‘ഗുണ്ടാരാജ് തിരിച്ചുവരുന്നു’: ഭീതി വിതച്ച് വീണ്ടും ബിഷ്ണോയി സംഘം; പ്രതിരോധിക്കാനാകാതെ പൊലീസ്
Mail This Article
മുംബൈ∙ ഒരുകാലത്ത് അധോലോക കുറ്റവാളികളുടെ താവളമായിരുന്ന സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെടിയൊച്ചകൾ മുഴങ്ങുകയാണ്. ബദ്‌ലാപുർ പീഡനക്കേസിലെ ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ അലയൊലികൾ തീരുംമുൻപാണ് രാഷ്ട്രീയ നേതാക്കൾക്കു നേരെ തോക്കു നീളുന്നത്. മുൻമന്ത്രി കൂടിയായ ബാബാ സിദ്ദിഖിയുടെ മരണം തിരഞ്ഞെടുപ്പ് അടുത്ത നിൽക്കെ സർക്കാരിനു തലവേദനയാകും. ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ലക്ഷ്യമിട്ട് പ്രതിപക്ഷം രംഗത്തിറങ്ങിക്കഴിഞ്ഞു. ക്രമസമാധാന പ്രശ്നം വലിയ ചർച്ചയാകും.
മുതിർന്ന നേതാവും മുൻമന്ത്രിയുമായ സിദ്ദിഖിയെ വധിച്ച കേസിൽ 2 പേരെ പിടി കൂടിയെങ്കിലും പൊലീസിന് നാണക്കേട് മറയ്ക്കാനാകില്ല. മൂന്നു പൊലീസുകാരുടെ സുരക്ഷ അനുവദിക്കപ്പെട്ടിരിക്കുന്ന നേതാവാണു വെടിയേറ്റുമരിച്ചത്. വെടിവയ്പ് നടക്കുമ്പോൾ ഒരു പൊലീസുകാരൻ മാത്രമാണ് സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. പ്രത്യാക്രമണത്തിനു മുൻപു തന്നെ തുരുതുരാ വെടിയുതിർത്തു.
ഡി കമ്പനിയുടെ സ്വാധീനത്താൽ കുപ്രസിദ്ധി നേടിയ മുംബൈയിൽ തങ്ങളുടെ വേരുപിടിപ്പിക്കുന്നതിന് ലോറൻസ് ബിഷ്ണോയ് സംഘം ശ്രമിക്കുന്നതെന്ന സംശയവും പൊലീസിനുണ്ട്. സൽമാന്റെ വീടിന് നേരെ ഏപ്രിൽ 14ന് ഉണ്ടായ വെടിവയ്പിന് ശേഷം സംസ്ഥാനത്ത് പലയിടങ്ങളിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫെയ്സ്ബുക് ലൈവിനിടെ ബോറിവ്‌ലിയിലെ ഉദ്ധവ് വിഭാഗം നേതാവ് അഭിഷേക് ഗോസാൽക്കറെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി മോറിസ് നെറോണ സ്വയം വെടിയുതിർത്ത് മരിച്ചെങ്കിലും പിന്നിലെ കാരണം കണ്ടെത്തണമെന്ന് അഭിഷേകിന്റെ ഭാര്യയും മുൻ കോർപറേറ്ററുമായ തേജസ്വിയുടെ ഹർജിയെത്തുടർന്നാണ് കേസ് സിബിഐക്ക് കൈ മാറിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കല്യാണിൽ ഷിൻഡെ വിഭാഗം നേതാവിനെതിരെ ബിജെപി എംഎൽഎ വെടിയുതിർത്തിരുന്നു. ജൽഗാവിൽ ബിജെപി നേതാവിന് നേരെയും വെടിവയ്പുണ്ടായിരുന്നു. എൻസിപി പ്രാദേശിക നേതാവിന് നേരെയും വെടിവയ്പുണ്ടായി. ഇതെല്ലാം സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഏറ്റുമുട്ടൽ കൊലപാതകത്തിൽ മരിച്ച ബദ്‌ലാപുർ പീഡനക്കേസിലെ പ്രതി അക്ഷയ് ഷിൻഡെയുടെ കേസ് ഹൈക്കോടതിയിൽ നിലനിൽക്കേയാണ് വീണ്ടും മുംബൈയിൽ വെടിയൊച്ചകൾ മുഴങ്ങുന്നത്.
ഭീതി വിതച്ച് വീണ്ടും ബിഷ്ണോയി സംഘം
മുംബൈ∙ ഏപ്രിൽ 14 ന് സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത ലോറൻസ് ബിഷ്ണോയ് സംഘത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നഗരത്തെ നടുക്കിയ കൊലപാതകം. ജനവാസ മേഖലയിൽ മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’ എന്നു തോന്നിപ്പിക്കാൻ ബിഷ്ണോയ് സംഘം ശ്രമിക്കുന്നു. ഉറ്റസുഹൃത്തായ സിദ്ദിഖിയുടെ കൊലപാതകം സൽമാന്റെ നേരെയുള്ള ഭീഷണി വർധിക്കുന്നതിന്റെ സൂചനയുമായി. സൽമാനെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നുൾപ്പെടെ ആയുധമെത്തിച്ച മറ്റൊരു കേസും ലോറൻസ് ബിഷ്ണോയ് സംഘത്തിനെതിരെ നിലവിലുണ്ട്
സിദ്ദു മൂസവാല വധവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ്, ഒളിവിൽ കഴിയുന്ന സഹോദരൻ അൻമോൾ ബിഷ്ണോയ്, ഇവരുടെ അനുയായികളായ ഗോൾഡി ബ്രാർ, ആശിഷ് നെഹ്റ എന്നിവരാണ് സൽമാനെതിരെ നേരത്തെ ഉയർന്ന ഭീഷണികളിൽ പൊലീസിന്റെ നോട്ടപ്പുള്ളികൾ. 2018 മുതൽ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് സൽമാന് ഭീഷണിയുണ്ട്.
കോൺഗ്രസ് വിട്ടത് കുറ്റപ്പെടുത്താതെ
കോൺഗ്രസിന്റെ ന്യൂനപക്ഷമുഖമായിരുന്ന ബാബാ സിദ്ദിഖി പ്രത്യേക കാരണങ്ങളൊന്നും പറയാതെയും കോൺഗ്രസ് നേതാക്കളെ കുറ്റപ്പെടുത്താതെയുമാണ് ഇൗ വർഷമാദ്യം എൻസിപി അജിത് പക്ഷത്തു ചേർന്നത്. ചേരി പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ സിദ്ദിഖിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. 3 തവണ ബാന്ദ്രാ ഇൗസ്റ്റിൽ നിന്നുള്ള എംഎൽഎയായിരുന്നു. 2019ൽ മകൻ ഷീസാൻ സിദ്ദിഖിക്കു സീറ്റ് നൽകി വിജയിപ്പിച്ചു. പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾക്ക് ഷീസാനെ അടുത്തിടെ കോൺഗ്രസ് പുറത്താക്കിയിരുന്നു. സിദ്ദിഖിയുടെ ബിസിനസ്, ചേരിപുനർനിർമാണ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണോ സംഭവത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഗുണ്ടാരാജ് തിരിച്ചുവരുന്നു; വിമർശിച്ച് പ്രതിപക്ഷം
മുംബൈ∙ മുൻ മന്ത്രിയും മൂന്നു തവണ എംഎൽഎയുമായിരുന്ന, വൈ കാറ്റഗറി സെക്യൂരിറ്റിയുള്ള ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ക്രമസമാധാന പാലനം താറുമാറായെന്നും ഗുണ്ടാരാജ് തിരിച്ചുവരികയാണെന്നും ആരോപണമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ കഴിയാത്ത സർക്കാർ രാജിവച്ച് ഒഴിയണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലും സർക്കാരിനെ വിമർശിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി.