ഒന്നിച്ചുള്ള യാത്രകളിലെ കൂട്ടുകാർ; അവരിൽ മൂന്നുപേർ ഇനിയില്ല: ഉള്ളുപൊള്ളി ജന്മനാട്
Mail This Article
കുറവിലങ്ങാട് ∙ ഒന്നിച്ചായിരുന്നു ആ നാലു കൂട്ടുകാരുടെ പല യാത്രകളും. തീർഥാടന കേന്ദ്രങ്ങളിലേക്കായിരുന്നു പലപ്പോഴും പോയിരുന്നത്. നിത്യതയിലേക്കുള്ള യാത്രയിൽ അതിൽ മൂന്നുപേർ ഒരുമിച്ചായി. തേനിയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കെ.ജെ സോണിമോൻ (45), ജോബിൻ തോമസ് (ജോബിഷ്–33), ജെയിൻ തോമസ് (34), ഗുരുതരമായി പരുക്കേറ്റ പി.ഡി.ഷാജി (47) എന്നിവർ വർഷങ്ങളായി സുഹൃത്തുക്കളാണ്.
ഷാജി മാത്രമാണു അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.ഇടവേളകളിൽ യാത്ര പോകുന്നതായിരുന്നു ഇവരുടെ പതിവ്. ചിലപ്പോൾ ട്രെയിനിൽ. ജോബിന്റേതാണ് കാർ. കുര്യം ഭാഗത്തു ഗോവിന്ദപുരം കോളനിയിൽ അടുത്തടുത്ത വീടുകളിലാണ് ഇവർ താമസം. പരുക്കേറ്റ ഷാജി ക്രിസ്മസ് ദിനത്തിൽ വൈകിട്ടാണ് ശബരിമല ദർശനം നടത്തി തിരികെ എത്തിയത്. പിറ്റേന്നു വൈകിട്ട് കൂട്ടുകാർക്കൊപ്പം വേളാങ്കണ്ണി തീർഥാടനത്തിനും പോയി. 26ന് പുറപ്പെട്ട ഇവർ 27ന് വേളാങ്കണ്ണിയിലെ ദേവാലയത്തിൽ കുർബാനയിൽ പങ്കെടുത്തു.
അന്നു രാത്രി വൈകിയാണു മടക്കയാത്ര ആരംഭിച്ചത്. ഇടയ്ക്കിടെ വീട്ടിലേക്കു വിളിച്ചിരുന്നു. ഇന്നലെ രാവിലെയോടെ തിരിച്ചെത്തി ജോലിക്കു പോവുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ജെയിൻ മുൻപ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. തിരികെ എത്തി കുറവിലങ്ങാട് ടൗണിലെ വ്യാപാരസ്ഥാപനത്തിൽ ജോലി നേടി. സോണിമോൻ മികച്ച മേസ്തിരിപ്പണിക്കാരനായിരുന്നു. ലോറി ഓടിച്ചാണ് ജോബിൻ വരുമാനം കണ്ടെത്തിയിരുന്നത്. മൂവരുടെയും മൃതദേഹങ്ങൾ ഇന്ന് വൈകിട്ട് വീടുകളിൽ കൊണ്ടുവരാനാണ് പൊലീസിന്റെയും അധികൃതരുടെയും ശ്രമം. തമിഴ്നാട്ടിലെ 3 ആംബുലൻസുകളിലായി മൃതദേഹങ്ങൾ സംസ്ഥാന അതിർത്തിയിൽ എത്തിച്ച ശേഷം നാട്ടിൽ നിന്നുള്ള ആംബുലൻസുകളിൽ ജന്മനാട്ടിലേക്കു കൊണ്ടുവരും. തുണയായിരുന്ന ചെറുപ്പക്കാരുടെ വേർപാടോടെ അനാഥമായ മൂന്നു കുടുംബങ്ങൾക്ക് ഇനി നാടിന്റെ സഹായം ആവശ്യമാണ്. ഇതിനായി ശ്രമിക്കുന്നതിനുള്ള ആലോചനയിലാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ.
സോണിയുടെയും ജോബിന്റെയും ജെയിന്റെയും മൃതദേഹങ്ങൾ ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കും. ഗോവിന്ദപുരം കോളനിയിൽ അടുത്തടുത്ത വീടുകളിലാണ് മൂവരും താമസിക്കുന്നത്. സോണി നിർമാണത്തൊഴിലാളിയാണ്. ജോബിൻ ലോറി ഡ്രൈവറാണ്. ജെയിൻ കുറവിലങ്ങാട് ടൗണിലെ വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കാറുടമയായ ജോബിൻ തന്നെയാണ് ഓടിച്ചിരുന്നത്. ഗോവിന്ദപുരം കോളനി കാഞ്ഞിരത്തിങ്കൽ വീട്ടിൽ പരേതനായ ജോസ്–മേരി ദമ്പതികളുടെ മകനാണ് സോണിമോൻ. ഭാര്യ: ലിസി. മകൻ: ആൽബിൻ (വിദ്യാർഥി, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കുറവിലങ്ങാട്). സഹോദരൻ: സോജി. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ നമ്പൂശേരി കോളനി അമ്പലത്തുങ്കൽ എ.ഡി.കുട്ടിയുടെയും ത്രേസ്യാമ്മയുടെയും മകനാണ് ജോബിൻ. അവിവാഹിതനാണ്. കുറവിലങ്ങാട് പഞ്ചായത്ത് എട്ടാം വാർഡിൽ പകലോമറ്റം കോയിക്കൽ തോമസ്–മിനി ദമ്പതികളുടെ മകനാണ് ജെയിൻ. ഭാര്യ: നീനുമോൾ.
അച്ഛന്റെ മരണമറിഞ്ഞ മകൻ ആശുപത്രിയിൽ
കുറവിലങ്ങാട് ∙ അച്ഛന്റെ അപ്രതീക്ഷിത വേർപാട് ആൽബിനെന്ന എട്ടാംക്ലാസുകാരനെ തളർത്തി. അച്ഛൻ മരിച്ചതറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ട ആൽബിനെ ഇന്നലെ വൈകിട്ട് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോണിമോൻ–ലിസി ദമ്പതികൾക്ക് ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ആൽബിൻ ജനിച്ചത്.ഇന്നലെ പുലർച്ചെയുണ്ടായ അപകടം ജന്മനാട്ടിൽ അറിഞ്ഞത് രാവിലെ എട്ടു മണിയോടെയാണ്. ഗുരുതരമായി പരുക്കേറ്റു എന്നായിരുന്നു ആദ്യം അറിഞ്ഞത്. ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. ബന്ധുക്കൾ അവരുടെ മൊബൈൽ ഫോണുകളിൽ വിളിച്ചപ്പോൾ എടുത്തത് തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരാണ്. സാരമായി പരുക്കേറ്റു എന്നു തന്നെയാണ് അവരും പറഞ്ഞത്. താമസിയാതെ 3 പേരുടെയും മരണവാർത്ത എത്തി. ഈ സങ്കടവിവരം കുടുംബാംഗങ്ങളെ അറിയിച്ചത് വൈകിയാണ്. പിന്നീട് അത് നെഞ്ചുപിളർക്കുന്ന കരച്ചിലായി മാറി.