ADVERTISEMENT

നമ്മുടെ ശക്തികള്‍ മാത്രമല്ല ദൗര്‍ബല്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടങ്ങളാണ്‌ ജോലിക്കുള്ള അഭിമുഖപരീക്ഷകള്‍. നാം നമ്മളെ കുറിച്ച്‌ തന്നെ ഒരു അഭിമുഖത്തില്‍ നെഗറ്റീവ്‌ ആയി പറയണോ എന്നുള്ള ആശയക്കുഴപ്പം ഈ ചോദ്യം കേള്‍ക്കുന്ന മാത്രയില്‍ തന്നെ പലര്‍ക്കും ഉണ്ടാകാം. വളരെ ശ്രദ്ധാപൂര്‍വം മറുപടി പറയേണ്ട ഒരു ചോദ്യമാണ്‌ നിങ്ങളുടെ ദൗര്‍ബല്യങ്ങളെ സംബന്ധിച്ചത്‌. ഇതിന്‌ അല്‍പമൊരു തയ്യാറെടുപ്പ്‌ തീര്‍ച്ചയായും ആവശ്യമാണ്‌. ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ ശരിയായ ഒരു വഴിയില്ല എന്നതാണ്‌ സത്യം. തെറ്റായ പല വഴികള്‍ പലത്‌ ഉണ്ട്‌ താനും. പലരും കൃത്രിമമായ കാര്യങ്ങള്‍ പറഞ്ഞ്‌ അഭിമുഖം ചെയ്യുന്നവര്‍ക്ക്‌ അവരെ കുറിച്ചുള്ള മതിപ്പ്‌ നശിപ്പിക്കാറുണ്ട്‌. ചിലരാകട്ടെ തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ നിസ്സാരമാണെന്നും അപ്രസക്തമാണെന്നും ധ്വനിപ്പിക്കും. അതും ശരിയായ സമീപനമല്ല. 

hand-shake-indian-sturti-istock-photo-com
Representative Image. Photo Credit : Sturti / iStockPhoto.com

ഈ ചോദ്യത്തെ നേരിടാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. അവര്‍ക്ക്‌ അറിയുന്ന കാര്യങ്ങള്‍ പറയുക

നിങ്ങളുടെ റെസ്യൂമേ ഇതിനകം അഭിമുഖം ചെയ്യുന്നവര്‍ വായിച്ചിരിക്കും എന്നത്‌ ഓര്‍മ്മിക്കുക. ഇതിനര്‍ത്ഥം നിങ്ങളുടെ ദൗര്‍ബല്യങ്ങളെ കുറിച്ച്‌ ഇതിനകം അവര്‍ക്ക്‌ ചില തോന്നലുകളൊക്കെ ഉണ്ടാകും എന്നതാണ്‌. അത്‌ സ്ഥിരീകരിക്കാനാകും ഈ ചോദ്യത്തിലൂടെ അവരുടെ ശ്രമം. സിവിയില്‍ ഉള്ള ചില കരിയര്‍ ഗ്യാപുകളൊക്കെ ഉപയോഗപ്പെടുത്തി ശ്രദ്ധാപൂര്‍വം ഒരുത്തരം തയ്യാറാക്കുക. നിങ്ങള്‍ ഈ ജോലിക്ക്‌ പറ്റിയ ആളാണോ എന്നുള്ള അഭിമുഖ കര്‍ത്താവിന്റെ സംശയങ്ങളെ ബലപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

2. തൊഴിലിനെ കുറിച്ചുള്ള വിവരണം ഉപയോഗപ്പെടുത്തുക
ഇനി നിങ്ങളുടെ റെസ്യൂമെയില്‍ ഇത്തരം വിടവുകളില്ലെങ്കില്‍ ജോലിയെ കുറിച്ച്‌ സ്ഥാപനം നല്‍കിയ വിവരണം സസൂക്ഷ്‌മം വായിക്കുക. അതില്‍ മുഖ്യമായ പെര്‍ഫോമന്‍സ്‌ സൂചകങ്ങള്‍ ഉണ്ടാകും. ഈ ജോലിക്ക്‌ ഇനി പറയുന്ന തരം ശേഷികളൊക്കെ ആവശ്യമാണെന്ന വിവരണം. ഇതില്‍ നിന്ന്‌ ചില പോയിന്റുകളൊക്കെ എടുത്ത്‌ അതിനെ അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ വിവരിക്കുക. ജോലിക്ക്‌ ആവശ്യമായ നൈപുണ്യശേഷികളെ കുറിച്ചുള്ള നിങ്ങളുടെ ധാരണ മതിപ്പുളവാക്കും. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഓവറാക്കി ചളമാക്കരുത്‌. ഏതെങ്കിലും ഒന്നോ രണ്ടോ സൂചകങ്ങള്‍, അതും തത്‌ക്കാലത്തേക്ക്‌ അഭിമുഖകര്‍ത്താക്കള്‍ വിട്ടുകളയുമെന്ന്‌ ഉറപ്പുള്ള സൂചകങ്ങള്‍ എടുത്ത്‌ മാത്രമേ ദൗര്‍ബല്യ വിവരണം നടത്താവൂ. അമിതമാക്കിയാല്‍ ജോലിക്ക്‌ ആവശ്യമായ ഒരു ഗുണങ്ങളും ഇല്ലാത്തയാളെന്ന്‌ മുദ്ര കുത്തപ്പെടാം. 

3. ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ എന്ത്‌ ചെയ്‌തു
ഇതാണ്‌ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ചില ദൗര്‍ബല്യങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്ന്‌ പറഞ്ഞു കഴിഞ്ഞാല്‍, അവയെ പരിഹരിക്കാന്‍ നിങ്ങള്‍ ഇത്‌ വരെ എന്തൊക്കെ നടപടികള്‍ എടുത്തു എന്നത്‌ നിശ്ചയമായും പറഞ്ഞിരിക്കണം. ഇതിലൂടെ കൂടുതല്‍ മെച്ചപ്പെടാനുള്ള നിങ്ങളുടെ ശേഷി അഭിമുഖം ചെയ്യുന്നവര്‍ക്ക്‌ ബോധ്യമാകും. കുറവുകള്‍ പരിഹരിച്ച്‌ മുന്നോട്ട്‌ പോകുന്നയാളാണ്‌ നിങ്ങളെന്നും അവര്‍ക്ക്‌ മനസ്സിലാകും. ഇതില്‍ കൂടുതല്‍ പുരോഗതി നേടാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തോട്‌ കൂടി ഈ സംഭാഷണം അവസാനിപ്പിക്കാനും ശ്രമിക്കാം. 

ചില തെറ്റായ ഉത്തരങ്ങള്‍
ദൗര്‍ബല്യങ്ങളെ കുറിച്ച്‌ ചോദിക്കുമ്പോള്‍ പലരും എടുത്ത്‌ പ്രയോഗിക്കുന്ന ചില ക്ലീഷേ ഉത്തരങ്ങളുണ്ട്‌. ഇത്തരം ഉത്തരങ്ങള്‍ നിങ്ങളെ കുറിച്ചുള്ള സകല മതിപ്പും നശിപ്പിക്കും. 

1. ഞാനൊരു പെര്‍ഫക്ഷനിസ്റ്റാണ്‌. 
2. ഞാന്‍ അതികഠിനമായി ജോലി ചെയ്യും
3. സഹപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ച പോലെ ജോലി ചെയ്‌തില്ലെങ്കില്‍ എനിക്ക്‌ ദേഷ്യം വരും
4. ചില സൂക്ഷ്‌മ വിവരങ്ങളില്‍ ഞാന്‍ സ്വയം നഷ്ടപ്പെടുത്തും
5. ചെറിയ കാര്യങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ അത്യധ്വാനം ചെയ്യും
6. എനിക്ക്‌ കുറവുകളേ ഇല്ല
7. എനിക്ക്‌ മരം കയറാന്‍ അറിയില്ല, നീന്താന്‍ അറിയില്ല, വിമാനം ഓടിക്കാന്‍ അറിയില്ല എന്നിങ്ങനെ ജോലിയുമായി ഒരു ബന്ധവും ഇല്ലാത്ത ഉത്തരങ്ങള്‍

ഇങ്ങനെ ഉത്തരം നൽകാം
ഈ സമയത്തെ എന്റെ ദൗര്‍ബല്യം ഏതാണെന്ന്‌ ചോദിച്ചാല്‍ കുറച്ച്‌ കാലമായി ഞാന്‍ മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിലാണ്‌ ജോലി ചെയ്‌തിരുന്നത്‌. അതിനാല്‍ ഈ പ്രത്യേക മേഖലയുമായി ചെറിയ ഇടവേള വന്നിട്ടുണ്ട്‌. പഴയ വേഗത്തിലെത്താന്‍ സമയമെടുക്കാം. പക്ഷേ, അടുത്തിടെ ഒരു റീഫ്രഷര്‍ ഓണ്‍ലൈന്‍ കോഴ്‌സ്‌ ഞാന്‍ ഈ മേഖലയില്‍ ചെയ്‌തിരുന്നു. കഴിഞ്ഞ ജോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ജോലിക്ക്‌ ആവശ്യമായ മുഖ്യ പെര്‍ഫോമന്‍സ്‌ സൂചകങ്ങളില്‍ ചില മാറ്റങ്ങളൊക്കെ ഉണ്ടെന്നത്‌ വാസ്‌തവമാണ്‌. എന്നാല്‍ അതിലെ മുഖ്യമായതെല്ലാം മുന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ഞാന്‍ ചെയ്‌ത ജോലിയുമായി ബന്ധപ്പെട്ടതാണ്‌. കുറഞ്ഞ കാലത്തിനുള്ളില്‍ എല്ലാ മുഖ്യ പെര്‍ഫോമന്‍സ്‌ സൂചകങ്ങളിലും മികച്ച പ്രകടനം നടത്താന്‍ എനിക്ക്‌ സാധിക്കുമെന്ന്‌ ഉറപ്പുണ്ട്‌. ഇത്തരത്തില്‍ പ്രത്യേക കരുതല്‍ ആവശ്യമുള്ള എന്തെങ്കിലും മറ്റ്‌ വിഷയങ്ങള്‍ എന്റെ സിവിയില്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടോ?

English Summary:

Conquering the "Weakness" Question: Ace Your Next Job Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com