മലയുടെ ഒരുവശം കുത്തനെ വെട്ടിയിറക്കി ആറുവരിപ്പാത; ‘ഷിരൂർ മോഡൽ’ കേരളത്തിൽ ആവർത്തിക്കുമോ?
Mail This Article
കോഴിക്കോട്∙ മംഗലാപുരത്തിനപ്പുറം ഷിരൂരിൽ ദേശീയപാതയോരത്ത് മണ്ണിടിഞ്ഞ് കോഴിക്കോട് സ്വദേശിയായ അർജുനും ലോറിയും മണ്ണിനടിയിൽപെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കനത്ത മഴയ്ക്കിടയിലും ദേശീയപാത ആറുവരിയാക്കലിന്റെ പ്രവൃത്തികൾ ജില്ലയിൽ രാമനാട്ടുകര മുതൽ മാഹി വരെ പുരോഗമിക്കുകയാണ്. പലയിടത്തും റോഡ് മണ്ണിട്ടുയർത്തുന്നു. ചെങ്കുത്തായ രീതിയിൽ മണ്ണ് എടുത്തുമാറ്റി ആഴം കൂട്ടുന്നു. മംഗലാപുരത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സാഹചര്യത്തിൽ നമ്മുടെ ജില്ലയിലും ദേശീയപാതയോരത്ത് ഇത്തരം പ്രവൃത്തി കാണുമ്പോൾ നാട്ടുകാർ ആശങ്കയിലാണ്. ഷിരൂരിൽ ദേശീയപാത രണ്ടുവരിയാക്കുന്നതിന്റെ ഭാഗമായാണ് മലയുടെ ഒരുവശം കുത്തനെ വെട്ടിയിറക്കി പുതിയ റോഡ് പണിതത്.
മണ്ണിടിച്ചിൽ തുടരുന്നു
വടകര മുക്കാളിഭാഗത്ത് ദേശീയപാതയുടെ ഒരു വശത്ത് സുരക്ഷാഭിത്തി കെട്ടിയുയർത്തിയ ഭാഗം കഴിഞ്ഞ ദിവസം മഴയിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. ഈ ഭാഗത്ത് കട്ടിയുള്ള ചെങ്കല്ലിനുപകരം വെള്ളമിറങ്ങുമ്പോൾ കുഴഞ്ഞുപോകുന്ന തരം കല്ലാണ് ഉണ്ടായിരുന്നത്. ഇവിടെ അശാസ്ത്രീയമായാണ് നിർമാണം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. കല്ലിട്ടു വാർക്കുന്നതിനു പകരം വെട്ടിത്താഴ്ത്തിയ ഭാഗത്ത് മണ്ണിനുമുകളിൽ സിമന്റുകൊണ്ട് ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഈ സുരക്ഷാഭിത്തി പാളികളായി തകർന്നുവീഴുകയായിരുന്നു. പന്തീരാങ്കാവ് കൊടൽനടക്കാവ് ഭാഗത്ത് ദേശീയപാതയുടെ സർവീസ് റോഡിന്റെ വശത്തുള്ള സംരക്ഷണഭിത്തി തകർന്നുവീഴുകയും സ്ലാബ് തെറിച്ചുവീണ് വീട് തകർന്നതും മേയ് 23നാണ്. ആംബുലൻസ് റോഡിലൂടെ വരുന്നതിനിടെയാണ് വശം തകർന്നത്. അന്ന് തലനാരിഴയ്ക്കാണ് അപായം ഒഴിവായത്. അശാസ്ത്രീയമായ രീതിയിലാണ് നിർമാണം നടത്തുന്നതെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും അത് അവഗണിച്ചാണു പ്രവൃത്തി നടത്തിയിരുന്നത്. കനത്തമഴയിൽ വെള്ളം ഒഴുകിയതോടെ സമാനമായ രീതിയിൽ പലയിടത്തും ദേശീയപാതയോരത്ത് നിർമാണം നടക്കുന്ന ഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
പിന്തുടരേണ്ടത് ശാസ്ത്രീയ രീതി
ശാസ്ത്രീയമായ രീതി അവലംബിച്ചാൽ ആശങ്കകൾ വേണ്ടെന്നാണ് പൊതുമരാമത്ത് വിഭാഗത്തിലെ എൻജിനീയർമാർ അടക്കമുള്ള വിദഗ്ധർ പറയുന്നത്. ദേശീയപാതയിൽ ഓരോ റോഡിന്റെയും നിർമാണത്തിന്റെ രൂപകൽപന പല ശാസ്ത്രീയ പഠനങ്ങൾക്കും ശേഷമാണ് അംഗീകരിക്കപ്പെടാറുള്ളത്. റോഡുകളുടെ ഉയരം, റോഡുകളുടെ ചെരിവ് തുടങ്ങിയവ വിശദമായി പഠിച്ച ശേഷമാണു രൂപകൽപന.റോഡ് കടന്നുപോകുന്ന ഭാഗത്തെ കുന്നുകളും ഭൂപ്രകൃതികളും പഠിച്ച ശേഷമാണ് രൂപകൽപന നടത്തുന്നത്.റോഡ് നിർമാണത്തിന് അനുവദനീയമായ ചെരിവുണ്ട്. ഈ ഡിസൈൻ അനുസരിച്ച് പല സ്ഥലങ്ങളിലും മണ്ണിട്ട് നികത്തേണ്ടിവരും. ചിലയിടങ്ങളിൽ മണ്ണ് നീക്കി ആഴം കൂട്ടേണ്ടിവരും.
മണ്ണുനീക്കിയ രീതിയിൽ ആശങ്ക: വിദഗ്ധർ
ജില്ലയിൽ പലയിടത്തും മണ്ണ് എടുത്തുനീക്കിയതു കാണുമ്പോൾ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് നിർമാണമേഖലയിലെ വിദഗ്ധർ പറയുന്നു. കൃത്യമായ മണ്ണുപരിശോധന നടത്തിയാണ് വശങ്ങളിലെ ഭിത്തികൾ ഉറപ്പിക്കേണ്ട രീതി നിശ്ചയിക്കേണ്ടത്. ഉറപ്പുള്ള വെട്ടുകല്ലോ കരിങ്കല്ലോ ഉള്ള ഭാഗങ്ങളിൽ സുരക്ഷാഭിത്തി ഒരുക്കണം. വെള്ളം കിനിഞ്ഞിറങ്ങി മണ്ണിടിയാൻ സാധ്യതയുള്ള മോശം അവസ്ഥയാണെങ്കിൽ ശാസ്ത്രീയമായി മണ്ണ് പാകപ്പെടുത്തിയ ശേഷമേ സുരക്ഷാഭിത്തി ഒരുക്കാൻ പാടുള്ളൂ. കല്ലുകൾ കെട്ടുകെട്ടായി അട്ടിയിട്ട് സുരക്ഷാഭിത്തി ഒരുക്കുന്ന ഗാബിയോൺസ് രീതിയും സ്വീകരിക്കേണ്ടതുണ്ട്. നിർമാണപ്രവൃത്തി നടക്കുമ്പോഴുള്ള അവസ്ഥ കണ്ട് ജനം പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും വിദഗ്ധർ പറയുന്നു. ഉറപ്പുള്ള സുരക്ഷാഭിത്തി നിർമിക്കേണ്ട ചുമതലയും നിർമാണകരാറിൽ ഉൾപ്പെടുത്തിയശേഷമാണ് പ്രവൃത്തികൾ നടത്തുക.