പലരെയും പുറത്ത് എടുക്കുമ്പോൾ ജീവൻ ഉണ്ടോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ; നടുക്കം മറന്ന് നാടൊന്നിച്ചു
Mail This Article
തിരുവമ്പാടി ∙ ഇന്നലെ കാളിയാമ്പുഴയിൽ ഉണ്ടായ ബസ് അപകടത്തിൽ നാടൊന്നിച്ചു രക്ഷാപ്രവർത്തനം വേഗത്തിലാക്കി.അപകടം നടന്നത് അറിഞ്ഞ ഉടനെ നാടിന്റെ നാനാഭാഗത്തു നിന്ന് ജനങ്ങൾ കാളിയാമ്പുഴയിലേക്കു ഒഴുകിയെത്തുകയായിരുന്നു. പ്രാദേശിക വാട്സാപ് ഗ്രൂപ്പുകളിലൂടെ അപകടം വിവരം അറിയിച്ചതിനെ തുടർന്ന് കിട്ടിയ വാഹനങ്ങളിൽ ആളുകൾ എത്തുകയും പരുക്കു പറ്റിയവരെ ബസിൽനിന്ന് പുറത്തെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ആദ്യം ആംബുലൻസുകൾ ഇല്ലാതിരുന്നത് രക്ഷാ പ്രവർത്തനത്തെ ബാധിച്ചതോടെ പരുക്കു പറ്റിയവരെ സ്വകാര്യ വാഹനങ്ങളിലാണ് ആശുപത്രികളിലേക്കു മാറ്റിയത്. പിന്നീട് തിരുവമ്പാടി, മുക്കം, ഓമശ്ശേരി, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആംബുലൻസുകൾ എത്തിച്ചു പരുക്കു പറ്റിയവരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
ബസിൽ പലരെയും പുറത്ത് എടുക്കുമ്പോൾ ജീവൻ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി ഓരോരുത്തരെയും പുറത്ത് എത്തിക്കുമ്പോൾ തങ്ങളുടെ ബന്ധുക്കൾ ആണോ അത് എന്നറിയാൻ ആളുകൾ ഓടിക്കൂടി. ബന്ധുക്കളെ തിരിച്ചറിഞ്ഞവരുടെ നിലവിളിയും പരുക്കു പറ്റിയവരുടെ കരച്ചിലും ഭയപ്പെട്ട് വിങ്ങിപ്പൊട്ടുന്നവരും എല്ലാം തിങ്ങിനിറഞ്ഞ അവസ്ഥയായിരുന്നു അപകടസ്ഥലത്തും ആശുപത്രികളിലും. തിരക്ക് വർധിച്ചപ്പോൾ അപകട സ്ഥലത്തേക്കുള്ള ഗതാഗതം നിരോധിച്ചാണ് പൊലീസ് രക്ഷാപ്രവർത്തനം സുഗമമാക്കിയത്. അപകടത്തിൽ പെട്ട ബസിന്റെ മുൻഭാഗം ഉയർത്തിയപ്പോൾ ക്രെയിനിന്റെ വടം പൊട്ടി. അതിനാൽ ബസ് പുഴയിൽനിന്ന് പുറത്ത് റോഡിലേക്ക് കൊണ്ടു വരാൻ കഴിഞ്ഞില്ല.
ബസ് ഡ്രൈവർ ഷിബുവിനു വാരിയെല്ലിനാണ് പരുക്കേറ്റത്. ബസ് കണ്ടക്ടർ രജീഷിനു ചെവിക്കും, വലതുകണ്ണിന്റെ ഭാഗത്തും പരുക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരിക്കാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല ഇരുവരും. കണ്ടക്ടർ രജീഷിനെയും യാത്രക്കാരി ഗ്രേസ്യാമ്മയെയും ആദ്യം ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്കും അവിടെ നിന്നു വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മാറ്റി. ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ട പുല്ലൂരാംപാറ കിളിയൻ തൊടുകയിൽ ഖമറുന്നീസ വൈകിട്ടോടെ ആശുപത്രി വിട്ട് വീട്ടിലേക്കു മടങ്ങി. ഓമശ്ശേരി ശാന്തി ആശുപത്രിയിൽ ചികിത്സയിലുളളവരുടെ പരുക്ക് ഗുരുതരമല്ല. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.റൂറൽ എസ്പി നിധിൻ രാജ് അപകട സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പരുക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർ
തിരുവമ്പാടി ലിസ ആശുപത്രി:
നിലമ്പൂർ പള്ളിയാളി സലീന(50) , ആനക്കാംപൊയിൽ പൊങ്ങാലയിൽ ത്രേസ്യാമ്മ (52 ) , ആനക്കാംപൊയിൽ കരിയിലംകുന്നേൽ തങ്കമ്മ (70) ,ആനക്കാംപൊയിൽ കരിയലം കുന്നേൽ രജേശ്വരി (63 ) , തിരുവനന്തപുരം ആഗ്നസ് ഭവനിൽ വിജയൻ (56 ) , ആനക്കാംപൊയിൽ കേളപ്പനാൽ ഷീബ (47) , മുത്തപ്പൻപുഴ ചക്കുംമ്മൂട്ടിൽ ലിനസ് (17 ) , ആനക്കാംപൊയിൽ കേളപ്പനാൽ നിമിഷ ( 21 ), ആനക്കാംപൊയിൽ കരിയിലം കുന്നേൽ സുമ (45 ) , അസ്മാബി ( 33 )ചെമ്പകത്ത്, പനക്കപ്പതായിൽ പ്രേമ ( 51 ), തിരുവമ്പാടി കൊച്ചുപറമ്പിൽ എൽസി ( 64 ).
ഓമശ്ശേരി ശാന്തി ആശുപത്രി:
ആനക്കാംപൊയിൽ കൊച്ചുപറമ്പിൽ ജോസഫ് (71), ജോസഫിന്റെ ഭാര്യ എൽസി ജോസഫ് (70), പുല്ലൂരാംപാറ കിളിയൻ തൊടുകയിൽ ഖമറുന്നീസ (43), പൂല്ലൂരാംപാറ കിഴക്കേടത്ത് റോസ്‌ലി (71), ബസ് ഡ്രൈവർ മാമ്പറ്റ നടുത്തൊടികയിൽ ഷിബു (49), മുത്തപ്പൻപുഴ വഴിപ്പറമ്പിൽ മനോജ് സെബാസ്റ്റ്യൻ (48), രാജു.
മിംസ് ആശുപത്രി:
ബസ് കണ്ടക്ടർ മുക്കം നീലേശ്വരം സ്വദേശി രജീഷ് (42), യാത്രക്കാരായ തമ്പലമണ്ണ സ്വദേശിനി പുളിക്കത്തടത്തിൽ ദീപ (42),കുറ്റിക്കാട്ടൂർ സ്വദേശിനി പംബ്ലാനിയിൽ വീട്ടിൽ ഗ്രേസ്യാമ്മ ഫ്രാൻസിസ് (72)
മെഡിക്കൽ കോളജ് ആശുപത്രി:
പുല്ലുരാംപാറ തൃശാ പുറത്ത് വീട്ടിൽ വാസുദേവന്റെ മകൻ രാജു (58),വനം വകുപ്പ് ഉദ്യോഗസ്ഥനും പെരുമുഖം ചേമ്പ്രയിൽ അപ്പൂട്ടിയുടെ മകനുമായ മണി (47),
ബേബി മെമ്മോറിയൽ ആശുപത്രി: തിരുവമ്പാടി സ്വദേശിനി വിൻസി (40),തിരുവമ്പാടി കാവിൽപുരയിടത്തിൽ മോളി (68).
മുക്കം കെഎംസിടി മെഡിക്കൽ കോളജ്:
ഏലിയാമ്മ തൂത്തുതടത്തിൽ (75),ശ്രീധരൻ കാനാട്ട്, കൊടക്കാട്ടുപാറ.
മേരിക്കുന്ന് നിർമല ആശുപത്രി:ആനക്കാംപൊയിൽ പനക്കപതായിൽ പ്രേമ (51).
അടിയന്തര റിപ്പോർട്ട് തേടി മന്ത്രി
അപകടകാരണം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഉത്തരവ്. വാഹനത്തിനു സാങ്കേതിക തകരാർ ഉൾപ്പെടെ ഉണ്ടോയെന്നു പരിശോധിക്കാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറിനു നിർദേശം നൽകി. ബസിനു ഫിറ്റ്നസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നതായാണു പ്രാഥമിക പരിശോധനയിലെ വിവരം. തിരുവമ്പാടി റൂട്ടിൽ തന്നെ കെഎസ്ആർടിസിയുടെ മറ്റു ചില ബസുകൾ കഴിഞ്ഞ ദിവസങ്ങളിൽ അപകടത്തിൽപെട്ടതും അന്വേഷിക്കും.