ദേശീയപാത നിർമാണം പുരോഗമിച്ചതോടെ വഴിയും വെള്ളവും മുട്ടി 13 അംഗ കുടുംബം
Mail This Article
കോഴിക്കോട്∙ ദേശീയപാത നിർമാണം പുരോഗമിച്ചതോടെ വീട്ടിലേക്കുള്ള വഴിയും വെള്ളവും മുട്ടി 13 അംഗ കുടുംബം. ഒളവണ്ണ പഞ്ചായത്ത് കൊടൽനടക്കാവ് പൊറ്റമ്മൽ മൂലംകുന്നത്ത് എം.പി.ശാന്തയുടെ കുടുംബമാണു ദുരിതത്തിലായത്. വഴി പൂർണമായും ഇല്ലാതായതോടെ കുട്ടികൾ അടക്കമുള്ള കുടുംബത്തിന്റെ ജീവിതം തീർത്തും ദുരിതത്തിലായി.ഇവരുടെ വീടിനു മുന്നിലൂടെയാണു ദേശീയപാത കടന്നു പോകുന്നത്.
സർവീസ് റോഡിന്റ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിലെ കിണറിനു ചുറ്റും മണ്ണ് കുന്നുകൂടുക കൂടി ചെയ്തതോടെ കിണർ ഉപയോഗിക്കുന്നതും പ്രതിസന്ധിയിലായി. മോട്ടർ നശിക്കുകയും ജലനിധി ടാപ്പ് മണ്ണിനടിയിലാവുകയും ചെയ്തു. മുൻപു കാർ വന്നിരുന്ന വഴി പൂർണമായും മുടങ്ങിയതോടെ കാൽനട പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്.
വഴി വേണമെങ്കിൽ സ്വന്തമായി ഒരുക്കാനാണു കരാറുകാരൻ പറയുന്നതെന്ന് കുടുംബം പറയുന്നു. ഈ കുടുംബം മാത്രമാണ് ഈ പ്രദേശത്തുള്ളത്. പട്ടികജാതി– പട്ടികവർഗ വിഭാഗത്തിൽപെടുന്ന കുടുംബത്തിനു സ്വന്തമായി വഴിയൊരുക്കാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. അടിയന്തരമായി വഴി പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ടു കലക്ടർക്കും ദേശീയപാത അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.