ADVERTISEMENT

ഒരു നല്ല ജീവനക്കാരനും ഒരു മികച്ച ജീവനക്കാരനും തമ്മിലുള്ള വ്യത്യാസം അവരുടെ ഡിഗ്രിയിലോ അനുഭവപരിചയത്തിലോ ജോലി സ്ഥലത്തെ നേട്ടങ്ങളിലോ ഒന്നുമാകില്ല. തൊഴിലിടത്തിലേക്ക്‌ അവര്‍ കൊണ്ടു വരുന്ന ചില സ്വഭാവ സവിശേഷതകളാണ്‌ അയാളെ വേറിട്ട്‌ നിര്‍ത്തുക. പ്രമോഷന്‍ ലഭിക്കാനും നെറ്റ്‌വര്‍ക്ക്‌ വളര്‍ത്താനും കരിയറില്‍ ഉയര്‍ച്ച നേടാനുമെല്ലാം ഈ സ്വഭാവ സവിശേഷതകള്‍ സഹായിക്കും. ഏതൊരു ബോസും തന്റെ ടീമിലുള്ള ജീവനക്കാരില്‍ ആഗ്രഹിക്കുന്ന സ്വഭാവ സവിശേഷതകള്‍ ഇനി പറയുന്നവയാണ്‌. നിങ്ങളെ മറ്റുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന്‌ ഈ യോഗ്യതകള്‍ വ്യത്യസ്‌തനാക്കും. 

1. ആശ്രയിക്കാവുന്ന ആള്‍ ആയിരിക്കണം
നിങ്ങളെ വിശ്വസിച്ച്‌ ഒരു ജോലി ഏല്‍പ്പിക്കാന്‍ സാധിക്കുമെന്ന്‌ ഒാഫിസിലുള്ളവര്‍ക്ക്‌ തോന്നണം. ഡെഡ്‌ലൈനുകള്‍ തുടര്‍ച്ചയായി പാലിക്കുകയും മീറ്റിങ്ങുകള്‍ക്ക്‌ കൃത്യസമയത്തിന്‌ വരികയും സഹകരണ മനോഭാവത്തോടെ ഒത്ത്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയും ശരാശരിക്കും മുകളിലുള്ള വര്‍ക്ക്‌ ഔട്ട്‌പുട്ട്‌ ഉണ്ടാക്കുകയുമൊക്കെ ചെയ്‌താല്‍ ഓഫീസില്‍ ബോസിനും സഹപ്രവര്‍ത്തകര്‍ക്കും ഏതൊരു കാര്യത്തിനും ആശ്രയിക്കാവുന്ന ആളായി നിങ്ങള്‍ മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 

2. ജോലിയോടുള്ള ആത്മസമര്‍പ്പണം
സ്വന്തം വിജയം മാത്രമല്ല കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ വലിയ ലക്ഷ്യങ്ങള്‍ കൂടി നേടുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്ന, ജോലിയോട്‌ ആത്മസമര്‍പ്പണമുള്ള ജീവനക്കാരനായിരിക്കണം. ശക്തമായ ഒരു തൊഴില്‍ നൈതികത പുലര്‍ത്തണം. 

3. സ്വതന്ത്രമായ പ്രവര്‍ത്തനം
സഹപ്രവര്‍ത്തകരില്‍ നിന്നോ ബോസില്‍ നിന്നോ നിരന്തരം ഓര്‍മ്മപ്പെടുത്തല്‍ ലഭിക്കാതെ തന്നെ തന്റെ ജോലികള്‍ സമയത്തിന്‌ തീര്‍ക്കാന്‍ സാധിക്കുന്നവനാണ്‌ മികച്ച ജീവനക്കാരന്‍. തന്റെ ജോലി തീര്‍ക്കാന്‍ എപ്പോഴും മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടുന്ന ജീവനക്കാരന്‌ ഓഫീസില്‍ വലിയ മതിപ്പുണ്ടാകില്ല. 

4. സര്‍ഗ്ഗാത്മകത
എല്ലാ ഓഫീസ്‌ സാഹചര്യങ്ങളും സര്‍ഗ്ഗാത്മകത ആവശ്യപ്പെടുന്നുണ്ടാകില്ല. എല്ലാ ജോലികള്‍ക്കും സര്‍ഗ്ഗാത്മകത വേണ്ടിയും വരാറില്ല. പക്ഷേ, ജോലി സ്ഥലത്ത്‌ സര്‍ഗ്ഗാത്മകത വളര്‍ത്തിക്കൊണ്ട്‌ വരുന്നത്‌ ദീര്‍ഘകാലത്തേക്ക്‌ നിങ്ങള്‍ക്ക്‌ ഗുണം ചെയ്യും. ജോലിയില്‍ സര്‍ഗ്ഗാത്മകത ചിലപ്പോള്‍ ആവശ്യമില്ലെങ്കില്‍ പോലും ക്ലയന്റുകളുമായി സംസാരിക്കുമ്പോഴും മീറ്റിങ്ങുകളിലും സര്‍ഗ്ഗാത്മകത പുറത്തെടുക്കുക. തനതായ ആശയങ്ങള്‍ മുന്നോട്ട്‌ വയ്‌ക്കാനും പുതിയ രീതിയില്‍ വിവരങ്ങള്‍ അവതരിപ്പിക്കാനുമൊക്കെ അല്‍പം സര്‍ഗ്ഗാത്മകയുണ്ടെങ്കില്‍ നല്ലതാണ്‌. 

5. തന്മയീഭാവം
മറ്റൊരാളുടെ സ്ഥാനത്ത്‌ നിന്ന്‌ ഒരു സാഹചര്യത്തെ വിലയിരുത്താനുള്ള ശേഷിയാണ്‌ തന്മയീഭാവം. ഇത്‌ മികച്ച നേതാക്കളുടെ ഒരു ലക്ഷണമാണ്‌. ശ്രദ്ധാപൂര്‍വം സഹപ്രവര്‍ത്തകരെ കേള്‍ക്കാനും അവരുടെ ഭാഗം മനസ്സിലാക്കാനുമൊക്കെ ഈ ശേഷി സഹായിക്കും. മികച്ച വ്യക്തിബന്ധങ്ങള്‍ സ്ഥാപനത്തില്‍ ഉണ്ടാക്കാനും ഈ സ്വഭാവം സഹായിക്കും. 

6. അയവുള്ള സ്വഭാവം
ഒരു ജോലി സ്ഥലത്ത്‌ അപ്രതീക്ഷിതമായ പല കാര്യങ്ങളും ഉണ്ടാകാം. ചിലപ്പോള്‍ ഡെഡ്‌ലൈനുകള്‍ പെട്ടെന്ന്‌ മാറി മറയാം. ചെയ്‌തു കൊണ്ടിരിക്കുന്ന പ്രോജക്ട്‌ ഇടയ്‌ക്ക്‌ നിര്‍ത്തി മറ്റൊന്നിലേക്ക്‌ പെട്ടെന്ന്‌ മാറേണ്ടി വരാം. ഇത്തരം സാഹചര്യങ്ങളില്‍ ബലം പിടിച്ചു നില്‍ക്കാതെ അല്‍പം ഫ്‌ളെക്‌സിബിള്‍ ആയി ജോലി ചെയ്യുന്നവരെയാണ്‌ സ്ഥാപനത്തിന്‌ ആവശ്യം. 

7. വിനയം
സ്വന്തം നേട്ടങ്ങളെ കുറിച്ച്‌ പൊങ്ങച്ചം പറഞ്ഞ്‌ നടക്കുന്നവരെ ജീവിതത്തില്‍ മാത്രമല്ല ഓഫീസിലും ആര്‍ക്കും ഇഷ്ടമാകില്ല. നിങ്ങളുടെ കരിയറിലെ നേട്ടങ്ങളും ഉയര്‍ച്ചകളും അത്‌ പ്രകടിപ്പിക്കേണ്ട സ്ഥലത്ത്‌ പ്രകടിപ്പിക്കുക. സഹപ്രവര്‍ത്തകരോട്‌ അതിനെ പറ്റി പൊങ്ങച്ചം പറഞ്ഞു കൊണ്ട്‌ നടക്കേണ്ട കാര്യമില്ല. 

8. ഉത്തരവാദിത്തം
വീട്ടിലും നാട്ടിലും മാത്രമല്ല ഓഫീസിലും ഉത്തരവാദിത്ത ബോധമുള്ളവര്‍ക്ക്‌ നല്ല ബഹുമാനം ലഭിക്കും. പ്രമോഷനും മറ്റും നല്‍കുന്ന അവസരത്തില്‍ ഉത്തരവാദിത്ത ബോധത്തിന്‌ പ്രത്യേക പരിഗണന ലഭിക്കും. ഒരു ജോലി സ്ഥലത്ത്‌ മികച്ച റോള്‍ മോഡലുകളായി മാറുന്നതും ഉത്തരവാദിത്തമുള്ളവരായിരിക്കും. 

9. എല്ലാവരെയും ഉള്‍ചേര്‍ക്കണം
വൈവിധ്യങ്ങളെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമീപനം പുതിയ തൊഴിലിടങ്ങളില്‍ അത്യാവശ്യമാണ്‌. സ്‌ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, നിങ്ങളെക്കാള്‍ പ്രിവിലേജ്‌ കുറഞ്ഞവര്‍ എന്നിങ്ങനെ പല തരത്തില്‍പ്പെട്ടവരെ ഉള്‍ക്കൊള്ളിച്ച്‌ നല്ലൊരു ടീമിനെ മുന്നോട്ട്‌ നയിച്ചു കൊണ്ടു പോകാനുള്ള ശേഷിയും മുഖ്യമാണ്‌. 

10. ജിജ്ഞാസ
പുതിയ കാര്യങ്ങള്‍ പഠിക്കാനും സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാനും പുതിയ അവസരങ്ങളെ പോസിറ്റീവായി സമീപിക്കാനുമൊക്കെയുള്ള ജിജ്ഞാസ നല്ലൊരു ജീവനക്കാരന്റെ ലക്ഷണമാണ്‌. സ്വന്തം വളര്‍ച്ചയ്‌ക്കും സ്ഥാപനത്തിന്റെ വളര്‍ച്ചയും ഈയൊരു ജിജ്ഞാസ അത്യാവശ്യമാണ്‌. മേല്‍പറഞ്ഞ എല്ലാ സവിശേഷതകളും വളര്‍ത്താന്‍ എല്ലാവരെ കൊണ്ടും സാധിച്ചെന്ന്‌ വരില്ല. പക്ഷേ, ഒരു നാലഞ്ച്‌ സ്വഭാവ സവിശേഷതകളെങ്കിലും ഉണ്ടെങ്കില്‍ തൊഴിലിടത്തില്‍ നിങ്ങള്‍ പ്രിയപ്പെട്ടവനാകുമെന്ന്‌ ഉറപ്പ്‌. 

English Summary:

Career Success Tips : 10 Key Characteristics of a Good Employee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com