പശുക്കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ കിണറ്റിൽ വിഷപ്പാമ്പ്; ഒടുവിൽ...
Mail This Article
മുക്കം∙ കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താൻ ഇറങ്ങി, വിഷപ്പാമ്പിന് മുൻപിൽ അകപ്പെട്ടയാൾക്ക് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന. കാരശ്ശേരി തേക്കുംകുറ്റിയിൽ തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ 7 ദിവസം പ്രായമുള്ള പശുക്കുട്ടിയെ രക്ഷപ്പെടുത്താനായി ഇറങ്ങിയ പ്രിൻസ് മുള്ളനാൽ ആണ് വിഷപ്പാമ്പിനെ കണ്ട് ഭയന്ന് കുടുങ്ങിപ്പോയത്. തുടർന്ന് മുക്കം അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി.പി.നിഷാന്ത് കിണറ്റിൽ ഇറങ്ങി റെസ്ക്യൂ നെറ്റിന്റെയും റോപ്പിന്റെയും സഹായത്തോടെ ആദ്യം പ്രിൻസിനെയും പിന്നീട് പശുക്കുട്ടിയെയും രക്ഷപ്പെടുത്തി. സ്‌നേക്ക് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചിട്ടുണ്ട്. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ ജോയ് എബ്രഹാം, സീനിയർ ഫയർ ഓഫിസർ എൻ.രാജേഷ്, സേനാംഗങ്ങളായ എം.സുജിത്ത്, കെ.ഷനീബ്, കെ.പി.അജീഷ്, കെ.എസ്.ശരത്ത്, ചാക്കോ ജോസഫ്, എം.എസ്.അഖിൽ, ജെ.അജിൻ, ശ്യാം കുര്യൻ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ജാബിർ മുക്കം എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.