പുട്ട് മുതൽ ബീഫ് ഫ്രൈ വരെ; ഡ്രൈവർമാരുടെ ഈ അടുക്കളയിൽ സ്വപ്നങ്ങൾ വേറെയുമുണ്ട്
Mail This Article
കോഴിക്കോട്∙ വണ്ടിയോടിക്കുന്നതിന്റെ ഇടവേളയിൽ പറമ്പിൽ ബസാർ സ്റ്റാൻഡിലെ ടാക്സി –ഗുഡ്സ് ഡ്രൈവർമാർ കടുപ്പത്തിലൊരു ചായയിടും. അല്ലെങ്കിൽ പുട്ടും കടലയുമുണ്ടാക്കും. അതുമല്ലെങ്കിൽ നല്ല എരിവുള്ള ബീഫ് ഫ്രൈ. സ്റ്റാൻഡിലെ കൂട്ടുകാർക്ക് എന്തായാലും ഓട്ടം പോയി തിരിച്ചു വരുമ്പോൾ ഹോട്ടലിലോ കടയിലോ കയറി വിശപ്പടക്കേണ്ടി വരില്ല. എല്ലാ ഡ്രൈവർമാർക്കും വേണ്ടി കുറഞ്ഞ ചെലവിൽ ഭക്ഷണമുണ്ടാക്കുന്ന ഇവരുടെ സാമൂഹിക അടുക്കള സൗഹൃദത്തിന്റെ ചേരുവകളെല്ലാം സമാസമം ചേർന്ന നല്ല ഒന്നാന്തരം കൂട്ടുപുരയാണ്.
പറമ്പിൽ ബസാർ മോട്ടർ തൊഴിലാളി ടാക്സി –ഗുഡ്സ് ഡ്രൈവർമാരുടെ കോ–ഓർഡിനേഷൻ കമ്മിറ്റിയുടേതാണ് ബസ് സ്റ്റാൻഡിനുള്ളിലെ ഈ കമ്യൂണിറ്റി കിച്ചൻ.‘‘15 വർഷമായി ഞങ്ങളെല്ലാം വരുമാനത്തിന്റെ ഒരു ഭാഗം കാരുണ്യ പ്രവർത്തനങ്ങൾക്കു നീക്കി വയ്ക്കുന്നുണ്ട്. കിടപ്പുരോഗികൾക്ക് സൗജന്യമായി മെഡിക്കൽ ഉപകരണങ്ങൾ, നിർധനരായ കുട്ടികൾക്കു പഠന സഹായം, സൗജന്യ നിരക്കിൽ ആംബുലൻസ്–ഫ്രീസർ സേവനം അങ്ങനെ വിവിധ സേവനങ്ങൾ.
ഇപ്പോൾ ഓട്ടം വല്ലാതെ കുറഞ്ഞു, എല്ലാവരും പലവിധ പ്രാരബ്ധക്കാരാണ്. ഈ സാഹചര്യത്തിൽ ഭക്ഷണത്തിന്റെ ചെലവു താങ്ങാൻ കഴിയുന്നില്ല. അങ്ങനെയാണ് കമ്യൂണിറ്റി കിച്ചനുണ്ടായത് ’ കൂട്ടായ്മയുടെ പ്രസിഡന്റ് കൂടിയായ പി.സുരേന്ദ്രൻ പറയുന്നു. ഹോട്ടലിൽ നിന്നു കഴിക്കുമ്പോൾ 50–100 രൂപ കൊടുക്കേണ്ടി വരുന്ന ഒരു നേരത്തെ ഭക്ഷണം 15–30 രൂപയിൽ ഒതുങ്ങും. കൂട്ടത്തിലെ പാചക വിദഗ്ധനായ പി.പ്രദീപ് കുമാറാണ് നേതൃത്വം. 50ൽ ഏറെ പേരുണ്ട്. ഒഴിവുള്ളവർ ഒരുകൈ സഹായത്തിനെത്തിയാൽ അരമണിക്കൂർ കൊണ്ട് ഒരു നേരത്തേക്കുള്ള ഭക്ഷണമായി. രണ്ടു മാസമായി അടുക്കള സൂപ്പർഹിറ്റാണ്.
ഫസലു റഹ്മാൻ,മുജീബ് റഹ്മാൻ, എം.മഹേഷ്, സി.ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ പാചകത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഒഴിവുള്ളപ്പോൾ കൃഷി നടത്താനും സംഘം തയാർ. ആരും ഏറ്റെടുക്കാനില്ലെന്നായതോടെ കക്കോടി പഞ്ചായത്തിന്റെ പൊതു ശുചിമുറിയുടെ നടത്തിപ്പും ഏറ്റെടുത്തിട്ടുണ്ട്. സംഘത്തിന്റെ ആംബുലൻസ് പഴഞ്ചനായതാണ് ഇപ്പോൾ ഇവരുടെ ദുഃഖം. ഏതെങ്കിലും സുമനസ്സുകൾ പുതിയ ആംബുലൻസുമായി വരുമെന്നാണു കൂട്ടായ്മയുടെ സ്വപ്നം.