പൂജ സ്പെഷൽ ട്രെയിൻ ഇന്ന് എത്തുന്നു; കൂടുതൽ ട്രെയിനുകൾ പ്രതീക്ഷിച്ച് കോട്ടയം റെയിൽവേ സ്റ്റേഷൻ
Mail This Article
കോട്ടയം ∙ പൂജ സ്പെഷൽ ട്രെയിൻ ഇന്ന് എത്തുന്നു. കൂടുതൽ ട്രെയിനുകൾ പ്രതീക്ഷിച്ചു കോട്ടയം റെയിൽവേ സ്റ്റേഷൻ. ചെന്നൈ സെൻട്രൽ– കോട്ടയം സ്പെഷലാണ് ഇന്നു കോട്ടയത്ത് എത്തുന്നത്. 12നു ചെന്നൈയിൽ നിന്ന് ഒരു സർവീസ് കൂടി പൂജ സ്പെഷൽ നടത്തും. മടക്കട്രെയിൻ ഇന്നും 13നും കോട്ടയത്തുനിന്നു പുറപ്പെടും. അടുത്തമാസം ശബരിമല സീസൺ ആരംഭിക്കുന്നതോടുകൂടി കൂടുതൽ സ്പെഷൽ ട്രെയിനുകൾ കോട്ടയത്തേക്കു പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞവർഷത്തെ ശബരിമല സീസണിൽ വന്ദേഭാരത് ഉൾപ്പെടെ 30 സ്പെഷൽ ട്രെയിനുകളാണു കോട്ടയം കേന്ദ്രീകരിച്ചു സർവീസ് നടത്തിയത്. കോട്ടയത്ത് 5 പ്ലാറ്റ്ഫോമുകൾ സജ്ജമായത് ഇതിനു സഹായമായി.
ട്രെയിനുകൾ ഇനിയും എത്തുന്നില്ല
കോട്ടയം സ്റ്റേഷൻ കേന്ദ്രീകരിച്ചു സ്ഥിരം ട്രെയിനുകൾ വേണമെന്ന ആവശ്യം ഇനിയും റെയിൽവേ പരിഗണിക്കുന്നില്ല. ട്രെയിനുകളിൽ തിരക്ക് തുടരുമ്പോഴും കോട്ടയത്തെ 5 പ്ലാറ്റ്ഫോമുകൾ എന്ന അടിസ്ഥാന സൗകര്യം പരിഗണിക്കുന്നതിൽ റെയിൽവേ വിമുഖത തുടരുന്നു. കാരയ്ക്കൽ– എറണാകുളം ട്രെയിൻ നേരിട്ട് കോട്ടയത്തേക്ക് എക്സ്പ്രസ് ട്രെയിനായി നീട്ടണമെന്ന നിർദേശം റെയിൽവേയ്ക്ക് മുന്നിലുണ്ട്.
എന്നാൽ ഈ റേക്ക് ഉപയോഗിച്ചു നടത്തുന്ന എറണാകുളം– കോട്ടയം പാസഞ്ചറിനു പകരം റേക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല.പാലക്കാട്– എറണാകുളം മെമു, ബെംഗളൂരു– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, മഡ്ഗാവ്– എറണാകുളം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടാൻ സാധിക്കും. എന്നാൽ ഇതിനും നടപടിയില്ല. വ്യാഴം, ശനി ദിവസങ്ങളിൽ താമ്പരത്തുനിന്നു ചെങ്കോട്ട, കൊല്ലം വഴി കൊച്ചുവേളിയിലേക്കുള്ള സ്പെഷൽ ട്രെയിൻ നഷ്ടമാണെന്നു കാട്ടി റെയിൽവേ നിർത്തലാക്കിയിരുന്നു. ഇപ്പോൾ ഇത് ഒരു സർവീസായി വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച താമ്പരത്തുനിന്നു പുറപ്പെടുന്ന ട്രെയിനിനാണ് നഷ്ടമെന്നു റെയിൽവേ ചൂണ്ടിക്കാട്ടിയത്. ഈ സർവീസ് താമ്പരം– ചെങ്കോട്ട– കൊല്ലം –കോട്ടയം സർവീസായി ഓടിച്ചാൽ യാത്രക്കാർ ഉണ്ടാകുമെന്നു കാണിച്ചു പാസഞ്ചർ അസോസിയേഷനുകൾ നിവേദനം നൽകിയിരുന്നു. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല സ്റ്റേഷനുകളിലെ യാത്രക്കാർക്കും ഈ ട്രെയിൻ അനുവദിച്ചാൽ ഗുണമുണ്ടാകും.
പൂജ സ്പെഷലിന് മികച്ച ബുക്കിങ്
ഇന്നു കോട്ടയത്ത് എത്തുന്ന ചെന്നൈ– കോട്ടയം പൂജ സ്പെഷലിന്റെ ടിക്കറ്റ് പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം തന്നെ വെയ്റ്റ് ലിസ്റ്റ് ആയി. മടക്ക ട്രെയിനുകളുടെ ടിക്കറ്റും വേഗത്തിൽ ബുക്ക് ചെയ്യുന്നുണ്ട്. 13നുള്ള മടക്കട്രെയിൻ ടിക്കറ്റും ഇപ്പോൾത്തന്നെ വെയ്റ്റിങ് ലിസ്റ്റിലാണ്. കഴിഞ്ഞ ശബരിമല സീസണിൽ പ്രഖ്യാപിച്ച ചെന്നൈ– കോട്ടയം വന്ദേഭാരതിന്റെ ടിക്കറ്റും മണിക്കൂറുകൾക്ക് അകം വെയ്റ്റിങ് ലിസ്റ്റിൽ ആയിരുന്നു. ഈ റൂട്ടിലെ തിരക്കാണ് ടിക്കറ്റ് ബുക്കിങ് ട്രെൻഡ് സൂചിപ്പിക്കുന്നത്. ചെന്നൈ– കോട്ടയം റൂട്ടിൽ സ്ഥിരം ട്രെയിൻ വേണമെന്ന ആവശ്യവും ശക്തമാണ്.
പൂജ സ്പെഷൽ
∙ പൂജ സ്പെഷൽ: 06195 ചെന്നൈ– കോട്ടയം.
∙ നാളെ (രാത്രി 11:55 ചെന്നൈ– പിറ്റേന്ന് ഉച്ചയ്ക്ക് 1:45 കോട്ടയം).
∙ 06196 കോട്ടയം – ചെന്നൈ: ഇന്ന്, 13 (വൈകിട്ട് 4.45 കോട്ടയം– പിറ്റേന്ന് രാവിലെ 8.20 ചെന്നൈ).