ADVERTISEMENT

വീടുകളിൽ നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മണ്ണിനെയും നാടിനെയും സംരക്ഷിക്കുകയാണു ഹരിതകർമ സേന. ഈ സേവനത്തിനു ജില്ലയിലെ 3235 ഹരിതകർമ സേനാംഗങ്ങൾക്കും ഹൃദയത്തിൽ നിന്നു സല്യൂട്ട് നൽകാം. നല്ലേപ്പിള്ളി പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ അവരുടെ തൊഴിൽ അനുഭവം മനോരമയുമായി പങ്കുവയ്ക്കുന്നു...

∙‘ആട്ടിയോടിച്ചവർ ഇന്നു ഞങ്ങളെ കണ്ടാൽ ചായയ്ക്കു വെള്ളം തിളപ്പിക്കും. എത്ര ചീത്ത വിളിച്ചാലും ചിരിച്ചുകൊണ്ടു വീണ്ടും വീണ്ടും വീടുകളിൽ എത്തിത്തുടങ്ങിയതോടെ പലരും മാറി ചിന്തിച്ചു. പക്ഷേ ഇനിയും മാറേണ്ടതുണ്ട്’, നല്ലേപ്പിള്ളി പഞ്ചായത്തിലെ ഹരിതകർമ സേനാംഗം വി.ഗിരിജ മാലിന്യം ശേഖരിക്കാൻ എത്തുന്ന വീടുകളിലെ മനോഭാവത്തിലുണ്ടായ മാറ്റത്തെക്കുറിച്ചാണു പറയുന്നത്. 

37 അംഗങ്ങളാണു ഗിരിജയെപ്പോലെ നല്ലേപ്പിള്ളി പഞ്ചായത്തിലെ വീടുകളിൽ മാലിന്യം ശേഖരിക്കാൻ എത്തുന്നത്. ഓരോ വാർഡിലും 2 അംഗങ്ങൾ വീതം വീടുകൾ കയറിയാണ് നാടു വൃത്തിയാക്കുന്നത്. എന്നാൽ യൂസർ ഫീ അടക്കം നൽകാൻ ചില വീട്ടുകാർ ഇപ്പോഴും മടിക്കുന്നു. സാമ്പത്തിക നില മെച്ചപ്പെട്ട വീടുകളിൽ നിന്നാണ് യൂസർ ഫീ ലഭിക്കാത്തതെന്നു സി.രുഗ്മിണി പറഞ്ഞു.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വീട്ടുകാർ ഒരു മാസം പണം നൽകിയില്ലെങ്കിലും  ക്ഷേമ പെൻഷൻ ലഭിക്കുമ്പോൾ ഒരുമിച്ചു നൽകും. എന്നാൽ സാമ്പത്തിക ശേഷി ഉള്ളവർ തങ്ങൾക്കു പഞ്ചായത്തിന്റെ ഒരു സേവനവും ആവശ്യമില്ല, തങ്ങൾക്കു തരാൻ പ്ലാസ്റ്റികും ഇല്ലെന്നു പറഞ്ഞ് ഇപ്പോഴും മുഖം തിരിച്ചു നിൽക്കുകയാണെന്നും ഇവർ പറയുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം  നടത്തുന്നുണ്ട്.

∙ പണം തരുന്നില്ലേ, പിന്നെന്താ? 
സാനിറ്ററി വേസ്റ്റ് സംസ്കരിക്കാനുള്ള യൂണിറ്റ് നല്ലേപ്പിള്ളി പഞ്ചായത്തിനില്ല. എന്നാൽ പല വീട്ടുകാരും പ്ലാസ്റ്റിക് കവറുകൾക്ക് ഉള്ളിലും മറ്റും ഡയപ്പറും സാനിറ്ററി പാഡും പൊതിഞ്ഞ് നൽകാറുണ്ടെന്ന് ഇവർ പറയുന്നു. ഇതു ചൂണ്ടിക്കാട്ടിയാൽ, പണം നൽകുന്നതല്ലേ പിന്നെ ഇതു കൂടെ കൊണ്ടുപോയാൽ എന്താണെന്നാകും വീട്ടുകാരുടെ പ്രതികരണം. നല്ലേപ്പിള്ളിയിൽ മാത്രമല്ല ഹരിതകർമ സേന ഈ ചോദ്യം നേരിടേണ്ടി വരുന്നത്. പ്ലാസ്റ്റിക് കവറുകൾ കഴുകി വൃത്തിയാക്കി നൽകാൻ പറയാറുണ്ടെങ്കിലും പലരും മടിക്കും. ഭക്ഷണാവശിഷ്ടങ്ങൾ ഈ കവറുകൾക്കുള്ളിൽ ഇരുന്ന് പുഴുവും നിറയും.

∙ റോഡിലെ മാലിന്യം എടുത്തുകൂടെ?
വഴിയരികിൽ വലിച്ചെറിയുന്ന മാലിന്യം ഹരിത കർമസേന‌ വൃത്തിയാക്കണമെന്നാണു ചിലർ ആവശ്യപ്പെടുന്നത്. തരംതിരിക്കാത്ത ഇത്തരം മാലിന്യങ്ങൾ ശേഖരിക്കേണ്ട ഉത്തരവാദിത്തം സേനയ്ക്കില്ല. 

∙ ആരോഗ്യ പരിശോധന
ആരോഗ്യ വകുപ്പ് ഇടയ്ക്കിടെ ഇവരുടെ ആരോഗ്യം പരിശോധിക്കാറുണ്ട്. പൊടിയും പുഴുവും നിറഞ്ഞ മാലിന്യങ്ങൾ വേർതിരിക്കാൻ ഗ്ലൗസും മാസ്ക്കും ഉപയോഗിക്കുന്നുണ്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.ഇതിനൊപ്പം ഫയർ ആൻഡ് സേഫ്റ്റി, പൊലീസ് തുടങ്ങിയ സേനകളുടെ പരിശീലനവും നൽകുന്നുണ്ട്.

മാലിന്യം വരുമാനമായി 
‘അടുക്കളജോലികളുമായി കഴിഞ്ഞിരുന്ന ഞങ്ങൾക്കു ഹരിത കർമസേനയിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയതോടെ വരുമാനമായി. കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയുന്നുണ്ട്.

പതിനായിരമോ അതിലധികമോ വരുമാനം നേടാൻ മിക്കവർക്കും കഴിയുന്നു. ഡ്രൈവിങ് ഉൾപ്പെടെ പഠിക്കാൻ കഴിഞ്ഞു. പല വിഷയങ്ങളിലും പ്രത്യേക പരിശീലനവും ലഭിക്കുന്നുണ്ട്’, പി.ഗൗതമി പറഞ്ഞു.3 ഹരിതകർമ സേനാംഗങ്ങൾ വാഹന ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾ ഓടിക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.

ഷൊർണൂർ നഗരസഭയുടെ നല്ല മാതൃക ഖരമാലിന്യ  ശേഖരണ കേന്ദ്രം ഉദ്യാനം പോലെ മനോഹരം
ഷൊർണൂർ ∙ പ്ലാന്റിലേക്കെത്തുന്ന ആളുകളെ വരവേൽക്കാൻ വഴിനീളെ നൂറിലധികം പൂച്ചെടികൾ, അകത്തു കയറിയാൽ മാലിന്യം വലിച്ചെറിയുന്നതിന്റെ ബോധവൽക്കരണ സന്ദേശങ്ങൾ നിറഞ്ഞ ചുമർ. പിന്നെ ഫെസിലിറ്റേഷൻ സെന്ററും. ഇങ്ങനെ മനോഹരമായിരിക്കുകയാണു ഷൊർണൂർ നഗരസഭയുടെ ഖരമാലിന്യ ശേഖരണ കേന്ദ്രം (എംസിഎഫ്). 

നഗരസഭാ പരിധിയിലെ 12,000 വീടുകളിൽ നിന്നും 1,700 സ്ഥാപനങ്ങളിൽ നിന്നുമായി 2,000 കിലോ ഖരമാലിന്യങ്ങളാണ് ഇവിടെ ശേഖരിക്കുന്നത്. ഹരിതകർമസേനയുടെ നേതൃത്വത്തിൽ 33 ഇടങ്ങളിൽ നിന്നു ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ അതതു വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിൽ എത്തിക്കും.

ഷൊർണൂർ നഗരസഭയിലെ ഖരമാലിന്യ ശേഖരണ കേന്ദ്രം (എംസിഎഫ്).
ഷൊർണൂർ നഗരസഭയിലെ ഖരമാലിന്യ ശേഖരണ കേന്ദ്രം (എംസിഎഫ്).

അവിടെനിന്നു ഖരമാലിന്യ ശേഖരണ കേന്ദ്രത്തിലെത്തിക്കും. അലുമിനിയം, ഇരുമ്പ്, ഇലക്ട്രോണിക്, പെറ്റ് ബോട്ടിലുകൾ, പ്ലാസ്റ്റിക്, മറ്റു കവറുകൾ എന്നിങ്ങനെ 6 വിഭാഗങ്ങളായാണു വേർതിരിക്കുന്നത്. ബാക്കിവരുന്ന മാലിന്യങ്ങൾ തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിമന്റ് ഫാക്ടറിക്കു കൈമാറും. ഒരു മാസം അഞ്ചിലധികം ലോഡ് ഖരമാലിന്യമാണ് ഇവിടെനിന്നു കയറ്റിവിടുന്നത്. 

ചിട്ടയായ മാലിന്യക്രമീകരണത്തിലൂടെ കൂടുതൽ തുക ലഭിക്കുന്നതും നഗരസഭയുടെ നേട്ടമാണ്. ഈ തുക നഗരസഭയിലെ 66 ഹരിതകർമസേനാംഗങ്ങൾക്കു നൽകുകയാണു ചെയ്യുന്നത്. ഇതിലൂടെ പ്രതിമാസം 3,000 രൂപയ്ക്കു പകരം ഹരിതകർമസേനയ്ക്ക് 10,000 രൂപ വരെ നൽകാൻ കഴിയുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. പ്ലാന്റിലെ  മാലിന്യങ്ങൾ വേർതിരിക്കുന്ന പ്രവൃത്തികൾ എങ്ങനെയെന്നു വിദ്യാർഥികൾക്കു കാണുന്നതിനും ഇവിടെ സൗകര്യമുണ്ട്.

മാലിന്യം നീക്കിയ സ്ഥലത്ത് ചെണ്ടുമല്ലിത്തോട്ടം
∙ഒറ്റപ്പാലം നഗരസഭയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ പതിറ്റാണ്ടുകളായി മല പോലെ കുന്നുകൂടി കിടന്നിരുന്ന മാലിന്യങ്ങൾ (ലെഗസി വേസ്റ്റ്) നീക്കിയ പ്രദേശത്ത് ഒരുഭാഗത്ത് ഇപ്പോൾ ചെണ്ടുമല്ലിത്തോട്ടമാണ്.  ഹരിതകർമസേന അംഗങ്ങൾ സ്വന്തം നിലയിൽ ഇറക്കിയതാണു ചെണ്ടുമല്ലിക്കൃഷി.

പനമണ്ണയിലെ പ്ലാന്റിൽ പതിറ്റാണ്ടുകളായി കുന്നുകൂടിക്കിടന്നിരുന്ന മാലിന്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിലാണു ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ വർഷം നീക്കിത്തുടങ്ങിയത്.

ഇതിനു ശേഷം ഹരിതകർമ സേന അംഗങ്ങളിൽ തോന്നിയ ആശയമാണു ചെണ്ടുമല്ലിക്കൃഷി. മാലിന്യം നീക്കം ചെയ്യപ്പെട്ട ഭാഗത്ത് 5 സെന്റ് ഭൂമിയിൽ ഇറക്കിയ കൃഷി ഓണത്തിനു വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ചെണ്ടുമല്ലിക്കു പുറമേ അൽപം വാടാമല്ലിയും വിളവിറക്കിയിട്ടുണ്ട്.

ക്ലീൻ കേരള മാലിന്യ  ശേഖരണം ഇങ്ങനെ 
ജനുവരി – ഇ വേസ്റ്റ്
ഫെബ്രുവരി– തുണി മാലിന്യം
മാർച്ച്– ഇ–മാലിന്യം (പിക്ചർ ട്യൂബ്, ഇലക്ട്രിക് ബൾബ്, ട്യൂബ്, കണ്ണാടി)
ഏപ്രിൽ– ചെരിപ്പ്, ബാഗ്, തെർമോക്കോൾ, തുകൽ, കാർപെറ്റ്,ഉപയോഗശൂന്യമായ മെത്ത തലയണ
മേയ്– കുപ്പി, ചില്ല് 
ജൂൺ– ഉപയോഗശൂന്യമായ വാഹന ടയർ
ജൂലൈ– ഇ– മാലിന്യം
ഓഗസ്റ്റ്– പോളി എത്തിലീൻ, പ്രിന്റിങ് ഷീറ്റ്, സ്ക്രാപ് 
സെപ്റ്റംബർ–  മരുന്ന് സ്ട്രിപ്പുകൾ
ഒക്ടോബർ– ഇ–മാലിന്യം 
നവംബർ– ചെരിപ്പ്, ബാഗ്, തെർമോക്കോൾ, തുകൽ, കാർപെറ്റ്, 
ഡിസംബർ– കുപ്പി, ചില്ല് മാലിന്യം 
(എല്ലാ മാസവും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും)

English Summary:

Haritha Karma Sena is making a real difference in Kerala by tackling plastic waste at its source. Learn how their 3235 members are working tirelessly to collect plastic waste from homes, promoting a cleaner and healthier environment for all.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com