പൊതുപരിപാടികളിൽ നിന്ന് ഒഴിവാക്കൽ: ചാണ്ടി ഉമ്മൻ സ്പീക്കർക്ക് പരാതി നൽകി
Mail This Article
കോട്ടയം ∙ പൊതുപരിപാടികളിൽ നിന്നു സ്ഥലം എംഎൽഎ ഒഴിവാക്കുന്നത് സംബന്ധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന് അവകാശ ലംഘന പരാതി നൽകി. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ പരിപാടികളിൽ നിന്നു ബോധപൂർവം തന്നെ അവഗണിക്കുന്ന പ്രവണതയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മൻ പരാതിയിൽ ആരോപിച്ചു. ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയിൽ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോടു കാണിച്ച അവഹേളനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു.
ഇന്നത്തെ പരിപാടിയിലുണ്ട്
മണർകാട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവ ഉദ്ഘാടനം, ഭിന്നശേഷി കലോത്സവം സമാപനം എന്നീ യോഗങ്ങളിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്ഥലം എംഎൽഎയും സംഘാടക സമിതി രക്ഷാധികാരി കൂടിയായ ചാണ്ടി ഉമ്മനെ ഒഴിവാക്കിയത്. രാവിലെ നടന്ന സമ്മേളനം മന്ത്രി വി.എൻ. വാസവനും ഭിന്നശേഷി കലോത്സവം സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ.പി.ടി.ബാബുരാജുമാണ് ഉദ്ഘാടനം ചെയ്തത്.
ഉച്ചയോടെ നടന്ന ഭിന്നശേഷി കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പ്രധാന വേദിയിലെത്തിയ ചാണ്ടി ഉമ്മൻ പ്രതിഷേധ സൂചകമായി സദസ്സിൽ ഇരുന്നു. സംഘാടകർ സ്റ്റേജിലേക്ക് ക്ഷണിച്ചുവെങ്കിലും നിരസിച്ചു. പരിപാടിക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. അതേസമയം, കലോത്സവത്തിന്റെ സമാപന ദിനമായ ഇന്നു നടക്കുന്ന സമ്മേളനത്തിൽ എംഎൽഎ ഉദ്ഘാടകനായി സംഘാടകർ നോട്ടിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ മണർകാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ ആയിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.