കലോത്സവത്തിൽ ഓടക്കുഴല് നാദം മുഴങ്ങുമ്പോൾ ഹരിഹറിന്റെ വീട്ടിൽ വിലാപമുയർന്നു; പിതാവിന് അന്ത്യചുംബനം
Mail This Article
വാഴൂർ (കോട്ടയം) ∙ പാതിയിൽ നിന്ന ഒരു പാട്ടു പോലെ അയ്യപ്പദാസിന്റെ മടക്കത്തിൽ ഹരിഹറിന്റെ ഓടക്കുഴൽനാദം നിലച്ചു. തിരുവനന്തപുരത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് ഓടക്കുഴൽ വേദിയിൽ മുഴങ്ങേണ്ട ഹരിഹർ ദാസിന്റെ ശബ്ദം നിലച്ചതു മണിക്കൂറുകൾ മുൻപു വിട പറഞ്ഞ അച്ഛൻ അയ്യപ്പദാസിന്റെ ഓർമകളിലാണ്. കോട്ടയം – എറണാകുളം റോഡിൽ കാണക്കാരി ജംക്‌ഷനു സമീപം ശനിയാഴ്ച രാത്രി ഉണ്ടായ ബൈക്ക് അപകടത്തിലാണ് ഹരിഹർദാസിന്റെ പിതാവ് എ.കെ.അയ്യപ്പദാസ് (45) മരിച്ചത്.
കോട്ടയം സ്റ്റാർ വോയ്സിലെ ഗായകനായ അയ്യപ്പദാസ് ഗാനമേള കഴിഞ്ഞു രാത്രി വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് എച്ച്എസിലെ പ്ലസ് വൺ വിദ്യാർഥിയായ ഹരിഹർദാസ് ഈ സമയം കലോത്സവത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു. അച്ഛന്റെ അപകട വാർത്ത അറിഞ്ഞു സ്കൂൾ അധികൃതർ അധ്യാപിക എം.എസ് അശ്വതിക്കൊപ്പം ഞായറാഴ്ച പുലർച്ചെ അഞ്ചോടെ ഹരിഹർദാസിനെ വീട്ടിലെത്തിച്ചു.
വൈകിട്ട് നാലോടെ കൊടുങ്ങൂർ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപത്തെ വാടക വീട്ടിൽ നിലച്ചു പോയ നാദം പോലെ അയ്യപ്പദാസ് അവസാനമായെത്തി. തിരുവനന്തപുരത്തെ കലോത്സവ വേദിയിൽ ഓടക്കുഴലിൽ മത്സരാർഥികളുടെ നാദം മുഴങ്ങുന്ന സമയം കൊടുങ്ങൂരിലെ വീട്ടിൽ ഹരിഹറിന്റെയും അമ്മ പ്രതിഭയുടെയും സഹോദരങ്ങളായ മാധവദാസിന്റെയും അഗ്രിമ ദാസിന്റെയും വിലാപമുയർന്നു. രാത്രി എട്ടോടെ അയ്യപ്പദാസിന്റെ സഹോദരി ഉഷയുടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.