പൂവ് പോലൊരു കാഴ്ച; പൂവം! ഒരു സിനിമ കണ്ടിറങ്ങുന്ന ഫീൽ...
Mail This Article
പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ പോയി മനസ്സ് നിറയ്ക്കുന്ന ഒരു സിനിമ കണ്ടിറങ്ങുന്ന ഫീൽ അനുഭവിച്ചിട്ടില്ലേ.. അതുപോലൊരു സ്ഥലത്തേക്കു പോയാലോ. ആലപ്പുഴ– ചങ്ങനാശേരി റോഡിലെ (എസി റോഡ്) പൂവത്തുനിന്ന് എസി കനാൽ കയറി ചെന്നാൽ എത്തുന്ന നക്രാപുതുവൽ പ്രദേശമാണു കാഴ്ചകളുടെ ഗ്രാമീണഭംഗിയുമായി കാത്തിരിക്കുന്നത്. പൂവം മുതൽ നക്രാപുതുവൽ വരെ റോഡ്വഴിയുള്ള യാത്രയാണ് കാഴ്ചകളുടെ വിരുന്ന് ഒരുക്കുന്നത്.
കാഴ്ചകൾ
പൂവത്തുനിന്നു ചെറുപാലം വഴി എസി കനാൽ കടന്ന ശേഷം നക്രപുതുവൽ വരെയുള്ള 2.3 കിലോമീറ്റർ റോഡിന് ഇരുവശവും വിശാലമായ പാടശേഖരമാണ്. പായിപ്പാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശത്ത് ധാരാളം പക്ഷികളെ കാണാം. സീസൺ കാലത്ത് ദേശാടനപക്ഷികളും എത്തുന്നു. ഇന്റർലോക്ക് പാകിയ റോഡിലൂടെ പോകുമ്പോൾ കൃഷിപ്പണികളും കാണാം.
ആമ്പൽപ്പൂക്കളും സീസണിൽ ഇവിടെ വിടരാറുണ്ട്. രാവിലെയും വൈകിട്ടും ശുദ്ധവായു ശ്വസിച്ച് വാഹനശല്യമില്ലാതെ നടക്കാനും സാധിക്കും. വിഡിയോ ഷൂട്ടുകൾക്കും അഭികാമ്യം.
ഇന്റർലോക് റോഡ് അവസാനിക്കുന്ന ഭാഗത്തുനിന്നു പാടവരമ്പിലൂടെ മുന്നോട്ടു പോകാം.
എത്താം ഇതുവഴി
എസി റോഡിൽ ചങ്ങനാശേരിയിൽനിന്നു വരുമ്പോൾ പുവത്തുനിന്ന് ഇടത്തേക്കുതിരിഞ്ഞ് എസി കനാൽ കടന്നു നേരെ പോവുക.ചങ്ങനാശേരിയിൽനിന്ന് 4.3 കിലോമീറ്ററാണു പൂവത്തേക്ക്, കോട്ടയത്ത് നിന്ന് 23 കിലോമീറ്ററും.
ശ്രദ്ധിക്കാം ഇക്കാര്യം
∙ കൃഷി നടക്കുന്ന പാശേഖരങ്ങളാണ്. മാലിന്യം തള്ളരുത്.
∙ നാട്ടുകാരുടെ നിർദേശങ്ങൾ പാലിക്കണം.
∙ തുറസ്സായ സ്ഥലമാണ്. മഴ– മിന്നൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാം.
∙ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ല.
∙ പൂവത്തുനിന്ന് എസി കനാൽ കടക്കുന്ന പാലം വീതി കുറഞ്ഞതാണ്. വാഹനം കയറ്റുന്നതു സൂക്ഷിച്ചു വേണം.
∙ നക്രാപുതുവൽ വരെ റോഡ് വീതി കുറഞ്ഞതാണ്.ഇത് ഡെഡ് എൻഡാണ്. വാഹനം തിരിക്കാൻ ചെറിയ സ്ഥലം മാത്രമാണുള്ളത്. റോഡിലൂടെ നടക്കുന്നതാണ് അഭികാമ്യം.
∙ പാടവരമ്പ് വഴി ശ്രദ്ധയോടെ മാത്രം നടക്കുക.