രാമനാട്ടുകര– വെങ്ങളം ബൈപാസ് ആറുവരിപ്പാത വിഷുസമ്മാനം: ഏപ്രിലിൽ തുറക്കുമെന്ന് മന്ത്രി റിയാസ്
Mail This Article
കോഴിക്കോട്∙ ആറു വരിയിൽ നവീകരിക്കുന്ന രാമനാട്ടുകര– വെങ്ങളം 28.400 കിലോമീറ്റർ ദേശീയപാത ബൈപാസ് 2025 ഏപ്രിലിൽ വിഷുസമ്മാനമായി തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഹൈലൈറ്റ് മാളിനു മുന്നിൽ പണി പൂർത്തിയായ മേൽപാലം ഒരു ഭാഗം ഗതാഗത്തിനു തുറന്നുകൊടുത്ത സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. ട്രാഫിക് എസിപി കെ.എ.സുരേഷ്ബാബുവിന്റെ വാഹനം ആദ്യം പാലത്തിൽ പ്രവേശിച്ചു. വെങ്ങളം രാമനാട്ടുകര റീച്ചിലെ ഏറ്റവും നീളം കൂടിയ മേൽപാലമാണിത്. 2 മേൽപാലങ്ങളാണ് ഇവിടെ നിർമിച്ചത്. ഇതിൽ രാമനാട്ടുകര പന്തീരാങ്കാവ് വഴി തൊണ്ടയാട് റൂട്ടിലെ പാലമാണ് ഇരിങ്ങല്ലൂരിൽ തുറന്നുകൊടുത്തത്. ഒരാഴ്ചയ്ക്കു ശേഷം കിഴക്കു വശത്ത് തൊണ്ടയാട് രാമനാട്ടുകര റൂട്ടിലെ മേൽപാലവും തുറക്കും.
ഓരോ മാസവും പുരോഗതി വിലയിരുത്തി ബൈപാസിന്റെ കാര്യത്തിൽ ദേശീയപാത അതോറിറ്റിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും ജില്ലാ ഭരണകൂടവും ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ബൈപാസിന്റെ നിർമാണത്തിനു സ്ഥലമെടുപ്പിനു മാത്രം സംസ്ഥാന സർക്കാർ ചെലവഴിച്ചത് 415 കോടി രൂപയാണെന്ന് മന്ത്രി വ്യക്തമാക്കി. 13.5 മീറ്റർ വീതം വരുന്ന 2 പാതകളായാണ് 27 മീറ്റർ വീതിയിൽ പുതിയ ബൈപാസ് 6 വരിയാകുന്നത്. മധ്യത്തിൽ 60 സെന്റിമീറ്ററിലാണ് മീഡിയൻ. ഇരുഭാഗത്തും 50 സെന്റിമീറ്റർ വീതിയിൽ കോൺക്രീറ്റ് മതിൽ ബൈപാസിന് അതിരിടും. അതിനു പുറത്താണ് അഴുക്കുചാലിനൊപ്പം 6.75 മീറ്റർ വീതിയിൽ സർവീസ് റോഡ്.
7 മേൽപാലങ്ങളോടെയാണ് ബൈപാസ് പൂർത്തിയാകുന്നത്. തൊണ്ടയാടും രാമനാട്ടുകരയിലും നിലവിൽ മേൽപാലങ്ങളുള്ളതിനാൽ പുതുതായി ഓരോന്നു വീതമാണ് നിർമിച്ചത്. അഴിഞ്ഞിലം, പന്തീരാങ്കാവ്, ഹൈലൈറ്റ് മാൾ, പൂളാടിക്കുന്ന്, വെങ്ങളം എന്നിവിടങ്ങളിൽ മേൽപാലങ്ങൾ രണ്ടും പുതിയവയാണ്. ബൈപാസ് ആറുവരിയാക്കുന്ന പ്രവൃത്തി 2018ൽ കരാർ നൽകിയതു പ്രകാരം 2020ൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, പല കാരണങ്ങളാൽ നിർമാണം തുടങ്ങിയതു തന്നെ 2021 ഏപ്രിൽ 18ന് ആണ്. 2025 ഡിസംബർ വരെ നിർമാണ കാലാവധിയുണ്ട്. ഹൈലൈറ്റ് മാളിനു മുന്നിലെ മേൽപാലം നിർമാണത്തിൽ പല തടസ്സങ്ങളും നേരിട്ടിരുന്നു. നാട്ടുകാർ സഹകരിച്ചതാണ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായകരമായതെന്നും ഡിസംബർ ആദ്യവാരം നിർമാണം പൂർത്തിയാക്കി മേൽപാലം പൂർണമായും ഗതാഗതത്തിനു തുറക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
നാല് പുതിയ പാലങ്ങൾ നിർമിക്കും
വെങ്ങളം–രാമനാട്ടുകര ബൈപാസിൽ 4 സ്ഥലങ്ങളിൽ പുഴകൾക്കു മീതെ പുതിയ പാലം നിർമിക്കും. അറപ്പുഴ, മാമ്പുഴ, പുറക്കാട്ടിരി, കോരപ്പുഴ എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങൾ വരുന്നത്. ഇവിടെ നേരത്തേയുണ്ടായിരുന്ന പാലം 2 വരിയായിരുന്നു. ആറു വരി നവീകരണത്തിന്റെ ഭാഗമായി നിർമിച്ചത് മൂന്നു വരി പാലമാണ്. രണ്ടും കൂടി അഞ്ചു വരി പാതയായി മാത്രമേ നവീകരണംം പൂർത്തിയാകൂവെന്നതു കണക്കിലെടുത്താണ് കഴിഞ്ഞ മാസം പുതിയൊരു പാലം കൂടി നിർമിക്കാൻ കരാർ നൽകിയത്. 2 വരിയിൽ പുതിയൊരു പാലം കൂടി വരുന്നതോടെ ഈ നാലിടത്തും പാത ബൈപാസ് 7 വരിയായി മാറും. 105 കോടി രൂപ ചെലവിൽ ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കരാർ. നാലിടത്തും സ്ഥലമെടുപ്പ് പൂർത്തിയായതിനാൽ അറപ്പുഴയിലും മാമ്പുഴയിലും പുറക്കാട്ടിരിയിലും നിർമാണം തുടങ്ങി. 6 വരിയിൽ ദേശീയ പാത ബൈപാസ് മാർച്ചോടെ പൂർത്തിയാകുമെങ്കിലും ഈ 4 പാലങ്ങൾ മാത്രം വൈകും.
7 മേൽപാലങ്ങൾ, 4 പാലങ്ങൾ
വെങ്ങളം–രാമനാട്ടുകര പാതയിൽ പുഴയ്ക്കു കുറുകെ 4 പാലങ്ങളും റോഡിനു കുറുകെ 7 മേൽപാലങ്ങളുമാണ് പൂർത്തിയാക്കുന്നത്. പുഴയിലെ പാലങ്ങൾ 14.50 മീറ്റർ വീതിയിലും റോഡിലെ മേൽപാലങ്ങൾ 13.75 മീറ്റർ വീതിയിലുമാണ് നിർമിച്ചിരിക്കുന്നത്. ഓരോ പാലത്തിന്റെയും നീളം: വെങ്ങളം–530 മീറ്റർ, പൂളാടിക്കുന്ന്–540, തൊണ്ടയാട്–479, ഹൈലൈറ്റ് മാൾ–691, പന്തീരാങ്കാവ്–330, അഴിഞ്ഞിലം–31, രാമനാട്ടുകര–449 മീറ്റർ, കോരപ്പുഴ–484, പുറക്കാട്ടിരി–186, മാമ്പുഴ–128, അറപ്പുഴ–296.