വീടിനും നാടിനും നഷ്ടപ്പെട്ടത് പ്രിയപ്പെട്ടവനെ; അർജുൻ സന്നദ്ധപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം
Mail This Article
കോഴിക്കോട്∙ ഷിരൂർ മണ്ണിടിച്ചിലിൽ അർജുന്റെ മരണം സ്ഥിരീകരിച്ചതോടെ കുടുംബത്തിന് അത്താണിയാണു നഷ്ടപ്പെട്ടതെങ്കിൽ നാടിനു നഷ്ടമായത് പ്രിയങ്കരനായ പൊതുപ്രവർത്തകനെ. കിണർ പണിക്കാരനായിരുന്ന അച്ഛൻ പ്രേമൻ വീണു പരുക്കേറ്റതോടെ പ്ലസ്ടു പഠനം നിർത്തി ജോലി തുടങ്ങിയതാണ് അർജുൻ. വിവിധ ജോലികളെടുത്തു കുടുംബം പുലർത്തുന്നതിനിടയിൽ വണ്ടിയോടുള്ള താൽപര്യം മൂലം ഡ്രൈവിങ് പഠിച്ചു. 4 വർഷം മുൻപാണ് ട്രക്കിൽ ഡ്രൈവറായി പോയിത്തുടങ്ങിയത്. ഒന്നര വർഷം മുൻപാണ് ഈ ലോറിയിൽ ഡ്രൈവറായി ചേർന്നത്.
കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഏറെ സന്തോഷത്തോടെ നിർവഹിച്ചിരുന്നു അർജുൻ. മൂത്ത സഹോദരി അഞ്ജുവിന്റെ വിവാഹം കഴിപ്പിച്ചു. മറ്റു രണ്ടു സഹോദരങ്ങളെ പഠിപ്പിച്ചു. കുടുംബത്തിന്റെ കയ്യിൽ നിന്നു നഷ്ടമായ സ്ഥലം തിരിച്ചുപിടിച്ചു വായ്പയെടുത്തു വീടുവച്ചു. ഇതിന്റെ കടങ്ങളെല്ലാം വീട്ടിക്കൊണ്ടിരിക്കെയാണ് അർജുന്റെ അപ്രതീക്ഷിത വിയോഗം. നാട്ടിലെ സന്നദ്ധപ്രവർത്തനങ്ങളിലും സജീവമായിരുന്നു അർജുൻ. ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകനായിരുന്ന അർജുൻ നാട്ടിലെ ക്ലബായ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ് ജോയിന്റ് സെക്രട്ടറി കൂടിയായിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങളിലും മുന്നിലായിരുന്നു.
പ്രളയകാലത്തും കോവിഡ് കാലത്തും സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി. ഡിവൈഎഫ്ഐയുടെ മെഡിക്കൽ കോളജിലേക്കുള്ള പൊതിച്ചോർ വിതരണത്തിലും സജീവമായിരുന്നു. ദീർഘദൂര ട്രക്കിൽ ജോലിക്കു കയറിയതോടെയാണ് പൊതുപ്രവർത്തനങ്ങളിൽ അർജുന്റെ സാന്നിധ്യം കുറഞ്ഞത്. എങ്കിലും ഓട്ടത്തിന്റെ ഇടവേളയിലെല്ലാം നാട്ടിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അർജുനെ കുറിച്ചു പറയുമ്പോൾ നാട്ടുകാരിലും ഏറെ വേദനയാണ്.