ADVERTISEMENT

ഒന്നാം ക്ലാസ് പ്രവേശനത്തിന് പിതാവ് കുന്നപ്പള്ളി ജോസഫിനൊപ്പം പോയ ‘ബിജു’ തിരികെ വീട്ടിലെത്തിയത് പുതിയ പേരുമായിട്ടാണ് – ടോം! മുൻ ഇന്ത്യൻ വോളിബോൾ താരം ടോം ജോസഫ് തന്റെ പേരുമാറ്റത്തിന്റെ കഥയും കായികരംഗത്തേക്കു ജീവിതം വഴിതിരിച്ചു വിട്ട അധ്യാപകരെയും അധ്യാപക ദിനത്തിൽ ഓർമിക്കുന്നു.

കോഴിക്കോട് തൊട്ടിൽപാലത്തിനു സമീപം വയനാട് ചുരത്തിലുള്ള പൂതംപാറ എന്ന ഗ്രാമത്തിലെ സെന്റ് ജോസഫ് എൽപി സ്കൂളിലായിരുന്നു നാലാം വയസിൽ എന്നെ ചേർത്തത്. മലയോര ഗ്രാമമായതിനാൽ കുട്ടികളെ സ്കൂളിൽ നേരത്തെ തന്നെ ചേർക്കുന്ന പതിവുണ്ടായിരുന്നു. നഴ്സറി കാലഘട്ടമെന്ന് വിശേഷിപ്പിക്കാമെങ്കിലും അക്ഷരങ്ങളോടൊപ്പം അന്നത്തെ കളികളും കൂട്ടുകാരുമാണ് ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നത്. അങ്ങനെ അഞ്ചു വയസായപ്പോൾ ഒന്നാം ക്ലാസിൽ ചേർക്കാൻ അപ്പൻ കുന്നപ്പള്ളി ജോസഫിനോടൊപ്പം ഹെഡ്മിസ്ട്രസിന്റെ മുൻപിലെത്തി. ഒന്നാം ക്ലാസിൽ ചേരാൻ പുതിയൊരു പേരു വേണമെന്ന് ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ ടീച്ചർ പറഞ്ഞപ്പോൾ അപ്പനു ആകെ ആശയക്കുഴപ്പമായി. സ്കൂൾ റജിസ്റ്ററിലെ പേരിനു നേരേയുള്ള കളത്തിൽ പേന തൊട്ടുകാത്തിരിക്കുന്ന ടീച്ചറും അപ്പനും ഞാനും മുഖത്തോട് മുഖം നോക്കി.

എന്തു പേരിടണമെന്ന് ആലോചിച്ചു നിൽക്കുമ്പോൾ ടീച്ചറിന്റെ അടുത്ത ചോദ്യം – ‘‘പള്ളിയിൽ എന്ത് പേരാണിട്ടിരിക്കുന്നത്?’’ 
‘‘തോമസ്...’’ എന്ന അപ്പന്റെ മറുപടിയിൽ ത്രേസ്യാമ്മ ടീച്ചർ പേരിന്റെ പ്രശ്നം പരിഹരിച്ചു.
‘‘ടോം ജോസഫ് എന്നു വിളിക്കാം’’
കേട്ടപ്പോൾ എനിക്കും അപ്പനും സമ്മതം. അങ്ങനെ ‘ബിജു’ എന്ന പേര് ‘ടോം’ ആയി മാറി. അങ്ങനെ സ്കൂൾ റജിസ്റ്ററിൽ ടോം ജോസഫ് എന്ന പേര് എഴുതുന്നത് കൗതുകത്തോടെ അപ്പനും ഞാനും നോക്കി നിന്നു.

അഞ്ചാം ക്ലാസിൽ പൂതംപാറയിൽനിന്നു ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറി. മൂന്ന് കിലോമീറ്റർ നടന്നാണ് സ്കൂളിൽ പോയിരുന്നത്. കൂട്ടംകൂട്ടമായി പിളേളർസെറ്റ് കലപില കൂട്ടി ജാഥയായിട്ടാണ് പോക്ക്. വീട്ടിൽനിന്ന് എത്ര നേരത്തേയിറങ്ങിയാലും ഒന്നാം ബെല്ലടിക്കുന്ന കൃത്യസമയത്തായിരിക്കും സ്കൂളിലെത്തുക. ചില ദിവസങ്ങളിൽ ഏതെങ്കിലും ജീപ്പുകാർ ലിഫ്റ്റ് തന്നാൽ ജീപ്പിന്റെ പിന്നിൽ സ്റ്റെപ്പിനി ടയറോട് ചേർന്നൊരു നിൽപ്പുണ്ട്. അന്നേരം ലോകം മുഴുവൻ കീഴടക്കിയതു പോലെ തോന്നും.


കായിക അധ്യാപകൻ കുമാരൻ മാഷ് ആയിരുന്നു എന്റെ ആദ്യ ഗുരു. മലമ്പ്രദേശത്ത് സ്ഥലപരിമിതിയുള്ളത് കൊണ്ട് ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ കളിക്കാൻ അവസരമുണ്ടായില്ല. സ്കൂളിനു ചുറ്റും ഒാടിച്ചാണ് കുമാരൻ മാഷ് ഞങ്ങളെ പരിശീലിപ്പിച്ചത്. അങ്ങനെ ജില്ലാതല മൽസരത്തിൽ ഒാട്ടത്തിനാണ് ഞാൻ ആദ്യമായി ചേർന്നത്. ആദ്യ മൽസരത്തിൽ തന്നെ ഒന്നാം സ്ഥാനം നേടിയത് ആത്മവിശ്വാസം നൽകി. അത്‌ലറ്റിക് മൽസരങ്ങൾക്കായി ഞങ്ങളെ കൊണ്ടു പോയിരുന്നത് ജാൻസി ടീച്ചറും ഓമന ടീച്ചറും ആയിരുന്നു.

ലോങ് ജംപിനും റിലേയ്ക്കുമെല്ലാം രണ്ടു മൂന്നും സ്ഥാനങ്ങൾ കിട്ടിയതോടെ ഞങ്ങൾക്കും ടീച്ചർമാർക്കും സന്തോഷമായി. സ്കൂൾ അസംബ്ലിയിൽ സമ്മാനവും സർട്ടിഫിക്കറ്റും നൽകുമ്പോൾ ഭയങ്കര സന്തോഷം തോന്നിയിരുന്നു. സഹപാഠികൾ നമുക്കു ബഹുമാനവും പരിഗണനയും കൂടി നൽകിയതോടെ സ്പോർട്സിനെ സ്നേഹിക്കാൻ തുടങ്ങി. എന്റെ ചെറുപ്പത്തിൽ പൂതമ്പാറ ‘യൂണിറ്റി’ ക്ലബ് എല്ലാക്കൊല്ലവും വോളിബോൾ ടൂർണമെന്റ് നടത്തിയിരുന്നു. ചേട്ടൻ റോയ് ജോസഫ് ഉൾപ്പെടെയുള്ളവർ പറന്നു കളിക്കുമ്പോൾ എനിക്കു 13 വയസ്സേയുള്ളു. ഔട്ട് പെറുക്കലാണു ജോലി. അന്നു തുടങ്ങിയതാണ് വോളിബോൾ കോർട്ടുമായുള്ള ആത്മബന്ധം. യൂണിറ്റി ക്ലബ് ഇന്നില്ല. പക്ഷേ, ആ യൂണിറ്റി ക്ലബ് ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ടോം ജോസഫ് ഉണ്ടാകുമായിരുന്നില്ല.

സ്കൂളിൽ നിന്നും ലഭിച്ച വോളിബോളിലുള്ള കോച്ചിങ് തൊട്ടിൽപാലം വോളിബോള്‍ അക്കാദമിയിൽ ചേരാൻ കാരണമായി. തോമസ് സാറിന്റെയും ഗോവിന്ദൻ മാഷിന്റെയും ശിഷണത്തിലായിരുന്ന പരിശീലനം. അതോടെ എന്റെ വഴി വോളിബോളാണെന്ന് തിരിച്ചറിഞ്ഞു. അതിനു ശേഷം ‘സായി’യിൽ എത്തിയപ്പോൾ ജോസഫ് സാറായിരുന്നു എന്റെ പരിശീലകൻ. ‘സായി’യിൽ നിന്നും ഇന്ത്യൻ ടീമിലെത്തിയപ്പോൾ ശ്രീധർ സാറായിരുന്നു പരിശീലകൻ. അധ്യാപക ദിനത്തിൽ മാത്രമല്ല ഓരോ ദിവസവും അധ്യാപകരെ ഓർമിക്കണം എന്നാണ് എന്റെ പക്ഷം. കാരണം ജീവിതത്തെ തിരിച്ചുവിടുന്നതിൽ അധ്യാപകരുടെ പങ്കു ചെറുതല്ല. ഞാൻ എപ്പോഴും ഓർക്കാറുണ്ട് എന്റെ ഗുരുനാഥന്മാർ വഴി കാട്ടിയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം ഇത്രയും നിറമുള്ളതാകുമായിരുന്നോ?

English Summary:

Teachers' Day Special: Former Indian Volleyball Player Tom Joseph's Inspiring Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com