ജീവനു ഭീഷണിയായ അമീബിക് മസ്തിഷ്ക ജ്വരം ഭേദമായി വീടുകളിലേക്കു മടങ്ങിയത് 3 കുട്ടികൾ
Mail This Article
കോഴിക്കോട് ∙ ജലജന്യ രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും പിന്നാലെ, മറ്റൊരു രോഗം കൂടി മലയാളിക്ക് ഞെട്ടലായത് – അമീബിക് മസ്തിഷ്ക ജ്വരം (പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്). 97% പേരെയും മരണത്തിലേക്കു തള്ളിവിട്ടിരുന്ന രോഗത്തിന് ഗതിമാറ്റം വന്നിരിക്കുന്നു. പുതിയ മരുന്നുകളും ചികിത്സാരീതികളും പരീക്ഷിക്കാൻ തുടങ്ങിയതോടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽനിന്നു രോഗം ഭേദമായി മൂന്നാമത്തെ കുട്ടിയും വീട്ടിലെത്തി.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ പേരുകൾ മരണത്തിന്റെ കണക്കിൽ മാത്രമാണ് അടുത്തു വരെ ഉൾപ്പെടുത്തിയിരുന്നത്. കോഴിക്കോട് മാത്രം 2020നു ശേഷം 4 മരണങ്ങളുണ്ടായി. വിവിധ ജില്ലകളിൽ നിന്ന് ഇവിടെ ചികിൽസയ്ക്ക് പ്രവേശിപ്പിച്ചവരാണ് അവർ.
ജീവിതത്തിലേക്കു മടങ്ങാനാകില്ലെന്ന ആശങ്കയുമായി എത്തിയവരിലെ മൂന്നാമത്തെ കുട്ടിയും ആശുപത്രി വിടുമ്പോൾ ആരോഗ്യ പ്രവർത്തകർ പറയുന്നത് ഒന്നു മാത്രം: രോഗം ബാധിക്കാതിരിക്കാൻ വേണ്ടത്ര കരുതലുകൾ സ്വീകരിക്കുക. രോഗം ബാധിച്ചാൽ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുക.
ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്നതാണ് അമീബിക് മസ്തിഷ്ക ജ്വരം എന്നു ആദ്യം വ്യക്തമായത് തിക്കോടി പള്ളിക്കര സ്വദേശിയായ 14 വയസ്സുകാരനിലൂടെയാണ്. അതിനു ശേഷം കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന കുട്ടിക്കും രോഗം ഭേദമായി. ബേബി മെമ്മോറിയലിൽ ചികിത്സയിലുണ്ടായിരുന്ന മറ്റു 2 കുട്ടികളും കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി വിട്ടു.
കോഴിക്കോട്ടെ കേസുകൾ ഇതുവരെ
∙ 2020 ജൂൺ 11
ബന്ധുവീട്ടിലെ നീന്തൽക്കുളത്തിൽനിന്ന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ഷരീഫിന്റെ മകൻ മിഷേൽ (12) മരിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.
∙ 2024 മേയ് 21
അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങളുമായി 13 മുതൽ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുട്ടി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) ആണു മരിച്ചത്.
∙ 2024 ജൂൺ 26
ജൂൺ 12ന് മരിച്ച വിദ്യാർഥിനിക്ക് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത് ജൂൺ 26ന്. പഠനയാത്രയ്ക്കിടെ കുളിച്ച മൂന്നാറിലെ സ്വിമ്മിങ് പൂളിൽ നിന്നാകാം രോഗബാധയെന്നു സംശയം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു–ധന്യ ദമ്പതികളുടെ മകൾ വി.ദക്ഷിണ (13) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
∙ 2024 ജൂലൈ 05
ഫാറൂഖ് കോളജ് ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്–ജ്യോതി ദമ്പതികളുടെ മകൻ ഇ.പി.മൃദുൽ (12) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചു.
∙ 2024 ജൂലൈ 22
തിക്കോടി പള്ളിക്കര സ്വദേശിയായ 14 വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം ജൂലൈ ഒന്നിന് സ്ഥിരീകരിച്ചു. അഫ്നാൻ ജാസിം രോഗം ഭേദമായി ആശുപത്രി വിട്ടു. മറ്റൊരു കുട്ടിക്കു കൂടി രോഗം സംശയിച്ചിരുന്നെങ്കിലും അതല്ലെന്നു സ്ഥിരീകരിച്ചു.
∙ 2024 ഓഗസ്റ്റ് 05
സ്വകാര്യ ആശുപത്രിയിൽ അമീബിക് മസ്തിഷ്ക ജ്വരവുമായി 2 കുട്ടികൾ കൂടി ചികിത്സയിൽ. കോഴിക്കോട് സ്വദേശിയായ 4 വയസ്സുകാരൻ റിയാൻ നിശ്ചിലിനെ ജൂലൈ 13ന് ആണ് കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് രോഗം ഭേദമായി ഈ കുട്ടി ആശുപത്രി വിട്ടത്.
∙ 2024 ഓഗസ്റ്റ് 22
ഇരുപതു ദിവസത്തോളം പീഡിയാട്രിക് ഐസിയുവിലും വെന്റിലേറ്ററിലും കഴിഞ്ഞ ശേഷം കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരൻ റബീഹ് ആശുപത്രി വിട്ടു.