ടിറ്റോ മിണ്ടുന്നതും കാത്ത് അരികെയുണ്ട് ഉറ്റവർ; നിപ്പ ബാധിച്ച് 11 മാസമായി യുവാവ് അബോധാവസ്ഥയിൽ
Mail This Article
കോഴിക്കോട് ∙ ഗംഗാവലിപ്പുഴയിൽ നിന്നു മലയാളിയായ അർജുന്റെ ശരീരഭാഗങ്ങൾ കണ്ടെത്താൻ കർണാടക സർക്കാർ രണ്ടു കോടിയോളം രൂപ ചെലവഴിച്ചപ്പോൾ, നിപ്പ ബാധിച്ച് 11 മാസമായി അബോധാവസ്ഥയിൽ കഴിയുന്ന ദക്ഷിൺ കന്നഡ സ്വദേശി ടിറ്റോ തോമസിനു (24) വേണ്ടി ചെറുവിരലനക്കാതെ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും. മാരക വൈറസിന്റെ പിടിയിലമർന്നു ജീവിക്കുന്ന രക്തസാക്ഷിയായി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് കടബ സുങ്കടക്കട്ട ഐത്തൂർ സ്വദേശി ടി.സി.തോമസിന്റെ മകൻ ടിറ്റോ. ടിറ്റോയുടെ ചുണ്ടനങ്ങുന്ന നിമിഷം കാത്ത് അമ്മ ലിസിയും സഹോദരൻ ഷിജോയും അരികെയുണ്ട്. ഇടയ്ക്കു കണ്ണു തുറന്നു നോക്കുന്ന മകൻ എന്നെങ്കിലും സംസാരിക്കും എന്നൊക്കെയാണു ലിസിയുടെ പ്രതീക്ഷ.
ആരോഗ്യപ്രവർത്തകനായ ടിറ്റോയ്ക്ക് രോഗം ബാധിച്ചത് മരുതോങ്കര, വടകര എന്നിവിടങ്ങളിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ നിപ്പ ബാധയിൽ രോഗിയെ ചികിത്സിക്കുന്നതിനിടയിലാണ്. ടിറ്റോ രോഗത്തെ അതിജീവിച്ചെങ്കിലും പിന്നീട് നിപ്പ എൻസഫലെറ്റീസ് ബാധിച്ച് അവശനിലയിൽ 2023 ഡിസംബർ 8 മുതൽ തീവ്രപരിചരണ വിഭാഗത്തിലായി. ടിറ്റോയുടെ ചികിത്സയും മരുന്നും ഭക്ഷണവുമെല്ലാം ഇഖ്‌റ ഹോസ്പിറ്റലാണു നൽകുന്നത്. കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരോ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ആരോഗ്യ മന്ത്രി വീണ ജോർജിനെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കുകയും ഒട്ടേറെ തവണ നിവേദനം നൽകുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൂടേ എന്നാണു മന്ത്രി ചോദിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
ബെംഗളൂരുവിൽ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്ന ഷിജോ ജോലി ഉപേക്ഷിച്ചാണു ടിറ്റോയെ പരിചരിക്കുന്നത്. ലിസിയും നാട്ടിൽ ചെറിയ ജോലികൾക്കു പോയിരുന്നു. അതും മുടങ്ങി. 11 മാസമായി ഇരുവരും ഇവിടെ താമസിച്ചു ടിറ്റോയെ പരിചരിക്കുകയാണ്. തോമസ് നാട്ടിൽ കൂലിപ്പണിക്കു പോയി കിട്ടുന്ന ചെറിയ വരുമാനത്തിൽ ഒരു പങ്ക് ഇവിടെ എത്തിക്കും. വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ മറ്റു വായ്പകളുടെ തിരിച്ചടവ് ഒരു വർഷത്തോളമായി തിരിച്ചടവു മുടങ്ങി. ടിറ്റോ ബിഎസ്‌സി നഴ്സിങ് പാസായി ജോലിയിൽ പ്രവേശിച്ചതോടെ കുടുംബത്തിനു വലിയ പ്രതീക്ഷയായിരുന്നു.