പശുക്കിടാവിനെ വാങ്ങാൻ പോയി; വീട്ടിലെത്തിയത് വെള്ളക്കുതിര !
Mail This Article
നെത്തല്ലൂർ ∙ പശുക്കിടാവിനെ വാങ്ങാൻ പോയി കുതിരക്കമ്പം മൂലം കുതിരയെ വീട്ടിൽ എത്തിച്ചിരിക്കുകയാണു നെത്തല്ലൂർ ദേവീക്ഷേത്രം മേൽശാന്തി അമനകര പുനത്തിൽ നാരായണൻ നമ്പൂതിരി. ചെറിയൊരു പശുക്കിടാവിനെ വാങ്ങുന്നതിനായി നാരായണൻ നമ്പൂതിരി വെച്ചൂച്ചിറയിലെ ഫാം ഉടമയുമായി ബന്ധപ്പെട്ടിരുന്നു. ഒരു തവണ ഫാമിൽ എത്തിയപ്പോൾ ‘റാണി’ എന്ന സുന്ദരിയായ വെള്ളക്കുതിരയെ കണ്ടിരുന്നു. അന്നു റാണിയോടു കൗതുകവും ആഗ്രഹവും തോന്നിയിരുന്നു. വിൽക്കുമ്പോൾ അറിയിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ഫാമിൽ എത്തിയപ്പോൾ ഉടമ കുതിര ഉൾപ്പെടെയുള്ള കന്നുകാലികളെ വിൽപന നടത്തിയതായി അറിഞ്ഞു. തുടർന്നു നടത്തിയ ശ്രമങ്ങൾക്കൊടുവിൽ വാഗമണ്ണിൽ നിന്നാണ് 2 വയസ്സുള്ള കുതിരയെ 45,000 രൂപ ചെലവഴിച്ചു വാങ്ങിയത്. കുതിരക്കമ്പം കലശലായതോടെ 2 വർഷം മുൻപു ചാലക്കുടിയിൽ പോയി കുതിരസവാരി പരിശീലനം നേടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി നെത്തല്ലൂർ ക്ഷേത്രം ക്വാർട്ടേഴ്സിൽ എത്തിച്ച കുതിര നാട്ടുകാർക്കു കൗതുകക്കാഴ്ചയാണിപ്പോൾ.