വരൂ, അറസ്റ്റിന് കാത്തിരിക്കുകയാണ്; കോട്ടയം ജില്ലയിൽ ആയിരം തികഞ്ഞ് സൈബർ തട്ടിപ്പുകൾ
Mail This Article
കോട്ടയം ∙ ജില്ലയിൽ ഒരു വർഷത്തിനിടെ നടന്ന സൈബർത്തട്ടിപ്പുകൾ ആയിരം തികഞ്ഞു. ജനുവരി മുതൽ ഡിസംബർ ആദ്യവാരം വരെയുള്ള കണക്കാണിത്. ഇതിൽ ഒരു കോടിയിലധികം രൂപ നഷ്ടമായ 100 കേസുകളുണ്ട്. വിവിധ തട്ടിപ്പുകേസുകളിൽ നിന്നായി 30 ലക്ഷം രൂപ പൊലീസ് കണ്ടെത്തി. ഉടമകൾക്കു നൽകാനുള്ള നിയമ നടപടികൾ പുരോഗമിച്ചുവരികയാണ്. 55 പേരെ വിവിധ തട്ടിപ്പുകേസുകളിൽ അറസ്റ്റ് ചെയ്തു.
തട്ടിപ്പുകളിൽ വൈവിധ്യം: ‘നിക്ഷേപം സ്വർണഖനിയിൽ!’
∙ സ്വർണഖനിയിൽ നിക്ഷേപമിറക്കാമെന്ന വാഗ്ദാനം വഴിയാണു ജില്ലയിലെ ഒരു അധ്യാപകനിൽ നിന്നു 18 ലക്ഷം രൂപ തട്ടിച്ചത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട വ്യക്തി വഴിയാണു സ്വർണഖനിയുടെ ഓഹരിക്കു പണം നിക്ഷേപിച്ചത്. പണം നിക്ഷേപിച്ചതിനു പിന്നാലെ വ്യാജ ഷെയർ കമ്പനി സൈറ്റ് അപ്രത്യക്ഷമായി. ഓഹരിവിപണിയിൽ പണം നിക്ഷേപിക്കുന്നവരെ കേന്ദ്രീകരിച്ചു വ്യാപകമായി തട്ടിപ്പിനു ശ്രമം നടക്കുന്നെന്നു സൈബർ പൊലീസ് പറയുന്നു. ആദ്യം നിക്ഷേപിക്കുന്ന പണത്തിനു വലിയ ലാഭം തട്ടിപ്പുസംഘം നൽകും. മുടക്കിയ പണവും ലഭിച്ച ലാഭവും വീണ്ടും നിക്ഷേപിക്കുന്നവരുടെ പണമാണു സംഘം കവരുന്നത്. സമാനമായി ഒട്ടേറെ തട്ടിപ്പുകളാണു ജില്ലയിൽ നടക്കുന്നത്.
വായ്പയെടുത്തും തട്ടിപ്പ്
∙ഉടമയറിയാതെ അക്കൗണ്ടിൽ നിന്നു വായ്പയെടുത്തും തട്ടിപ്പ്. സ്വകാര്യ കമ്പനി ജീവനക്കാരിയാണു തട്ടിപ്പിന് ഇരയായത്. ഇറാനിലേക്കു നിങ്ങൾ അയച്ച പാഴ്സലിൽ ലഹരിമരുന്നു കണ്ടെത്തിയെന്നും നിങ്ങൾ വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞ് യുവതിക്കു വിഡിയോ കോൾ വന്നു. യുവതി ആദ്യം അമ്പരന്നെങ്കിലും പിന്നീടു തട്ടിപ്പെന്നു മനസ്സിലാക്കി അക്കൗണ്ടിലെ പണം മറ്റൊരു അക്കൗണ്ടിലേക്കു മാറ്റി. ഇതിനിടെ മറ്റൊരു കോൾ വന്നു.
നിങ്ങളുടെ അക്കൗണ്ടിലേക്ക് 5 ലക്ഷം രൂപ അബദ്ധത്തിൽ ഇട്ടിട്ടുണ്ട്. അതു പിൻവലിച്ചുതരണമെന്നായിരുന്നു ആവശ്യം. അക്കൗണ്ട് പരിശോധിച്ചപ്പോൾ 5 ലക്ഷം രൂപ വന്നിട്ടുണ്ട്. പണം ആവശ്യപ്പെട്ടവർക്കു മടക്കി നൽകുകയും ചെയ്തു. യുവതിയുടെ അക്കൗണ്ടിൽ നിന്നു യുവതിയുടെ അനുമതിയില്ലാതെ തട്ടിപ്പുസംഘം നേടിയ വായ്പയായിരുന്നു ഇത്. അന്വേഷണം നടക്കുകയാണ്.
അന്വേഷണം ശ്രീനഗറിൽ
∙തട്ടിപ്പുസംഘത്തെ തേടി ജില്ലാ സൈബർ സെൽ ശ്രീനഗറിലെത്തിയിരുന്നു. ഒരു കേസിൽ പ്രതിയുടെ അക്കൗണ്ട് വിലാസം ശ്രീനഗറിലെ ബാങ്കിന്റേതായിരുന്നു. അക്കൗണ്ട് ഉടമയുടെ വീട്ടിലെത്തി വിവരങ്ങൾ തേടിയെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താനായില്ല. കുടുംബത്തിനും വിവരങ്ങളൊന്നും അറിയില്ല.
വരൂ, അറസ്റ്റിന് കാത്തിരിക്കുകയാണ്...
∙ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെക്കുറിച്ചു വ്യാപകമായ പ്രചാരണം ലഭിച്ചതോടെ ഇത്തരം കോളുകൾ ലഭിക്കുന്ന പലരും ‘എന്നെ അറസ്റ്റ് ചെയ്യൂ’ എന്ന മറുപടിയാണു നൽകുന്നത്. ഇതോടെ പല തട്ടിപ്പുസംഘങ്ങളും ഫോൺ കട്ടു ചെയ്യുന്നു.
സുരക്ഷിതമാക്കുക സൈബറിടം
∙നിങ്ങളുടെ സമ്മതമില്ലാതെ ആരും സിസ്റ്റത്തിൽ പ്രവേശിക്കാൻ സാധിക്കാത്ത വിധത്തിൽ കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും മൊബൈലിലും പാസ്‌വേഡ് ക്രമീകരിക്കണം.
∙ബാങ്കിന്റെ സുരക്ഷിതമായ വെബ്സൈറ്റിലേക്ക് എപ്പോഴും നേരിട്ടു മാത്രം പ്രവേശിക്കുക. ഇ–മെയിൽ വഴിയോ മൂന്നാമതൊരു കക്ഷിയുടെ ലിങ്ക് വഴിയോ ഒരിക്കലും ബാങ്കിന്റെ സൈറ്റിലേക്കു പോകരുത്. ലോഗിൻ ചെയ്യുന്നതിനു മുൻപു ഡൊമൈനിന്റെ പേരു കൃത്യമാണോ എന്നു പരിശോധിക്കണം.
∙ സുരക്ഷിതമല്ലാത്ത വൈഫൈ ശൃംഖലകൾ ഉപയോഗിച്ച് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
∙ഹാക്കർമാർ, വൈറസ് ആക്രമണങ്ങൾ, മാൽവെയറുകൾ എന്നിവയിൽ നിന്നു സംരക്ഷണം നേടുന്നതിനായി അംഗീകൃത സുരക്ഷാ പ്രോഗ്രാമുകൾ ഉപയോഗിക്കുക.
∙കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും അനുയോജ്യമായ ഫയർവാൾ ലഭ്യമാക്കുക. കുടുംബാംഗങ്ങൾ ഉൾപ്പെടെ ആർക്കും നിങ്ങളുടെ കംപ്യൂട്ടറിൽ പുറത്തു നിന്നു നിയന്ത്രണം ഏറ്റെടുക്കാനുള്ള അനുവാദം നൽകരുത്.
∙ഓപ്പറേറ്റിങ് സംവിധാനത്തിൽ ഫയൽ ആൻഡ് പ്രിന്റിങ് ഷെയറിങ് കമാൻഡ് നിഷ്‌ക്രിയമാക്കുക.
∙കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഉപയോഗത്തിൽ ഇല്ലാത്തപ്പോൾ എപ്പോഴും ലോഗ് ഓഫ് ചെയ്യുക.
ടോൾഫ്രീ നമ്പർ 1930
∙സൈബർ സാമ്പത്തികത്തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചു പരാതികൾ അറിയിക്കാം. കേന്ദ്ര സർക്കാരിന്റെ സിറ്റിസൻ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിനു കീഴിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ. പൊലീസിനു ലഭിക്കുന്ന പരാതികൾ നാഷനൽ സൈ ബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ബാങ്ക് അധികൃതരെ അറിയിച്ചു പണം കൈമാറ്റം തടയും.