തറനിരപ്പിൽ നിന്നു താഴ്ത്തി ബഹുനില കെട്ടിട നിർമാണം; പാർക്കിങ് വെള്ളക്കെട്ടിൽ
Mail This Article
വടകര ∙ തറ നിരപ്പിൽ നിന്നു താഴ്ത്തി പണിയുന്ന ബഹു നില കെട്ടിടങ്ങളുടെ അടി ഭാഗത്ത് വാഹന പാർക്കിങ്ങിന് മാറ്റിവച്ച സ്ഥലത്ത് വെള്ളം നിറയുന്നു. നഗരത്തിലെ പണി കഴിഞ്ഞതും പൂർത്തിയായി വരുന്നതുമായ കൂറ്റൻ കെട്ടിടങ്ങളിൽ മഴക്കാലത്ത് നേരിടുന്ന പ്രശ്നമാണിത്. നിർമാണ സമയത്തു തന്നെ പരാതി ഉയർന്ന പല കെട്ടിടങ്ങളും പ്രവർത്തനം തുടങ്ങിയിട്ടും ഈ പ്രശ്നം നേരിടുന്നു. ഇതോടെ ഇത്തരം കെട്ടിടങ്ങളിലെ വാഹന പാർക്കിങ് സമീപത്തെ റോഡിലേക്കു മാറുകയാണ്.
കെട്ടിടത്തിന്റെ മൊത്തം അളവ് കണക്കാക്കി പാർക്കിങ്ങിന് നിശ്ചിത സ്ഥലം മാറ്റിവയ്ക്കണമെന്ന നിർദേശം കർശനമാക്കിയപ്പോഴാണ് പലരും തറ നിരപ്പിൽ നിന്ന് ഏറെ താഴ്ത്തി കെട്ടിട നിർമാണം തുടങ്ങിയത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ ആദ്യ നില വാഹന പാർക്കിങ്ങിന് മാത്രമാകും. ഇത് കെട്ടിടത്തിന്റെ ഭംഗി നഷ്ടമാക്കുമെന്നതു കൊണ്ടാണ് മണ്ണ് നീക്കി ബേസ്മന്റിൽ വാഹനം നിർത്തിയിടാൻ സൗകര്യം ഒരുക്കുന്നത്. പല കെട്ടിടങ്ങളും നിയമവിരുദ്ധമായി മണ്ണെടുത്തും സമീപത്തെ കെട്ടിടങ്ങൾക്ക് ഭീഷണി ഉയർത്തിയുമാണ് നിർമിക്കുന്നതെന്ന് പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. പല കെട്ടിടങ്ങളിലും മോട്ടർ വച്ച് വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുകയാണ്.
റസിഡന്റ്സ് അസോസിയേഷൻ പരാതി നൽകി
വടകര നഗരസഭ 25–ാം വാർഡിൽ കെട്ടിടം പണിയാൻ വലിയ രീതിയിൽ മണ്ണെടുക്കുന്നതിനെതിരെ സ്നേഹനഗർ റസിഡന്റ്സ് അസോസിയേഷൻ നഗരസഭയ്ക്കും തഹസിൽദാർക്കും പരാതി നൽകി. നഗരസഭ അനുവദിച്ച പെർമിറ്റിന്റെ ബലത്തിൽ നിയമം ലംഘിച്ച് നടത്തുന്ന മണ്ണെടുപ്പ് സമീപവാസികൾക്ക് ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു.