കെഎസ്ആർടിസി ബസ് ടെർമിനൽ സാംപിൾ പരിശോധന അടുത്തയാഴ്ച
Mail This Article
കോഴിക്കോട് ∙ മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിലെ ഗുരുതര വീഴ്ചകളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം തുടങ്ങി. കെട്ടിടത്തിന്റെ തൂണുകളുടെയും കോൺക്രീറ്റിന്റെയും ബലക്ഷയം പരിശോധിക്കാനായി സാംപിളുകൾ ശേഖരിക്കാനുള്ള ഭാഗങ്ങൾ ഡിവൈഎസ്പി കെ.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അടയാളപ്പെടുത്തി. അടുത്തയാഴ്ച സാംപിൾ പരിശോധനയ്ക്ക് അയയ്ക്കുമെന്നു വിജിലൻസ് സംഘം വ്യക്തമാക്കി.പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ ആർക്കിടെക്ടിനും കെടിഡിഎഫ്സി ചീഫ് എൻജിനീയറായിരുന്ന നവകുമാറിനും ഗുരുതര വീഴ്ച സംഭവിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പിനു 2 വർഷം മുൻപേ കൈമാറിയിരുന്നു. കെടിഡിഎഫ്സിക്കു കോടികളുടെ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെന്നും വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചീഫ് എൻജിനീയർക്കെതിരെ മാത്രമാണ് എഫ്ഐആർ. അന്വേഷണത്തിൽ കൂടുതൽ പ്രതികളുണ്ടെന്നു കണ്ടെത്തിയാൽ ഉൾപ്പെടുത്തുമെന്ന് വിജിലൻസ് വ്യക്തമാക്കി.പിഡബ്ല്യൂഡി ബിൽഡിങ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീജിത്ത്, ഡിസൈൻ എൻജിനീയർ മനീഷ, ഗവ. എൻജിനീയറിങ് കോളജ് അസോഷ്യേറ്റ് പ്രഫ. ഡോ. ദിലീപ് കുമാർ, വിജിലൻസ് എസ്ഐ കെ.സുനിൽ എന്നിവരാണു പരിശോധനാ സംഘത്തിൽ.
സാങ്കേതിക അനുമതി പോലും നേടാതെയാണു കോഴിക്കോട്ടെ വമ്പൻ ബസ് ടെർമിനൽ നിർമാണം ആരംഭിച്ചത് എന്ന ഗുരുതരമായ കണ്ടെത്തലാണ് വിജിലൻസ് റിപ്പോർട്ടിൽ ഉള്ളത്. ഇത്രയും വലിയ കെട്ടിടം വാർക്കുന്നതിനു കനം കുറഞ്ഞ കമ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ വിദഗ്ധൻ അല്ലാത്ത ആർകിടെക്ടിന്റേതായിരുന്നു രൂപകൽപന. 10 നിലകളുള്ള കെട്ടിടത്തിന് 8 എംഎം കമ്പി അപര്യാപ്തമാണെന്ന് കാണിച്ച് സൈറ്റ് എൻജിനീയർ കെടിഡിഎഫ്സി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അത് അവഗണിച്ചതായും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രൂപകൽപനയിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. 74.63 കോടി രൂപ മുടക്കി കെട്ടിടം നിർമിച്ച കെടിഡിഎഫ്സിക്കു കനത്ത സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്. ഇതിന് ഉത്തരവാദികളായ ആർക്കിടെക്ടിനും ചീഫ് എൻജിനീയർക്കുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് വിജിലൻസ് റിപ്പോർട്ട്.