ഖത്തറിനു വിനോദമേകാൻ ബേപ്പൂരിന്റെ ഉരു; ചെലവ് 3.2 കോടി രൂപ, 140 അടി നീളം, 33 അടി വീതി, 12.5 അടി ഉയരം
Mail This Article
ബേപ്പൂർ∙ ഉരു നിർമാണത്തിൽ ബേപ്പൂരിന്റെ പേരും പെരുമയും വാനോളം ഉയർത്തി വീണ്ടുമൊരു ഭീമൻ ഉല്ലാസ നൗക കൂടി കടൽ കടക്കുന്നു. ഖത്തറിലെ വ്യവസായി ഷെയ്ഖ് അഹമ്മദ് സാദയ്ക്കു വേണ്ടി ബേപ്പൂർ സായൂസ് വുഡ് വർക്സ് നിർമിച്ച ആഡംബര ഉരു നീറ്റിലിറക്കി തുടങ്ങി. ബിസി റോഡിൽ ചാലിയാർ തീരത്തെ യാർഡിൽ പണി പൂർത്തീകരിച്ച ഉരു ഖലാസി മൂപ്പൻ കൈതയിൽ അബ്ദുറഹിമാന്റെ(കോയ) നേതൃത്വത്തിൽ 20 തൊഴിലാളികൾ ചേർന്നാണ് നീറ്റിൽ ഇറക്കുന്നത്. ഉരുളൻ ബാലൂസിൽ കയറ്റിയ ഉരു ദവ്വർ ഉപയോഗിച്ചു പതുക്കെ വലിച്ചു നീക്കി നദീമുഖത്ത് എത്തിക്കലാണ് ആദ്യ ദൗത്യം.
വെള്ളം തൊടാൻ പാകമാക്കി വേലിയേറ്റ തക്കത്തിൽ 17നു പുലർച്ചെ പൂർണമായും വെള്ളത്തിൽ ഇറക്കാനാണ് ഉദ്ദേശ്യം. മുകൾ ഭാഗത്ത് 140 അടി നീളമുള്ളതാണ് ആഡംബര ഉരു. 33 അടി വീതിയും 12.5 അടി ഉയരവുമുണ്ട്. അമരം 7.5 അടിയാണ് താഴ്ച. ഖത്തറിൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാനുള്ളതാണ്. തുറമുഖ അധികൃതരുടെയും കസ്റ്റംസിന്റെയും ക്ലിയറൻസ് ലഭ്യമാക്കി ദുബായിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെ വച്ച് അകത്തെ ആഡംബര പണികൾ പൂർത്തിയാക്കിയ ശേഷമാകും ഖത്തറിലേക്ക് കൊണ്ടുപോകുകയെന്നു സായൂസ് കമ്പനി ഉടമ പി.ശശിധരൻ പറഞ്ഞു.
തേക്ക്, കൊയ്‌ല, സാല്, വാക, കരിമരുത് തുടങ്ങിയ മരങ്ങൾ ഉപയോഗിച്ചു നിർമിച്ച നൗകയ്ക്ക് ഏതാണ്ട് 3.2 കോടി രൂപ ചെലവു വരും. തച്ചുശാസ്ത്ര വിദഗ്ധരായ ബേപ്പൂർ എടത്തൊടി സത്യൻ, പുഴക്കര ശ്രീധരൻ, സോമൻ കിടങ്ങത്ത് എന്നിവരുടെ നേതൃത്വത്തിൽ 20 തൊഴിലാളികൾ ചേർന്നാണ് പണി പൂർത്തീകരിച്ചത്. 5 വർഷം മുൻപ് തുടങ്ങിയ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കോവിഡ് പ്രതിസന്ധിയും പ്രളയവും തടസ്സമായിരുന്നു. തികച്ചും പരമ്പരാഗത മാർഗങ്ങളാണ് നിർമാണത്തിനു സ്വീകരിച്ചത്. ഖത്തറിലേക്കുള്ള മറ്റൊരു ഉരു കൂടി കമ്പനി നിർമിക്കുന്നുണ്ട്. 150 അടി നീളമുള്ള ഉരു അടുത്ത മാസം നീറ്റിൽ ഇറക്കാനാകുമെന്നാണ് പ്രതീക്ഷ.