയിൽ. അവസാന 15 വർഷം ആഡീസ് അബാബയിൽ. സ്കൂളിൽ പ്രിൻസിപ്പലല്ല ഡയറക്ടറാണ്. എത്യോപ്യക്കാരനായ ബിരുദധാരി അലമറു സിയോം ആയിരുന്നു കൂടുതൽക്കാലം ഡയറക്ടർ. പന്ത്രണ്ടാം ക്ലാസുവരെ അമേരിക്കൻ സിസ്റ്റം. ക്ലാസ്സിൽ 40-50 കുട്ടികൾ. പെൺകുട്ടികൾ പൊതുവേ കുറവ്. മുഴുവൻ എത്യോപ്യകാർ. 12 വർഷം ബേബി സാർ കെമിസ്ട്രി വിഭാഗത്തിന്റെയും സാറാമ്മ കുര്യൻ ഫിസിക്സ് വിഭാഗത്തിന്റെയും മേധാവി. മാരാമണിൽ നിന്നുള്ള ഫിസിക്സ് അധ്യാപകൻ ജോർജ് മാത്യുവും ഇംഗ്ലിഷ് അധ്യാപിക ഭാര്യയും. കെമിസ്ട്രിയിൽ മത്തായി മാത്യുവും ബയോളജിക്കാരി ഭാര്യയും. നാട്ടിൽ ഉന്നതവിദ്യാഭാസത്തിനു തടസ്സം ഉണ്ടാകാതിരിക്കാൻ മിക്ക അധ്യാപകരെയുംപോലെ ഇവരും മക്കളായ ബിനുവിനെയും ബിറ്റുവിനെയും പഠിപ്പിച്ചത് അവിടത്തെ ഇന്ത്യൻ സ്കൂളിൽ.
1988 ൽ നാട്ടിൽ തിരികെ എത്തിയശേഷം ഗിരിദീപത്തിൽ തങ്ങൾ പഠിപ്പിച്ചവരിൽ ഏറെയും സമൂഹത്തിലെ ഉന്നതശ്രേണിയിൽ നിന്നുള്ളവരുടെ മക്കളെന്നു ഈ അധ്യാപക ദമ്പതികൾ ഓർക്കുന്നു. വാഹനാപകടത്തിൽ കാൽമുട്ടിൽ പരുക്കേറ്റശേഷവും തന്റെ തലവെട്ടം കണ്ടാൽ വടികുത്തി ചാടി ഏഴുന്നേൽക്കുമായിരുന്ന, എഴുപതു കഴിഞ്ഞ, മണർകാട്ടുകാരുടെ വട്ടമല പപ്പാ എന്ന സഖറിയയെപോലെയുള്ള പൂർവവിദ്യാർഥികൾ തിരികെ നൽകുന്ന സ്നേഹാദരങ്ങളാണ് അധ്യാപകജീവിതത്തിലെ അമൂല്യമായ സമ്പാദ്യമെന്നാണ് ബേബി സാർ കണക്കാക്കുന്നത്.
അന്നമ്മ, കൊച്ചുമറിയാമ്മ, കെ സി ഏലിയാമ്മ... ഈ മൂന്ന് അധ്യാപികമാരിൽ തെളിയുന്നു കരിമ്പനത്തറ വീട്ടിൽനിന്നു നാടിന്റെ നാനായിടങ്ങളിലേക്കു പ്രകാശം പരത്തിയ അറിവിന്റെ അണയാത്ത കൈത്തിരി വെട്ടം. പഴയ തലമുറ കൈമാറിത്തന്ന കെടാത്ത കൈവിളക്കുകൾ കയ്യിൽ ഏന്തിയ സ്‌കൂൾ/കോളേജ് അധ്യാപകർ, അധ്യാപികമാർ, അധ്യാപക ദമ്പതികൾ. കോളേജ് പ്രിൻസിപ്പൽ അടക്കം സ്ഥാപന മേധാവികൾ. നാട്ടിലും മറുനാട്ടിലും അവർ തെളിച്ച അറിവിന്റെ ഉറവകൾ. അതാണ് ഈ വാദ്ധ്യാരുവീട്ടിൽ നിന്നുള്ള തലമുറകളായ പ്രധാന വിശേഷം.
(അന്നമ്മ, കൊച്ചുമറിയാമ്മ എന്നിവരുടെ ഇളയ സഹോദരൻ കോയമ്പത്തൂരിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കെ.കെ. പത്രോസ് കുറച്ചുകാലം ശാസ്‌താംകോട്ടയിൽ അധ്യാപകനായിരുന്നു. എബ്രഹാം കോർ എപ്പിസ്കോപ്പയും വൈദികവൃത്തിയിൽ എത്തുന്നതിനുമുമ്പ് ഇത്തിരിക്കാലം കണിയാംകുന്നിലെ ഇട്ടി സാറിന്റെ സ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനായിരുന്നു).
പുതുകാലം...പുതുവഴികൾ...
ആകെയുള്ള 35 അധ്യാപകരിൽ 31 ഉം അധ്യാപികമാർ. രണ്ടു അധ്യാപക ദമ്പതികൾ. ഏഴു കോളജ് അധ്യാപകർ. കോളേജ് പ്രിൻസിപ്പൽ അടക്കം ഏഴു സ്ഥാപന മേധാവികൾ. മറുനാട്ടിലും തെളിച്ച അറിവിന്റെ ഉറവകൾ. വാധ്യാരുവീട്ടിലെ പുതുതലമുറയിലെ അധ്യാപക വിശേഷങ്ങൾ...
“ഐബിയെ ഞാൻ എങ്ങനാ മറക്കുക...?” മുപ്പത്തിയേഴു വർഷം അധ്യാപികയായിരുന്ന മേരി മാത്യു എന്ന മോളിക്കുട്ടി തന്റെ അധ്യാപക ജീവിതത്തിന്റെ പൊടിപിടിക്കാത്ത ഓർമപ്പുസ്തകത്തിലെ ആദ്യതാളുകളിൽ എത്തി.
1967 ൽ താൻ അധ്യാപകയായി തുടക്കംകുറിച്ച ആലുവാ മഹിളാലയത്തിൽ ഏഴാം ക്ലാസ്സിലെ ഏതാനും ആൺകുട്ടികളിൽ ഒരാളായിരുന്നു ഇട്ട്യാവര ബെഞ്ചമിൻ. യു.സി. കോളേജ് പ്രിൻസിപ്പൽ ബെഞ്ചമിൻ സാറിന്റെ മകൻ. വീട്ടുകാർക്കും കൂട്ടുകാർക്കും അയാൾ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത ഐബി.
വർഷങ്ങൾക്കുശേഷം ഐബി എറണാകുളത്തെ അറിയപ്പെടുന്ന നെഫ്രോളജിസ്റ്റായി. യു.സി. കോളേജ് അധ്യാപകനായ ടീച്ചറിന്റെ ഭർത്താവ് ഡോ കെ വി പൗലോസ് രോഗിയായി ലക്ഷ്മി ഹോസ്പിറ്റൽ ഐസിയുവിൽ കിടക്കുന്നു. രാവേറെയായി. ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് സ്ഥലത്തില്ല. പുറത്തുനിന്നു ഒരു നെഫ്രോളജിസ്റ്റിന്റെ സഹായം തേടാൻ ആശുപത്രി അധികൃതർ അനുമതി നൽകി. ടീച്ചർ പഴയ ഐബിയെ ഓർത്തു. ഫോണിൽ തന്റെ ഭർത്താവിന്റെ പേര് പറഞ്ഞു പരിചയപ്പെടുത്തിയിട്ടു ആവശ്യം പറഞ്ഞു. "മോളിക്കുട്ടികൊച്ചമ്മേ... എന്തിനാ ഇങ്ങനെ ഒരു പരിചയപ്പെടുത്തൽ. കൊച്ചമ്മ അല്ലായിരുന്നോ എന്റെ ഏഴാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ ... ഞാനിതാ എത്തി ..." മേരി മാത്യു ടീച്ചർ മോളിക്കുട്ടി കൊച്ചമ്മയാവുന്നു. ഇട്ടിയവരാ ബെഞ്ചമിൻ ഐബിയാവുന്നു.
മേരി മാത്യുവിന്റെ ഓർമ്മയിൽ മറ്റൊരു വിളികൂടി മുഴങ്ങുന്നുണ്ട്. മൂന്നുവർഷം താൻ പഠിച്ച മണർകാട്ടെ പള്ളി സ്കൂളിന്റെ ഇരുനില മാളികയുടെ വരാന്തയിൽ പച്ച സ്കേർട്ടും ഇറക്കമുള്ള വെള്ള ബ്ലൗസുമിട്ടു രാവിലെ വെറുതെ നിൽക്കുമ്പോഴാകും വെള്ളമുണ്ടും വെള്ള മുറിക്കയ്യൻ ഷർട്ടുമിട്ട് വെട്ടത്തുകവലനിന്നു പച്ച റാലി സൈക്കിളിൽ എത്തുന്ന വെട്ടം തോമസ് സാറിന്റെ "മേരിക്കുട്ടീ ...." എന്ന നീട്ടിയുള്ള വിളി. മോളിക്കുട്ടി കൊച്ചമ്മക്കു ഐബിയെ പോലായിരുന്നു വെട്ടം തോമസ് സാറിനു മേരിക്കുട്ടിയോട് ഉണ്ടായിരുന്ന വാത്സല്യം.
ഇതാണ് തലമുറകളിലേക്ക് പകരുന്ന ഗുരുശിഷ്യ ബന്ധത്തിന്റെ അകലാത്ത ഇഴയടുപ്പം. കരിമ്പനത്തറ വീട്ടിലെ അമ്മവഴിയായ മൂന്നാം അധ്യാപക തലമുറയുടെ പ്രതിനിധിയാണ് ഐബിയുടെ ഈ മോളിക്കുട്ടികൊച്ചമ്മ. മോളിക്കുട്ടി ടീച്ചർ മൂന്നു വർഷം മഹിളാലയത്തിൽ പഠിപ്പിച്ചു. പിന്നെ 34 വർഷം ആലുവ എഫ് എ സി ടി ഹൈസ്കൂൾ അധ്യാപിക. 1998 മുതൽ ആറു വർഷക്കാലം അവിടെ ഹെഡ്മിസ്ട്രസ്.
ഈ വാധ്യാരുവീട്ടിൽ ആകെയുള്ള 35 അധ്യാപകരിൽ നാലുപേരൊഴികെ 31 ഉം അധ്യാപികമാർ. മണർകാട് സെൻറ് മേരിസ് കോളേജ് പ്രിൻസിപ്പലായിരുന്ന (2013-14) ജോർജ് കെ. പീറ്റർ കരിമ്പനത്തറ കെ. കെ. പത്രോസിന്റെ മകനാണ്. ഏലിയാസ് കുര്യൻ, കെ. കെ. മത്തായി ഇവരാണ് രണ്ടു ഹൈസ്കൂൾ അധ്യാപകർ. കലാലയ/സർവകലാശാല വിദ്യാർഥികളെ മത്സരപരീക്ഷകൾക്കു പരിശീലനം നൽകുന്ന വാൾനെറ്റ് എന്ന ന്യൂ ജെൻ വിദ്യാഭ്യാസസ്ഥാപന കോർഡിനേറ്റർ ഗീവർഗീസ് കെ മാത്യൂസാണ് നാലാമൻ. ഗീവർഗീസ് എന്ന ബിനു കുഞ്ഞ്-കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ ഏക മകനാണ്.
പീറ്റർ സാറിന്റെ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതം മണർകാട് കോളേജിന്റെ ആദ്യകാലചരിത്രമാണ്. ഒരു കാലഘട്ടത്തിലെ നഗരഗ്രാമ കലാലയ ജീവിതത്തിന്റെ നേർചിത്രവും. 1981 ൽ കോളേജ് സ്ഥാപിതമാവുന്നു. തുടക്കം മുതൽ സാർ അധ്യാപകൻ. ഒക്ടോബർ 12ന് പ്രീഡിഗ്രി മൂന്നും നാലും ഗ്രൂപ്പു ക്ലാസുകൾ പള്ളി പാരിഷ് ഹാളിലും കണിയാൻകുന്നു കെട്ടിടത്തിലും തുടങ്ങുന്നു. 1983 ൽ ഹരിതാഭമായ മേരിഗിരിയിൽ പ്രധാന കെട്ടിടം യാഥാർഥ്യമാവുന്നു. 1984 ജൂൺ 4 പ്രീഡിഗ്രി ഒന്നും രണ്ടും ഗ്രൂപ്പുകൾ. 1991 ഫസ്റ്റ് ഗ്രേഡ് കോളേജ് ആവുന്നു. 2006 രജതജൂബിലി ആഘോഷങ്ങൾ. 2007 ൽ സാർ ഇംഗ്ലീഷ് വകുപ്പ് മേധാവി (2007-2013). 2011 ൽ വനിതാ ഹോസ്റ്റൽ. പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് നാടിന് ഉന്നതവിദ്യാഭ്യാസത്തിലേക്ക് തുറന്നുകൊടുത്ത വാതായനങ്ങൾ. അത് യാഥാർഥ്യമാക്കിയ സാമൂഹിക പരിവർത്തനങ്ങൾ. കബഡി, ഹാൻഡ്ബോൾ, അക്വാറ്റിക് ചാമ്പ്യൻഷിപ്പുകൾ. മുണ്ടിൽനിന്ന് പാന്റിലേക്ക് മാറിയ കുട്ടികളുടെ വസ്ത്രധാരണം. രൂപം മാറിയ വിദ്യാർഥിസമരങ്ങൾ. ഇങ്ങനെ... ഇങ്ങനെ... കഴിഞ്ഞകാലങ്ങൾ. മഹാത്മാഗാന്ധി സർവകലാശാലാ പരീക്ഷാ ബോർഡ് ചെയർമാൻ ആയിരുന്ന പീറ്റർ സാർ പ്രിൻസിപ്പലായി 2014 ൽ റിട്ടയർ ചെയ്തു. ഇപ്പോൾ കങ്ങഴ പി.ജി.എം കോളേജിൽ അധ്യാപകനാണ്.
വാധ്യാരുവീട്ടിൽ നിരവധി സ്ഥാപനമേധാവികൾ. പ്രിൻസിപ്പൽ ജോർജ് കെ. പീറ്റർ. മഹാത്മാഗാന്ധി സർവ്വകലാശാല പബ്ലിക്കേഷൻസ് ഡയറക്ടർ കുര്യൻ തോമസിന്റെ ഭാര്യ രാജി കുര്യൻ കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പാലാ, പോത്താനിക്കാട്, ഏറ്റുമാനൂർ ജിസിഐകളിൽ 1988 മുതൽ 28 വർഷം അധ്യാപികയും അതിൽ പത്തുവർഷക്കാലം (2006-16) ഗസറ്റഡ് റാങ്കിൽ മേധാവിയും (സൂപ്രണ്ട്) ആയിരുന്നു. മറിയാമ്മ പത്രോസ്, കെ.കെ. മത്തായി, എ.ജെ കുഞ്ഞൂഞ്ഞമ്മ, മോളി മാത്യു എന്നിവർ ഹൈസ്കൂൾ മേധാവികൾ. കൊച്ചുമറിയാമ്മ, മേരി ഏബ്രഹാം, ഏലീശ്ബ എബ്രഹാം ഇവരാണ് കുടുംബത്തിലെ യുപി/എൽപി സ്കൂൾ ഹെഡ്മിസ്ട്രസുമാർ.
വാധ്യാരുവീട്ടിൽ പിഎച്ച്ഡിക്കാരായ രണ്ട് കോളേജ് അധ്യാപികമാർ. കെ ജോർജിന്റെ പുത്രിയും ബാംഗ്ലൂർ ഐസിഐ മുൻ ചീഫ് പേർസണൽ മാനേജർ കുന്നംകുളം കല്ലറക്കൽ കെ. എം. മാത്യുവിന്റെ ഭാര്യയുമായ ഡോ മേരി മാത്യു 1973 ൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽനിന്നാണ് ഹിന്ദിയിൽ പിഎച്ച്ഡി നേടിയത്. കോട്ടയം ബസേലിയസ് (1969), പത്തനംതിട്ട കാതോലിക്കേറ്റ് (1970), ബാംഗ്ലൂർ സെൻറ് ആൻസ് (1971-2001) എന്നിവിടങ്ങളിൽ ഹിന്ദി അധ്യാപികയായിരുന്ന ഡോ മേരി മാത്യു ഇപ്പോൾ ബോംബയിൽ മകളോടൊപ്പം വിശ്രമജീവിതം നയിക്കുന്നു.
അധ്യാപികയായി കോട്ടയം ബസേലിയസ് കോളേജിൽ ആദ്യദിവസം പ്രീഡിഗ്രി ക്ലാസ്സിലെത്തിയ മേരിക്കുട്ടി ടീച്ചറെ ഒന്നു വിരട്ടാൻ വിദ്യാർഥികൾ തീരുമാനിച്ചു. നേതാവ് ബാബു പുന്നൂസ്. എന്നാൽ നേതാവിനെത്തന്നെ ക്ലാസ്സിനു പുറത്തുനിർത്തിയാണ് പുതിയ ടീച്ചർ പ്രതികരിച്ചത്. വൈകുന്നേരം തിരിച്ച്ു മണർകാട്ടെ വീട്ടിലെത്തിയപ്പോഴാണ് പുറത്താക്കിയ വിദ്യാർഥിയുമായി തനിക്കുള്ള ബന്ധം ടീച്ചർ തിരിച്ചറിയുന്നത്. വല്യവല്യപ്പന്മാർ സഹോദരങ്ങൾ. ബാബു പുന്നൂസ് തന്റെ സഹോദരൻ. റെയിൽവേ ഉദ്യോഗസ്ഥനായ പിതാവിനോടൊപ്പം ബാല്യകൗമാരങ്ങൾ മറ്റിടങ്ങളിൽമാത്രം ജീവിച്ച മേരിക്കുട്ടി അധ്യാപികയായ ശേഷമാണ് ഐരാറ്റുനടയിലെ പിതൃഭവനത്തിൽ താമസിക്കാൻ എത്തിയത്. കുഴിപ്പുരയിടത്തെ സ്വന്തം വീടുകളും വീട്ടുകാരുമെല്ലാം കേട്ടറിവുകൾ. വല്യമ്മ മറിയാമ്മ കൊച്ചുമകളെയുംകൂട്ടി കുഴിപ്പുരയിടത്തെ വീടുകളിൽ കൊണ്ടുപോയി പരിചയപ്പെടുത്തി. ബാബുവിന്റെ വലിയമ്മയുമായി സംസാരിച്ചു കേസും തീർപ്പാക്കി. ബാബു തോമസ് പിന്നീട് ബഹറിനിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉദ്യോഗസ്ഥനായി. ബാംഗ്ലൂരിൽ ഫ്ലാറ്റും നാട്ടിലെത്തുമ്പോൾ അവിടെ ഇടയ്ക്ക് താമസവും തുടങ്ങി. മേരിക്കുട്ടി ബാംഗ്ലൂരിൽ കോളേജ് അധ്യാപികയുമായി. ഒത്തുകൂടുമ്പോൾ ഇരുവരും ഇക്കഥ ഓർത്തെടുക്കാറുണ്ട്.
കേരള സർവ്വകലാശാലയിൽനിന്നു 1985 ൽ സിന്തറ്റിക് ഓർഗാനിക് കെമിസ്ട്രയിൽ പിഎച്ച്ഡി നേടിയ ഡോ. സാറ ചിറയിൽ കൊച്ച്-കുഞ്ഞേലി ദമ്പതികളുടെ പുത്രിയും അമേരിക്കയിൽ ടെക്സാസ് ഇൻസ്ട്രമെൻറ് മുൻ ഉദ്യോഗസ്ഥൻ വൈക്കം അക്കരപ്പാടം രാജൻ ചിറയിലിന്റെ ഭാര്യയുമാണ്. ചിറ്റൂർ ഗവൺമെൻറ് കോളേജ് (1982-83), എറണാകുളം മഹാരാജാസ് (1983-84), ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ്, ടെക്‌സാസ് എ ആൻഡ് എം യൂണിവേഴ്‌സിററി എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു ഡോ സാറാ. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ സിന്തറ്റിക് ഓർഗാനിക് കെമിസ്ട്രിയിൽ പ്രൊഫ റാൻഡോൾഫ് തമ്മലിനുകീഴിൽ അഞ്ചു വർഷത്തെ പോസ്റ്റ് ഡോക്ടറേറ്റ്. ടെക്‌സാസ് യുടി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിൽ 12 വർഷം ഡോ കെവിൻ ലൂബെക്കിനും കഴിഞ്ഞ അഞ്ചു വർഷം ഡയറക്ടർ ഡോ. ഡീൻ ഷെറിക്കും ഒപ്പം ഗവേഷണം. 25 ഗവേഷണ പ്രബന്ധങ്ങൾ. ഒരു അന്തർദേശിയ പേറ്റൻറ്. പ്രസിദ്ധീകരണം കാത്തിരിക്കുന്ന പ്രബന്ധങ്ങളും പേറ്റന്റുകളും. അങ്ങനെ അറുപത്തിമൂന്നാം വയസ്സിലും തുടരുന്ന ഗവേഷണസപര്യ.
ജോർജ് കെ. പീറ്റർ, 28 വർഷം സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ അധ്യാപികയായി വിരമിച്ചശേഷം കോളേജ് അധ്യാപികയായ രാജി കുര്യൻ (എം.ഇ.എസ് ഗോൾഡൻ ജൂബിലി, ബേക്കർ കോളേജ് ഫോർ വിമൻ), പീറ്റർ സാറിന്റെ മകളും ഉഴവൂർ ഗവ ഹോസ്പിറ്റൽ അനസ്‌തിസിസ്റ്റ് ഒറവക്കൽ ഡോ ഐസക് ജോർജ് ഉള്ളാട്ടിലിന്റെ ഭാര്യയുമായ നമിത ജോർജ് (പാമ്പാടി കെ.ജി കോളേജ്), എലിയാസ് കുര്യന്റെ മകൻ മുത്തൂറ്റ് ക്യാപിറ്റൽ സർവീസ് സെയിൽസ് അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് കോര ഏലിയാസിന്റെ(ബിറ്റു) ഭാര്യ ഷെറിൻ കോര (കോഴിക്കോട് പി.വി.എസ് നഴ്സിങ് കോളേജ്, തിരുവല്ല ബിലീവേഴ്‌സ് ചർച്ച് നഴ്സിങ്), കുര്യൻ തോമസ്-രാജി കുര്യൻ ദമ്പതികളുടെ പുത്രി ആർക്കിടെക്ട് മീര എലിസബത്ത് (കൊല്ലം ബിഷപ്പ് ജെറോം സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ) ഇവരാണ് കരിമ്പനത്തറവീട്ടിലെ ഇപ്പോഴുള്ള മറ്റ് അഞ്ച് കോളേജ് അധ്യാപകർ.
വാധ്യാരുവീട്ടിൽ 14 ഹൈസ്കൂൾ/ഹയർസെക്കൻഡറി അധ്യാപകർ. ഒന്നാം തലമുറയിൽ കെ.സി ഏലിയാമ്മ. രണ്ടാമത്തെ തലമുറയിൽ ടി.വി. കുഞ്ഞന്നം, ഏലിയാസ് കുര്യൻ, ഭാര്യ സാറാമ്മ കുര്യൻ എന്നിവർക്കൊപ്പം കെ.കെ. തോമസ്-ഏലിയാമ്മ (തുരുത്തേൽ) ദമ്പതികളുടെ മകളും സീനിയർ ജേർണലിസ്റ്റ് പള്ളം വേണാട്ടുകളത്തിൽ പി.ജെ. കുറിയാക്കോസിന്റെ ഭാര്യ കൊച്ചുടീച്ചറെന്ന അന്നമ്മ തോമസ് (മണർകാട് സെൻറ് മേരിസ്), കെ.എം. അബ്രഹാമിന്റെ മകളും കുവൈറ്റിൽ ഉദ്യോഗസ്ഥനായിരുന്ന മത്തായി മാത്യുവിന്റെ ഭാര്യയുമായ സൂസമ്മ എബ്രഹാമും (കുറ്റിക്കൽ സെൻറ് തോമസ്).
സാറാമ്മ മാത്യുവിന്റെ മകളും അഹമ്മദാബാദ് ഒഎൻജിസി ഫിനാൻസ് മാനേജർ വേളൂർ എരുത്തിക്കൽ ജോൺസൺ മാണിയുടെ ഭാര്യയുമായ ആനിയമ്മ ജോൺസൺ (അഹമ്മദാബാദ് പ്രകാശ് ഹയർ സെക്കൻഡറി, ഏഷ്യ ഇംഗ്ലീഷ് സ്കൂൾ) കെ കെ ജോർജിന്റെ മകളും ഇഞ്ചക്കലോടി പി.കെ. മാമന്റെ ഭാര്യയും ദീർഘകാലം ആഫ്രിക്കയിലും മാലിദ്വീപിലും അധ്യാപികയുമായിരുന്ന സുസി മാമ്മൻ എന്ന സൂസിക്കുട്ടി, എയർ ഇന്ത്യ, ഗൾഫ് എയർ സീനിയർ ഓഫീസറായിരുന്ന രഞ്ജി തോമസിന്റെ ഭാര്യ സൂസൻ രഞ്ജി (ചോറ്റാനിക്കര ഗ്ലോബൽ പബ്ലിക് സ്കൂളിലും വിവിധ മെട്രോ നഗര സ്കൂളുകളിലും), എബ്രഹാം കോർ എപ്പിസ്കോപ്പയുടെ മകളും കാരാപ്പുഴ കൊല്ലപറമ്പിൽ ചാർട്ടേർഡ് അക്കൗണ്ടൻറ് റോയ് മാത്യുവിന്റെ ഭാര്യയുമായ ലിസ റോയി (മരിയൻ സീനിയർ സെക്കൻഡറി, മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ലൈബ്രറി കോ ഓർഡിനേറ്റർ), കാത്തലിക് ബാങ്ക് ഡിജിഎം ബിനു എന്ന കുരിയൻ ഏലിയാസിന്റെ ഭാര്യ ഷൈനി കെ എബ്രഹാം (മണർകാട് സെൻറ് മേരീസ് ഹയർ സെക്കൻഡറി), കുവൈറ്റിൽ അൽഗാറിം ഇൻറർനാഷണൽ എച്ച് ആർ പേ റോൾ ഓഫീസറായിരുന്ന രാജൻ കുര്യൻറെ ഭാര്യ എൽസി രാജൻ (കോഴിക്കോട് ഫറൂഖ് ഗണപതി യു പി, കൊടുവള്ളി ഗവ ഹയർ സെക്കൻഡറി, കുവൈറ്റ് ഗൾഫ് ഇന്ത്യ സ്കൂൾ), കൊച്ചുടീച്ചറിന്റെ മകൾ വാകത്താനം വാക്കയിൽ സോഫ്റ്റ് വെയർ എൻജിനീയർ സഖറിയാ കുര്യന്റെ ഭാര്യ ജ്യോതി കുര്യാക്കോസ് (സെൻറ് മേരീസ് ഹയർ സെക്കൻഡറി), എബ്രഹാം തമ്പിയുടെ മകളും ബിസിനസ്സുകാരൻ മറ്റകണ്ടത്തിൽ ചിന്തു വറുഗീസിൻറെ ഭാര്യയുമായ നീതു എബ്രഹാം (ഗിരിദീപം ബഥനി) ഇങ്ങനെ മൂന്നാം അധ്യാപക തലമുറയിൽ എട്ടുപേരും.
കെ എം അബ്രഹാമിന്റെ മകളും വെള്ളുർ കൊല്ലേട്ട് കുരുവിള ഈപ്പന്റെ ഭാര്യയുമായ കെ.എ മേരിക്കുട്ടി പാൽക്കുളങ്ങര സർക്കാർ എൽ.പി സ്കൂളിൽ തുടങ്ങി 35 വർഷത്തെ അധ്യാപക ജീവിതത്തിനുശേഷം വെള്ളൂർ സർക്കാർ എൽ.പി സ്കൂളിൽ നിന്നുമാണ് വിരമിച്ചത്.
വിദ്യാഭാസ പ്രവർത്തകർക്കായി ഡൽഹില്ലിയിലും ബാംഗ്ളൂരിലും പരിശീലന കൗൺസിലിങ് പരിപാടികളിലും ദീപാലയ എന്ന സന്നദ്ധസംഘടനയിലൂടെ വിദ്യാഭാസ സേവനങ്ങളിലും കർമ്മനിരതയായ വിദ്യാഭ്യാസത്തിൽ മാസ്റ്റർ ബിരുദധാരി മീന പത്രോസ് എന്ന മറിയം മാത്യു, ഗീവറുഗീസ് കെ മാത്യു, അദ്ദേഹത്തോടൊപ്പം ട്രെയ്നറായി തുടക്കം കുറിച്ച ഭാര്യ ശിൽപ്പ ഗീവറുഗീസ് ഇവരാണ് കുടുംബത്തിലെ മൂന്ന് വിദ്യാഭാസ പരിശീലകർ. മൗണ്ട് കാർമേൽ നഴ്സറി സ്കൂൾ അധ്യാപികയായിരുന്ന കഞ്ഞിക്കുഴി തോപ്പിൽ സാമിന്റെ ഭാര്യ ഷീല സാം നട്ടാശേരി കരിമ്പനത്തറയിൽ കെ എ തോമസിന്റെ മകളാണ്.
മറിയാമ്മ പത്രോസ് (കോട്ടയം, ന്യൂഡൽഹി), ഏലിയാസ് കുര്യൻ (മണർകാട്, എത്യോപ്യ, കളത്തിപ്പടി), ഭാര്യ സാറാമ്മ കുര്യൻ (പാമ്പാടി, കോട്ടയം, എത്യോപ്യ, കളത്തിപ്പടി), ആനിയമ്മ ജോൺസൺ (അഹമ്മദാബാദ്), ഡോ മേരി മാത്യു (കോട്ടയം, പത്തനംതിട്ട, ബാംഗ്ലൂർ), സൂസി മാമൻ (ആഫ്രിക്ക, മാലിദ്വീപ്), മീനാ പത്രോസ് (ന്യു ഡൽഹി, ബാംഗ്ലൂർ), ഡോ സാറാ ചിറയിൽ (ചിറ്റൂർ, എറണാകുളം, ടെക്‌സാസ്), എൽസി രാജൻ (കോഴിക്കോട്, കുവൈറ്റ്) ഇവർ നാട്ടിൽ മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ വൻകരകളിലെ വിവിധ രാജ്യങ്ങളിലും അറിവിന്റെ വെളിച്ചം തെളിച്ചവരും പകർന്നവരുമാണ്.
വാധ്യാരുവീട്ടിൽ എല്ലാ തലമുറയിലുമുണ്ട് അധ്യാപക സഹോദരികൾ. ഒന്നാം അധ്യാപക തലമുറയിൽ അന്നമ്മയും കൊച്ചുമറിയാമ്മയും. മേരിക്കുട്ടിയും സൂസമ്മ എബ്രഹാമെന്ന സൂസിക്കുട്ടിയും രണ്ടാം തലമുറയിൽ. സാറാമ്മ മാത്യുവിന്റെ മക്കൾ ആനിയമ്മയും മോളിക്കുട്ടിയും കെ ജോർജിന്റെ മക്കൾ ഡോ മേരി മാത്യുവും സുസി മാമ്മൻ എന്ന സൂസിക്കുട്ടിയുമാണ് മൂന്നാം തലമുറയിലെ അധ്യാപക സഹോദരികൾ.
വാധ്യാരുവീട്ടിലെ ചിലരെങ്കിലും അക്ബർ കക്കട്ടിൽ മാഷിന്റെ കഥകളിലെ ജീവിതചിത്രങ്ങൾ പോലെ വായനയുടെയും കാഴ്ചയുടെയും ലോകത്തുനിന്നു ചില മറക്കാനാവാത്ത മുഖങ്ങളെ ഓർമയിൽ എത്തിക്കുന്നു. കാരൂർ നീലകണ്ഠപ്പിള്ളയുടെ പൊതിച്ചോറിലെ പ്രധാനാധ്യാപകൻ, തെത്സുകോ കുറോയാനഗി തീർത്ത ടോട്ടോചാൻ എന്ന പെൺകുട്ടിയുടെ കൊബായാഷി എന്ന പ്രധാന അധ്യാപകന്റെ പ്രതിഭാസമ്പന്നതയും പഠനരീതികളും, ഉമ്മാച്ചുവിലെ ചിന്നമ്മു, ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയുടെ ഏക അധ്യാപക വിദ്യാലയം, 101 ചോദ്യങ്ങളിലെ മുകുന്ദൻ മാഷ്, അധ്യാപിക സിനിമയിൽ രാഗിണി അവിസ്മരണീയമാക്കിയ സാറാമ്മ ടീച്ചർ, എഴുതാപ്പുറങ്ങൾ, നമ്മൾ ഈ സിനിമകളിലെ സുഹാസിനി– ഇവരിൽ പലരെയും പുതിയരൂപങ്ങളിൽ വാധ്യാരുവീട്ടിലും കാണാം.
നാട്ടിലും വീട്ടിലും മാറ്റക്കാഴ്ചകൾ മിന്നിമറഞ്ഞ നൂറ്റി ഇരുപത്തഞ്ചോളം വർഷങ്ങൾ. സ്ലേറ്റും കല്ലുപെൻസിലും സ്ലേറ്റുതുടയ്ക്കാൻ കോലുമഷിത്തണ്ടും മുക്കിയെഴുതാൻ മഷിഗുളിക കൊണ്ടുണ്ടാക്കുന്ന കലക്കുമഷി നിറച്ച മഷിക്കുപ്പികളും. ഹൈസ്കൂളിലും മിഡിൽ സ്കൂളിലും ഉണ്ടായിരുന്ന ഫീസ്... കണ്മറഞ്ഞവ ഇങ്ങനെ നീളുന്നു. തൊണ്ടുകൾ ചരൽ വഴികളായും ചരൽ വഴികൾ നാട്ടുവഴികളായും പിന്നെ ടാറിട്ട റോഡുകളായും മാറി. മണ്ണെണ്ണ വിളക്കുകൾ വൈദ്യുതദീപങ്ങൾക്കു വഴിമാറിത്തുടങ്ങി. പനയോല മേഞ്ഞ മേൽക്കൂരയ്ക്കു കീഴിലെ പരമ്പുമറകൾ അതിരുതീർത്ത ക്ലാസ് മുറികൾ ഓടിട്ട ഒറ്റമുറി കെട്ടിടത്തിലെ പലകമറ പകുത്തു വളർന്ന കാലം. തല്ലിന്റെ ഓർമകൾ തൊലി കളഞ്ഞ പാണക്കമ്പുകളിൽനിന്ന് ചൂരലിലേക്ക് പടർന്നു.
പരിവർത്തനങ്ങൾ പാഠശാലകളിലും കാലത്തിനൊപ്പം കടന്നുവന്നു. ടെർലിൻ ഷർട്ടുകളുടെ പരിഷ്കാര പാച്ചിലിൽ പിന്തള്ളപ്പെട്ട പരുത്തിതുണികൾ വിലകൂടിയ വിദേശലേബലുള്ള കോട്ടൻ ഉടുപ്പുകളായി തിരികെയെത്തി. ചോക്കുപെട്ടികൾ മാർക്കർ പെന്നുകൾക്ക് വഴിമാറി. ചരിഞ്ഞ സ്റ്റാൻഡിലെ കറുത്ത ബോർഡുകൾ ഭിത്തികളിൽ ഉറപ്പിച്ചു വെളുത്തു. ഇരട്ടവരയും നാലുവരയുമിട്ട പകർത്തു ബുക്കുകളും രചനാബുക്കുകളും പാഠശാലകളിൽനിന്നു പടിയിറങ്ങി. നോട്ടുബുക്കിന്റെയും പാഠപുസ്തകങ്ങളുടെയും മാർജിനിൽ പെൻസിൽ കൊണ്ടെഴുതിയ H.W. നു പകരമെത്തിയ സ്കൂൾ ഡയറികൾക്കൊപ്പം വാട്സ്ആപ്പ് സന്ദേശങ്ങളും ഗൃഹപാഠങ്ങൾ ഓർമ്മിപ്പിച്ചു. ക്ലാസ് മുറികൾക്കൊപ്പം ക്ലാസ്സും സ്മാർട്ടായി. പഴയ ഇംഗ്ലിഷ് അധ്യാപിക പറയുംപോലെ, "ഗ്രാമർ ക്ലാസ്സുകൾ ഇല്ലാതായി. ഗ്രാമർ സാഹചര്യങ്ങൾക്കനുസരിച്ച് കുട്ടികൾക്ക് അതതു സന്ദർഭങ്ങളിൽ പറഞ്ഞു കൊടുക്കുന്ന സിറ്റുവേഷൻ ഗ്രാമറായി മാറി..."
ഏലിയാസ് കുര്യൻ സാറും മത്തായി സാറും പീറ്റർ സാറും ഒക്കെ വിളികളിൽ സാർ ആയിത്തന്നെ നിലനിന്നു. കുഞ്ഞേലി സാറും ശേബാ സാറും ഒക്കെ ഏലിയാമ്മ ടീച്ചറും ശേബാ ടീച്ചറുമായി. ടീച്ചർ വിളികൾ മിസ്സും പിന്നീട് മാമുമായി. പുതുമുറക്കാർക്കൊപ്പം കൊച്ചു മക്കളുമായി പൂർവ്വ വിദ്യാർഥികൾ ചേർത്ത വാട്സാപ്പ് ഗ്രൂപ്പുകളിലെ പോസ്റ്റും ട്രോളും ടിക് ടോക്കും കണ്ടും കേട്ടും സംതൃപ്തിയോടെ കഴിയുകയാണ് വാധ്യാരുവീട്ടിലെ പഴയ തലമുറക്കാരിൽ പലരും.
(അധ്യാപക സഹോദരികൾ ആനിയമ്മക്കും മോളിക്കുട്ടിക്കും കൊച്ചുടീച്ചറിന്റെ മകൾ ജ്യോതിക്കും കരിമ്പനത്തറ അമ്മവീടാണ്. വാധ്യാരുവീട്ടിലെ വിശേഷങ്ങൾ പിതൃതാവഴി മാത്രമല്ല തായ്‌വഴിയുമാണ്.)