സ്വപ്നങ്ങൾ തകർത്ത് തുടരെ മടവീഴ്ച; കർഷകർ സങ്കടമടയിൽ
Mail This Article
ചങ്ങനാശേരി ∙ നെൽക്കർഷകർക്ക് ഇടിത്തീയായി വീണ്ടും മടവീഴ്ച. ചങ്ങനാശേരി ഉൾപ്പെടുന്ന അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ നെൽക്കർഷകരുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് വീണ്ടും മട പൊട്ടുന്നു. പാടമേത് തോടേതെന്ന് തിരിച്ചറിയാനാവത്ത വിധമാണ് പലയിടവും. ഇന്നലെ രാവിലെ കാലാവസ്ഥ തെളിഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവു നിലച്ചിട്ടില്ല.
ഇന്നലെ ളായിക്കാടിനു സമീപം പായിപ്പാട് കൃഷിഭവനു കീഴിലെ കൊല്ലത്ത് ചാത്തങ്കരി പാടശേഖരത്തിലെ 102 ഏക്കറിലും പായിപ്പാട് രണ്ടാം വാർഡിലെ തെറ്റിച്ചാൽകോടി ചാത്തങ്കരി പാടശേഖരത്തിലെ 35 ഏക്കറിലുമാണ് മട വീണത്. പുഞ്ചക്കൃഷിക്കായി ഒരുങ്ങിയ പാടശേഖരങ്ങളിലാണ് വെള്ളം കയറിയത്. കൊല്ലത്തുചാത്തങ്കരി പാടത്ത് 10 ദിവസങ്ങൾക്ക് മുൻപാണ് വിത പൂർത്തിയാക്കിയത്. ഇവിടെ 3 ഇടങ്ങളിലായാണ് ബണ്ട് പൊട്ടിയത്. കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ ബണ്ട് പുനർനിർമിക്കുന്ന ജോലി രാത്രി വൈകിയും തുടരുകയാണ്. ശക്തമായ കിഴക്കൻവെള്ളത്തിന്റെ വരവു ബണ്ട് കെട്ടുന്നതിന് പ്രതിസന്ധിയാണ്.
വിതയൊരുക്കത്തിനിടെ മട പൊട്ടി
35 ഏക്കർ വരുന്ന തെറ്റിച്ചാൽകോടി പാടശേഖരത്തിൽ വിതയ്ക്ക് വേണ്ടിയുള്ള ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് 2 ഇടങ്ങളിലായി മട പൊട്ടിയത്. ഇവിടം പാട്ടത്തിനെടുത്ത നെടുമുടി സ്വദേശി കർഷകൻ മനോജ് മുകുന്ദൻ 23 ലക്ഷം രൂപ ചെലവിട്ടാണ് കൃഷിക്കായി ബണ്ട് ബലപ്പെടുത്തിയത്. ഇന്നലത്തെ മടവീഴ്ചയോടെ അധ്വാനവും ചെലവഴിച്ച പണവും വെള്ളത്തിലായ അവസ്ഥയിലായി.
കഴിഞ്ഞ മാസവും ഇവിടെ മട വീണിരുന്നു. ജങ്കാറിലെത്തിച്ച മണ്ണുമാന്തി യന്ത്രം കൊണ്ട് ബണ്ട് ബലപ്പെടുത്തുകയായിരുന്നു. മുൻപ് ബലമില്ലാത്ത പരമ്പരാഗത ബണ്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൃഷി ചെയ്യാനുള്ള സാഹചര്യം സർക്കാർ ഒരുക്കി നൽകാതെ ഇനി എന്ത് വിശ്വസിച്ചാണ് കൃഷി ചെയ്യുകയെന്ന് തെറ്റിച്ചാൽകോടി പാടത്തെ നെൽക്കർഷകരും പാടശേഖര സമിതി സെക്രട്ടറിയുമായ സിബി ഏബ്രഹാമും കൺവീനർ ഉപ്പുണ്ണിയിൽ വർഗീസ് ജോസഫും (ബേബിച്ചൻ), ടോമിച്ചനും ചോദിക്കുന്നു. ലാഭമില്ല, അധ്വാനം മാത്രമാണ് മിച്ചമെന്നും ഇവർ പറയുന്നു.
പരിരക്ഷ ഇല്ല
വിത്തുവിത പൂർത്തിയായി 15 ദിവസത്തിനു ശേഷമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മാത്രമേ സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായി മടവീഴ്ചയുണ്ടായ പാടശേഖരങ്ങൾ വിത പൂർത്തിയാക്കി 15 ദിവസം തികഞ്ഞിട്ടില്ല. വിതച്ച വിത്ത് നശിച്ചെങ്കിൽ പകരം സൗജന്യവിത്ത് നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ട്. പകരം വിത്ത് ലഭ്യമാക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ പറഞ്ഞു.
പെരുംകരി പാടശേഖരത്തിൽ മട വീണു
മാഞ്ഞൂർ ∙ കനത്തമഴയിൽ മാഞ്ഞൂർ പഞ്ചായത്തിലെ കുഴിയാംചാൽ ആനിത്താനം പെരുംകരി പാടശേഖരത്തിൽ മട വീണു. വിതച്ച് 15 ദിവസമായ 48 ഏക്കറിലെ നെൽക്കൃഷി നശിച്ചു. 90 ദിവസത്തിൽ വിളവെടുക്കാനാകുന്ന ജ്യോതി ഇനമാണ് വിതച്ചത്. പകരം വിത്ത് ലഭ്യമാകുന്നതുൾപ്പടെ വീണ്ടും കൃഷി ഇറക്കുന്നതിൽ കർഷകർക്ക് ആശങ്കയുണ്ട്. കുഴിയാംചാൽ മുയറ്റി തോട്ടിൽ ചീപ്പിന്റെ കൽക്കെട്ട് തകർന്നും കുഴിയാംചാൽ കുളത്തിനു സമീപം മൺ ബണ്ട് തകർന്നുമാണു കൃഷിനാശം. ഏക്കറിന് 20,000 രൂപ മുടക്കിയാണ് പല കർഷകരും കൃഷിയിറക്കിയത്.
നെടുമണ്ണി തോട്ടിലെ തടയണ പൊട്ടി
നെടുംകുന്നം ∙ നെടുമണ്ണി തോട്ടിലെ തടയണ വീണ്ടും ‘പണി കൊടുത്തു’; ഏക്കർ കണക്കിന് കൃഷിയിടം വെള്ളത്തിലായി. കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ നെടുമണ്ണി, ആര്യാട്ടുകുഴി, ഇടവെട്ടാൽ ഭാഗങ്ങളിൽ വെള്ളംകയറി കൃഷി നശിച്ചു. ഈ വർഷം നാലാം തവണയാണ് വെള്ളം കയറുന്നത്. ഇടവെട്ടാൽ ഭാഗത്തെ 12 വീടുകളിലും ആര്യാട്ടുകുഴി - കോവേലി റോഡിലും വെള്ളം കയറി. വെള്ളക്കെട്ടിലെ കപ്പക്കൃഷി വാടി നിൽക്കുകയാണ്.
നെൽക്കർഷകരുടെ പ്രശ്നങ്ങൾ സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കരുത്: സുകുമാരൻ നായർ
ചങ്ങനാശേരി ∙ നെൽക്കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കരുതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അരിയാഹാരം കഴിക്കുന്ന കേരള ജനതയ്ക്ക് കുട്ടനാട് എന്ന പ്രദേശമാണ് വലിയ തോതിൽ നെല്ല് ഉൽപാദിപ്പിച്ചുനൽകുന്നത്. എന്നാൽ ഇന്ന് കുട്ടനാടിനെ കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിച്ചാൽ, ഈ മണ്ണ് നെൽക്കർഷകനെ സംബന്ധിച്ചിടത്തോളം ഒരു ശാപമായി മാറുന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അതിന് ഇടവരുത്താതെ, നെൽക്കൃഷി മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കു പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ട്. ന്യായമായ താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നെൽകർഷക സംരക്ഷണസമിതി ആലപ്പുഴ കലക്ടറേറ്റിനു മുൻപിൽ അനിശ്ചിതകാല നിരാഹാരം നടത്തുന്നുണ്ട്. കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനു നടപടി വേണമെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.
കുട്ടനാട്ടിലെ കൃഷിനാശത്തിൽ സർക്കാർ ഇടപെടണം: മാർ തോമസ് തറയിൽ
ചങ്ങനാശേരി ∙ കുട്ടനാട്ടിലെ കൃഷിനാശത്തിൽ സർക്കാർ ഇടപെടണമെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. അർഹമായ നഷ്ടപരിഹാരം സർക്കാർ അടിയന്തരമായി പ്രഖ്യാപിക്കണം. മുട്ടാർ മിത്രക്കരി പ്രദേശത്തും മറ്റു പലയിടങ്ങളിലും വെള്ളപ്പൊക്കം മൂലം മുഴുവൻ നെൽക്കൃഷിയും നശിക്കുന്ന അവസ്ഥയിലാണ്. പലയിടത്തും മട വീണു. കഴിഞ്ഞ മൂന്നൂ കൃഷി നശിച്ചതിന്റെ ആഘാതത്തിൽനിന്ന് മോചിതരാകുന്നതിനു മുൻപേയാണ് പുതിയ നാശം ഉണ്ടായത്.
കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടുന്ന കുട്ടനാട്ടിലെ ജനത്തിന് വലിയ നഷ്ടവും സാമ്പത്തിക ബാധ്യതയുമാണ് അതിതീവ്ര മഴ വരുത്തിയത്. കാർഷികാദായത്തെ മാത്രം ആശ്രയിച്ചാണ് കുട്ടനാടൻ കർഷകർ ഭൂരിഭാഗവും ജീവിക്കുന്നത്. സർക്കാർ ഇടപെട്ട് കർഷകർക്ക് ധനസഹായവും സാങ്കേതിക സഹായവും നൽകണമെന്നും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ആവശ്യപ്പെട്ടു.