ADVERTISEMENT

കോഴിക്കോട്∙ മുന്നണികളെല്ലാം തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൂടെ പൊരിഞ്ഞ പോരാട്ടം തുടരുമ്പോഴും കണ്ണൂരിൽനിന്നൊരു ബെംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടാനെടുത്ത തീരുമാനം 2 മാസമായിട്ടും നടപ്പായില്ല. 16511/12 ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാൻ ജനുവരിയിൽ തീരുമാനമെടുത്തപ്പോൾ 3 മുന്നണികളും ഈ നേട്ടത്തിന്റെ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. 

പിന്നീടാണ് കർണാടകയിലെ ബിജെപി എംപി എതിർപ്പുമായി രംഗത്തുവരുന്നത്. അതോടെ തീരുമാനം നടപ്പാക്കേണ്ടെന്ന് റെയിൽവേ തീരുമാനിച്ചതായാണ് അണിയറ സംസാരം. ബിജെപി കേരള ഘടകം ഈ വിഷയത്തിൽ കർണാടക ബിജെപിയുടെ നിലപാടിനൊപ്പമല്ലെന്ന് പരസ്യമായി വ്യക്തമാക്കിയെങ്കിലും ട്രെയിൻ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കാനെടുത്ത തീരുമാനം നടപ്പാക്കാൻ അവർക്കുമായിട്ടില്ല.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ  ഈവിഷയം വരുന്നുണ്ടെങ്കിലും സംഗതി നടപ്പായിട്ടില്ലെന്ന വിഷയം തുറന്ന ചർച്ചയാക്കാൻ ആരും താൽപര്യപ്പെടുന്നില്ലെന്നതാണ് യാഥാർഥ്യം. തീരുമാനം നടപ്പായാൽ പുതിയ ട്രെയിൻ ദിവസേന രാത്രി 9.35 ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് ഉച്ചക്ക് 12.40 ന് കോഴിക്കോട്ടെത്തും. മടക്കയാത്ര ദിവസേന വൈകീട്ട് 3.30 ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.35ന് ബെംഗളൂരുവിലെത്തും.    

മംഗളൂരുവിൽ പുതിയ സ്ലീപ്പർ ഡിപ്പോ 
കർണാടകയുടെ എതിർപ്പ് അംഗീകരിച്ച് ബെംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കാതിരിക്കുന്ന റെയിൽവേ കേരളത്തിലെ ജീവനക്കാരെ സ്ഥലംമാറ്റി മംഗളൂരുവിൽ പുതിയ സ്ലീപ്പർ ഡിപ്പോ തുറന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ ഓഫിസുകളും, സ്ഥാപനങ്ങളും മംഗളൂരുവിലേക്ക്  മാറ്റാൻ ആസൂത്രിതശ്രമം നടക്കുന്നതായി ആരോപണം നിലനിൽക്കുന്നതിനിടെയാണ് അതു ശരിവയ്ക്കുംവിധം 3 ദിവസം മുമ്പ് മംഗളൂരുവിൽ പുതിയ സ്ലീപ്പർ ഡിപ്പോ തുറന്നത്.

കേരളത്തിലെ വിവിധ സ്ലീപ്പർ ഡിപ്പോകളിൽനിന്ന് 11 പേരെ സ്ഥലംമാറ്റിക്കൊണ്ടാണ് ഈ ഡിപ്പോ പെട്ടെന്ന് തുറന്നിരിക്കുന്നത്.  ട്രെയിനുകളിൽ ടിടിഇമാരുടെ ജോലിക്രമീകരണമാണ് സ്ലീപ്പർ ഡിപ്പോയുടെ ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com