ഒരു മണിക്കൂർ മഴ... ഏറ്റുമാനൂർ വെള്ളക്കെട്ടിലായി
Mail This Article
ഏറ്റുമാനൂർ∙ ഇന്നലെ ഉച്ചയോടെ പെയ്ത അതിശക്തമായ മഴയിൽ ഏറ്റുമാനൂർ നഗരവും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. പേരൂർ കവല, എംസി റോഡ്, തവളക്കുഴി, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പാലാ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച മഴ ഒരു മണിക്കൂറോളം നീണ്ടു നിന്നതോടെയാണു പ്രധാന റോഡിലടക്കം വെള്ളക്കെട്ടു രൂപപ്പെട്ടത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാരെ വലച്ചു. എംസി റോഡിലും പാലാ റോഡിലും വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടു രൂപപ്പെട്ടിരുന്നു. പേരൂർ കവലയിലും, വില്ലേജ് ഓഫിസിനു സമീപവും കടകൾക്കുള്ളിലേക്കു വെള്ളം കയറി. യഥാസമയം ഓടകൾ വൃത്തിയാക്കാത്തതും പരമ്പരാഗതമായ നീരൊഴുക്ക് തടസ്സപ്പെട്ടതുമാണ് ചെറു മഴയത്തു പോലും വെള്ളക്കെട്ടു രൂപപ്പെടാൻ കാരണമെന്നു വ്യാപാരികൾ പറഞ്ഞു.