‘ബംഗാളല്ല കേരളം, അവിടെവെട്ടിക്കൊലയായിരുന്നു’; തുറന്നുപറഞ്ഞ് സിആർപിഎഫ് അംഗം
Mail This Article
കോഴിക്കോട്∙ ‘കഴിഞ്ഞ വർഷം ബംഗാളിൽ തിരഞ്ഞെടുപ്പു ജോലിക്കു പോയ ഞങ്ങൾക്ക് ഇവിടെ തിരഞ്ഞെടുപ്പു നടക്കുന്നുണ്ടെന്ന പ്രതീതി പോലുമില്ല. 11 പേരെയാണ് തിരഞ്ഞെടുപ്പു സംഘർഷത്തിനിടയിൽ അവിടെ പരസ്പരം വെട്ടിക്കൊന്നത്’–ബംഗാളിൽനിന്നു നേരെ കേരളത്തിൽ എത്തിയപ്പോൾ അനുഭവപ്പെട്ട വ്യത്യാസം തുറന്നുപറയുമ്പോൾ കർണാടക സ്വദേശി ബി.ഗജാനന്ദന്റെ മുഖത്ത് നേരിയ ആശ്വാസം.
തിരഞ്ഞെടുപ്പു ജോലിക്കായി കേരളത്തിലെത്തിയവരിൽ കോഴിക്കോട്–മലപ്പുറം ജില്ലാതിർത്തിയായ കടലുണ്ടിക്കടവ് പാലത്തിൽ പരിശോധന നടത്തുന്ന സിആർപിഎഫ് സംഘത്തിലുൾപ്പെട്ട ഗജാനന്ദന്റെ കൂടെ 4 പേരുണ്ട്.പാലത്തിനടുത്ത് കെട്ടിയ ഷെഡിൽ അവർ കനത്ത ചൂടിനെ നേരിട്ടു കഴിയുന്നു. 2 ദിവസമേ ആയിട്ടുള്ളൂ ഇവിടെ പരിശോധന ആരംഭിച്ചിട്ട്. 24 മണിക്കൂർ ഇടവിട്ട് നാലംഗസംഘം ജോലിയിൽ മാറിക്കൊണ്ടിരിക്കും. കടന്നുപോകുന്ന വാഹനങ്ങൾ പരിശോധിക്കുന്നതാണ് പ്രധാന ജോലി.
കർണാടകയിലെ ഷിമോഗയിൽനിന്ന് വന്ന സിആർപിഎഫ് സംഘത്തിലെ 72 പേർ നിലമ്പൂരിലാണ് ക്യാംപ് ചെയ്യുന്നത്. കഴിഞ്ഞ വർഷം മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജോലി ചെയ്ത ശേഷമാണ് സംഘം കേരളത്തിലെത്തിയത്. എസ്ഐ തമിഴ്നാട്ടുകാരനായ കെ.സുന്ദർ രാജിനു കീഴിൽ മഹാരാഷ്ട്ര സ്വദേശി കെ.ബാബാസാഹേബ്, ബംഗാൾ സ്വദേശി സുമൻ ഘോഷ് എന്നിവരുമാണ് കടലുണ്ടിക്കടവ് പാലത്തിൽ വെള്ളിയാഴ്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.