ജലപാതകം, വഴിനീളെ; ജലജീവൻ മിഷൻ വെട്ടിപ്പൊളിച്ച റോഡുകളിൽ യാത്ര അതികഠിനം!
Mail This Article
കോഴിക്കോട് ∙ സാഹസിക ഡ്രൈവിങ് പഠിക്കണമെങ്കിൽ ജില്ലയിലെ ഗ്രാമീണ റോഡുകളിലേക്കിറങ്ങിയാൽ മതി. ഭാഗ്യമുണ്ടെങ്കിൽ പരുക്കില്ലാതെ തിരിച്ചുവരാം. കേന്ദ്ര–സംസ്ഥാന പദ്ധതിയായ ‘ജലജീവൻ മിഷൻ’ പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച മിക്ക ഗ്രാമീണ റോഡുകളും തകർന്നു കിടക്കുകയാണ്. റോഡ് പഴയ സ്ഥിതിയിലാക്കണമെങ്കിൽ കരാറുകാർക്കു വാട്ടർ അതോറിറ്റി പണം നൽകണം. എന്നാൽ ഇതിനു പണമില്ലെന്നാണു മറുപടി. ‘ആദ്യം പണം, പിന്നെ പണി’ എന്നാണ് കരാറുകാരുടെ നിലപാട്. അതിനാൽ, റോഡുകൾ അതേപടി കിടക്കുകയാണ്. ഓരോ പഞ്ചായത്തിലും ശരാശി 20–30 റോഡുകളാണ് തകർന്നിട്ടുള്ളത്. ഒരു വർഷം വരെ പഴക്കമുള്ള കുഴികൾ ഇക്കൂട്ടത്തിലുണ്ട്.
ജലജീവൻ പദ്ധതിയുടെ പ്രവൃത്തി നടത്തിയ വകയിൽ സംസ്ഥാനത്ത് 4,500 കോടിയിലേറെ രൂപയാണ് കരാറുകാർക്ക് നൽകാനുള്ളത്. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം 630 കോടി രൂപ കരാറുകാർക്ക് കുടിശികയാണ്. പ്രവൃത്തി നടത്തി സമർപിച്ച ബില്ലുകളുടെ തുക ലഭിക്കാതെ റോഡ് ടാറിങ് ഉൾപ്പെടെ നടത്താൻ പറ്റില്ലെന്നാണ് പല കരാറുകാരും പറയുന്നത്. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ആശുപത്രി, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡുകൾ പ്രത്യേക പരിഗണന നൽകി കരാറുകാരെ നിർബന്ധിച്ചാണ് നന്നാക്കി എടുപ്പിക്കുന്നതെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥൻ പറയുന്നു.