അഭിഷിക്തനായി നിയുക്ത കർദിനാൾ ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട്; പ്രാർഥനാനിർഭരം വിശ്വാസിസാഗരം
Mail This Article
ചങ്ങനാശേരി ∙ പ്രാർഥാനാനിർഭരമായ മെത്രാപ്പൊലീത്തൻ പള്ളിയിൽ തിങ്ങിനിറഞ്ഞ വിശ്വാസിസാഗരത്തെ സാക്ഷിയാക്കിയാണ് നിസിബിസ് രൂപതയുടെ മെത്രാപ്പൊലീത്തയായി മാർ ജോർജ് കൂവക്കാട് അഭിഷിക്തനായത്. വത്തിക്കാനിൽ നിന്നുള്ള പ്രതിനിധികൾക്കു പുറമേ ഇതര സഭകളിലെ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, മാർ ജോർജ് കൂവക്കാടിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുൾപ്പെടെ വൻ വിശ്വാസിസമൂഹം ചടങ്ങുകൾക്കു സാക്ഷികളായി.മാർ ജോസഫ് പാംപ്ലാനി, മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ ജോസ് പുളിക്കൽ, തോമസ് മാർ തിമോത്തിയോസ്, ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ, മാർ ജോൺ നെല്ലിക്കുന്നേൽ, ഗീവർഗീസ് മാർ അപ്രേം എന്നിവരും ശുശ്രൂഷകളിൽ പങ്കെടുത്തു.ശിവഗിരിമഠത്തിൽ നിന്നു സ്വാമി വിശാലാനന്ദ, സ്വാമി ഹംസതീർഥ, സ്വാമി വിരേശ്വരാനന്ദ, സ്വാമി ദേശീയാനന്ദയതി, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, ജോബ് മൈക്കിൾ, മുൻ മന്ത്രി കെ.സി.ജോസഫ്, ജോസഫ് എം. പുതുശേരി, ജോസഫ് വാഴയ്ക്കൻ, ചങ്ങനാശേരി നഗരസഭാ ഉപാധ്യക്ഷൻ മാത്യൂസ് ജോർജ് തുടങ്ങിയവരും പങ്കെടുത്തു.
കർദിനാൾ സ്ഥാനരോഹണം വത്തിക്കാനിൽ
ഡിസംബർ 7ന് ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കും. മാർപാപ്പയുടെ കാർമികത്വത്തിൽ തന്നെ സ്ഥാനാരോഹണ കർമങ്ങൾ നടത്തും. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. 8ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1ന് നവകർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും.
നിസിബിസ് രൂപതയുടെ സ്ഥാനീയ മെത്രാപ്പൊലീത്തയായാണ് മാർ കൂവക്കാട് ചുമതലേയറ്റത്. കർദിനാൾ പദവി സ്വീകരിക്കുന്നതോടെ മെത്രാപ്പൊലീത്ത പദവി ഒഴിയും. പിന്നീട് റോമിലെ ചുമതലയാകും ലഭിക്കുക. തുർക്കിയിലെ പുരാതന ദൈവശാസ്ത്ര പഠനകേന്ദ്രമാണ് നിസിബിസ് രൂപത. പരിശുദ്ധാത്മാവിന്റെ വീണ എന്നറിയപ്പെടുന്ന നിസിബിസ്, വിശ്രുത ദൈവശാസ്ത്രപണ്ഡിതനും സാർവത്രിക സഭയുടെ വേദപാരംഗതനുമായ മാർ അപ്രേമിന്റെ പ്രവർത്തനരംഗമായിരുന്നു.
മാതൃ ഇടവകയുടെ സ്വീകരണം ഇന്ന്
നിയുക്ത കർദിനാൾ ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന് ഇന്ന് മാതൃ ഇടവകയായ മാമ്മൂട് ലൂർദ്മാതാ പള്ളിയിൽ സ്വീകരണം നൽകും. 2.30ന് മാമ്മൂട് പള്ളിയിൽ എത്തുന്ന മാർ ജോർജ് കൂവക്കാട്, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ എന്നിവരെ ദൈവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 3നു മാർ കൂവക്കാടിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന. 5നു പൊതുസമ്മേളനം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. ബിഷപ് മാർ തോമസ് പാടിയത്ത്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മന്ത്രി റോഷി അഗസ്റ്റിൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ തുടങ്ങി സാമൂഹിക, രാഷ്ട്രീയ, സാമുദായിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
അതിരൂപതയുടെ സ്വീകരണം
നിയുക്ത കർദിനാൾ ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിന് മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ സ്വീകരണം ഡിസംബർ 21ന് നൽകും. ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശേരി എസ്ബി കോളജിലെ മാർ കാവുകാട്ട് ഹാളിലാണ് പരിപാടി.