ഫാറൂഖ് കോളജിൽ മിനി ബസ് സ്റ്റാൻഡ്; കാത്തിരുന്നു കണ്ണുകഴച്ച് ബസുകളും യാത്രക്കാരും
Mail This Article
ഫറോക്ക് ∙ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന ഫാറൂഖ് കോളജിൽ മിനി ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ. കോളജ് പരിസരം കേന്ദ്രീകരിച്ച് സ്റ്റാൻഡ് നിർമിക്കാനുള്ള പദ്ധതി അനന്തമായി നീളുന്നതിനാൽ പ്രതിഷേധവുമായി യാത്രക്കാരും രംഗത്ത്. സ്റ്റാൻഡ് ഇല്ലാത്തതിനാൽ ഫാറൂഖ് കോളജിൽ റോഡരികിലാണു നിലവിൽ ബസുകൾ നിർത്തിയിടുന്നത്. ഇവിടെ യാത്രക്കാർക്കും ജീവനക്കാർക്കും യാതൊരു അടിസ്ഥാന സൗകര്യവുമില്ല. ബസുകൾ പുറപ്പെടുന്നതു വരെ വഴിയിൽ കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. സ്കൂൾ വിടുന്ന സമയങ്ങളിൽ കുട്ടികൾ ഒന്നിച്ച് ബസ് കയറാൻ എത്തി കൂട്ടംകൂടി നിൽക്കുന്ന കാഴ്ച ദയനീയമാണ്.
മിക്കപ്പോഴും രാജാ ഗേറ്റ് മുതൽ രണ്ടോ മൂന്നോ ബസുകൾ സ്ഥിരമായി കോളജ് പരിസരത്തുണ്ടാകും. ഇവ നിർത്തിയാൽ ക്യാംപസിലേക്കുള്ള മറ്റു വാഹനങ്ങൾ പ്രയാസപ്പെട്ടാണു കടന്നു പോകുന്നത്. ഇടുങ്ങിയ റോഡും വാഹന പാർക്കിങ്ങും മറ്റുമായി അങ്ങാടിയിൽ ഗതാഗതക്കുരുക്ക് തുടർക്കഥയാണ്. വാഹനങ്ങൾ തലങ്ങും വിലങ്ങുമായി റോഡിൽ നിർത്തുന്നതാണ് ഇതുവഴിയുള്ള ഗതാഗതം താറുമാറാക്കുന്നത്. ഫറോക്ക് ചുങ്കം ദേശീയപാതയിൽ നിന്നു അഴിഞ്ഞിലം ബൈപാസിലേക്കു പോകുന്ന എളുപ്പ വഴിയാണ് ഫാറൂഖ് കോളജ് റോഡ്.
സ്കൂൾ സമയങ്ങളിൽ ഇതുവഴിയുള്ള യാത്ര ദുരിതമാണ്. രാവിലെ 9 മുതൽ 10 വരെയുള്ള ഒരു മണിക്കൂറിൽ പല ദിക്കുകളിൽ നിന്നു വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഫാറൂഖ് കോളജിൽ മിനി ബസ് സ്റ്റാൻഡ് നിർമിക്കുക എന്നതു മാത്രമാണ് ഇതിനൊരു ശാശ്വത പരിഹാരം.
സ്റ്റാൻഡ് ഇല്ലാതെ 18 ബസുകൾ
സിറ്റി, മെഡിക്കൽ കോളജ്, ഗാന്ധി റോഡ്, എലത്തൂർ, സിവിൽ സ്റ്റേഷൻ, മാനാഞ്ചിറ എന്നിവിടങ്ങളിലേക്ക് 18 ബസുകൾ ഫാറൂഖ് കോളജിൽ നിന്നു സർവീസ് നടത്തുന്നുണ്ട്. ബസുകൾ സർവീസ് ആരംഭിക്കുന്ന കോളജ് പരിസരത്ത് സ്റ്റാൻഡ് ഇല്ലാത്തതു വലിയ പ്രതിസന്ധിയാണ്. ഇതിനു പുറമേ തിരുത്തിയാട്, കാരാട്, വാഴയൂർ, എടവണ്ണപ്പാറ, പരുത്തിപ്പാറ, ചുള്ളിപ്പറമ്പ് എന്നിവിടങ്ങളിലേക്കുള്ള പത്തോളം മിനി ബസുകളും ഇതുവഴിയാണു പോകുന്നത്. ഫാറൂഖ് കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ നൂറോളം ജീവനക്കാരുമുണ്ട്.
ഫാറൂഖ് കോളജ് ക്യാംപസിൽ 12 സ്ഥാപനങ്ങൾ
ഫാറൂഖ് കോളജ്, ഫാറൂഖ് ട്രെയ്നിങ് കോളജ്, ഫാറൂഖ് ടിടിസി, റൗസത്തുൽ ഉലൂം അറബിക് കോളജ്, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, ഫാറൂഖ് എഎൽപി സ്കൂൾ, അൽ ഫാറൂഖ് റസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂൾ, അൽ ഫാറൂഖ് എജ്യുക്കേഷനൽ സെന്റർ, ഫിംസ്, ഫാറൂഖ് കോളജ് സ്വാശ്രയ വിഭാഗം, ഡേ കെയർ സെന്റർ എന്നിങ്ങനെ 12 സ്ഥാപനങ്ങളാണ് കോളജ് ക്യാംപസിലുള്ളത്. 14,000ൽ ഏറെ വിദ്യാർഥികളും അഞ്ഞൂറിലധികം ജീവനക്കാരും ഇവിടങ്ങളിലുണ്ട്. കൂടാതെ എസ്ബിഐ, ഫറോക്ക് അർബൻ ബാങ്ക്, രാമനാട്ടുകര സഹകരണ ബാങ്ക് ശാഖകളും അങ്ങാടി കേന്ദ്രീകരിച്ചാണു പ്രവർത്തനം. രാമനാട്ടുകര നഗരസഭ 2, 4, 5 വാർഡുകളിലെയും വാഴയൂർ പഞ്ചായത്തിലെ ഒന്ന്, 17 വാർഡുകളിലെയും ജനങ്ങൾ ബസ് യാത്രയ്ക്കായി ഫാറൂഖ് കോളജിലാണ് എത്തുന്നത്.