ഫണ്ടില്ല ഗവ.മെഡിക്കൽ കോളജിൽ മാലിന്യ പ്രതിസന്ധി; ബയോ മെഡിക്കൽ മാലിന്യം കുന്നുകൂടുന്നു
Mail This Article
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ നിറയുന്നു. ഇൻജക്‌ഷൻ സൂചി, മരുന്നു കുപ്പി, സിറിഞ്ച്, ട്യൂബുകൾ തുടങ്ങിയ ബയോ മെഡിക്കൽ മാലിന്യങ്ങളാണ് 3 മാസമായി കെട്ടിക്കിടക്കുന്നത്. മാലിന്യം നിറഞ്ഞതോടെ പഴയ അത്യാഹിത വിഭാഗത്തിനു സമീപത്ത് സൂചികളും സിറിഞ്ചുകളും കുപ്പികളും ഇവ നിറച്ച കന്നാസുകളും തുറന്നുകിടക്കുന്ന അവസ്ഥയിലാണ്. രോഗികളിൽ കുത്തിവയ്ക്കുന്ന സൂചികളിലും സിറിഞ്ചിലും രോഗാണുക്കളുടെ സാന്നിധ്യം ഉണ്ടായേക്കാം എന്നാണ് ആശങ്ക.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിൽ പാലക്കാട്ട് പ്രവർത്തിക്കുന്ന ഇമേജ് എന്ന ബയോ മെഡിക്കൽ സംസ്കരണ കേന്ദ്രത്തിലേക്കാണ് മാലിന്യങ്ങൾ കൊണ്ടുപോകുന്നത്. എന്നാൽ, സൂചികളും മറ്റും ഉപയോഗം കഴിഞ്ഞാൽ ഇട്ടുവയ്ക്കുന്ന ടാംപർ പ്രൂഫ് കണ്ടെയ്‌നർ തീർന്നതോടെ ഇവ കൊണ്ടുപോകാൻ ഐഎംഎ വിസമ്മതിച്ചു. ടാംപർ പ്രൂഫ് കണ്ടെയ്‌നർ ഐഎംഎയിൽനിന്നു തന്നെ വാങ്ങിയാണ് സൂചികളും മറ്റും നിക്ഷേപിക്കുന്നത്. നിലവിലെ കരാർ പ്രകാരമുള്ള ഫണ്ട് കഴിഞ്ഞതോടെ കണ്ടെയ്‌നർ വിതരണം നിലച്ചു. തുടർന്ന് വാർഡുകളിലും മറ്റും ദിവസേന ഉപയോഗിക്കുന്ന സൂചികൾ സാധാരണ കന്നാസിലാണ് ഇട്ടു വയ്ക്കുന്നത്. എന്നാൽ, കന്നാസിലെ സാധനങ്ങൾ ഇമേജ് ശേഖരിക്കില്ല. ഇതോടെയാണ് പഴയ അത്യാഹിത വിഭാഗത്തിനു സമീപം ഇവ കുന്നുകൂടിയത്.
5 ലീറ്ററിന്റെ ഒരു ടാംപർ പ്രൂഫ് കണ്ടെയ്‌നറിന് 224 രൂപയാണ് ഇമേജ് ഈടാക്കുന്നത്. ഗ്ലൂക്കോസ് കുപ്പികളും മറ്റും ഇവിടെ നിന്നു കൊണ്ടുപോകാനും ഇമേജ് പണം ഈടാക്കുന്നുണ്ട്. മുൻപ് മെഡിക്കൽ കോളജിൽ നിന്ന് പുറത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നല്ല വിലയ്ക്കു വിറ്റിരുന്ന ഗ്ലൂക്കോസ് കുപ്പികളാണ് ഇവയിൽ രക്തം കയറിയാൽ അത് പകർച്ചവ്യാധിക്കു സാധ്യതയുണ്ടെന്നു പറഞ്ഞ് ഇമേജ് ശേഖരിക്കുന്നത്. ഒരു മാസം 5 ലക്ഷം രൂപയാണ് ഇമേജിന് മെഡിക്കൽ കോളജ് മാലിന്യം കൊണ്ടുപോകുന്നതിനായി നൽകുന്നത്. അതേസമയം കന്നാസിൽ സൂക്ഷിച്ച മാലിന്യങ്ങൾ ടാംപർ പ്രൂഫ് കണ്ടെയ്‌നറിലേക്കു മാറ്റിയാൽ മാത്രമേ എടുക്കൂ എന്നാണ് അവരുടെ നിലപാട്.കാസ്പിൽ നിന്ന് ഇമേജിന്റെ ഫണ്ടിലേക്ക് തുക നൽകിയിട്ടുണ്ടെന്നും ടാംപർ പ്രൂഫ് കണ്ടെയ്‌നർ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.