കൊടുംവേനലിലും ജലസമൃദ്ധം; ഇത് വറ്റുന്നതും കാത്തിരിക്കുന്നവർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു
Mail This Article
വടകര ∙ ജലസംരക്ഷണത്തിന്റെ മാതൃകയായി റെയിൽവേ സ്റ്റേഷനിലെ കുളം. ആവിയന്ത്രം ഓടാൻ തുടങ്ങിയ കാലം മുതൽ എൻജിൻ തണുപ്പിക്കാൻ വെള്ളം നൽകിയിരുന്ന ജലസംഭരണി ഈ കൊടും വേനലിലും ജല സമൃദ്ധം. അടിയിൽ 2 കിണറും അതിനു മുകളിൽ കുളവും പോലെയാണു ഘടന. ഏറെക്കാലമായി കാടുമൂടി വെള്ളം മലിനമായിക്കിടന്ന കുളം വൃത്തിയാക്കിയ ശേഷം, അമൃത് ഭാരതി പദ്ധതി പ്രകാരം നടന്നു വരുന്ന സ്റ്റേഷൻവികസന പ്രവൃത്തിക്കും ഇതിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്.
എന്നാൽ 2 അടി വെള്ളം താഴ്ന്നതല്ലാതെ വെള്ളത്തിന് കുറവൊന്നുമില്ല.നഗരത്തിലെ ഏറ്റവും വലിയ ജല സ്രോതസ്സായ റെയിൽവേക്കുളത്തിൽ 50,000 ലീറ്ററിലധികം വെള്ളം ഉണ്ടെന്നാണ് കണക്ക്. വത്സലൻ കുനിയിൽ സ്റ്റേഷൻ സൂപ്രണ്ട് ആയപ്പോഴാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ സഹകരണത്തോടെ കുളം വൃത്തിയാക്കിയത്. അന്നും വെള്ളം പൂർണമായി വറ്റിക്കാൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങളോളം മലിനമായിക്കിടന്ന കുളം വൃത്തിയാക്കി, കുടിക്കാൻ യോഗ്യമാണെന്ന സർട്ടിഫിക്കറ്റും വാങ്ങിയിട്ടുണ്ട്.