ഓട്ടമില്ലാതെ 2,000 ഓട്ടോറിക്ഷകൾ; ആകെയുള്ളത് ഒരു എൽപിജി പമ്പ് മാത്രം, ഇന്ധനക്ഷാമം രൂക്ഷം
Mail This Article
കോഴിക്കോട് ∙ ഇന്ധനമായി എൽപിജി ഉപയോഗിക്കുന്ന ഓട്ടോറിക്ഷക്കാർ ദുരിതത്തിൽ. പരിസ്ഥിതി സൗഹൃദം, ചെലവു കുറവ് തുടങ്ങിയ നേട്ടങ്ങളിൽ ആകൃഷ്ടരായി എൽപിജി ഓട്ടോറിക്ഷ വാങ്ങിയവരാണ് ഇന്ധനം ലഭിക്കാതെ ഗതികേടിലായത്. ഇപ്പോൾ ചെറുവണ്ണൂർ ശാരദ മന്ദിരത്തിനു സമീപത്തു മാത്രമാണ് നഗരത്തിൽ ഓട്ടോ എൽപിജി പമ്പ് ഉള്ളത്. നേരത്തെ പുതിയങ്ങാടി, മിനി ബൈപാസ് റോഡ് എന്നിവിടങ്ങളിൽ ഉണ്ടായിരുന്നു.
അതെല്ലാം പ്രവർത്തനം നിർത്തി. ശാരദ മന്ദിരത്തിനു സമീപത്തെ പമ്പിലാകട്ടെ എപ്പോഴും ഇന്ധനം ലഭ്യവുമല്ല. ഇന്നലെ പകൽ ഇന്ധനം തീർന്നു. മുഴുവൻ തീർന്ന ശേഷമാണ് അടുത്ത ലോഡ് വരിക. അതിനിടിയിലുളള സമയം എൽപിജി ഇന്ധനം വിതരണം ഉണ്ടാകില്ല. നഗരത്തിൽ 2000 എൽപിജി ഓട്ടോറിക്ഷകൾ ഉണ്ട്. അവരെല്ലാം ചെറുവണ്ണൂർ ശാരദ മന്ദിരത്തിനു സമീപം പോയി വേണം ഇന്ധനം നിറയ്ക്കാൻ.
പൊതുവേ ഇന്ധനം ലഭിക്കാതെ നെട്ടോട്ടമോടുന്ന എൽപിജി ഓട്ടോക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണു പലപ്പോഴും ഇന്ധന വിതരണം. രാത്രി 8 നു ശേഷം ഇന്ധനം നൽകില്ലെന്ന നിലപാട് എടുക്കുന്നതായി ഓട്ടോറിക്ഷക്കാർ പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്കിൽപെട്ടു ചെറുവണ്ണൂർ എത്തുമ്പോഴേക്കും ചിലപ്പോൾ 8 കഴിയും. പിന്നെ ഇന്ധനം ലഭിക്കാതെ അത്രയും ദൂരം തിരിച്ചു പോരണം. അതു സാമ്പത്തിക നഷ്ടത്തിനും സമയ നഷ്ടത്തിനും കാരണമാകുന്നതായി ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.
അതിനു പരിഹാരം കാണണമെന്നു കലക്ടർ അടക്കമുള്ള അധികൃതരോടു പറയുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്.മുടക്കം കൂടാതെ എൽപിജി ഇന്ധനം ലഭിക്കാൻ നടപടി ആവശ്യപ്പെട്ടു ഓട്ടോറിക്ഷ ഡ്രൈവർമാർ ഒട്ടേറെ തവണ പരാതി നൽകിയിട്ടുണ്ട്. ഇന്ധന കമ്പനി അധികാരികൾക്കും കലക്ടർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും ഉടൻ ശരിയാകുമെന്ന് പറയുന്നതല്ലാതെ ഒന്നും ശരിയാകുന്നില്ല എന്ന് എ.കെ.സജീവ്കുമാർ കോയാറോഡ് പറഞ്ഞു.