പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി യന്ത്രത്തകരാർ: ഉൽപാദനം നിർത്തി
Mail This Article
ചക്കിട്ടപാറ∙ ആറ് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ 2 മെഷീനുകളും തകരാർ സംഭവിച്ചതോടെ വൈദ്യുതി ഉൽപാദനം നിർത്തിവച്ചു. 3 മെഗാവാട്ടിന്റെ 2 മെഷീനുകൾക്കു ബെയറിങ് പ്രശ്നവും ഓയിൽ സീൽ തകരാറുമാണ് സംഭവിച്ചത്. പവർ ഹൗസിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടർ കേടായതും മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയിട്ടില്ല.
യന്ത്രങ്ങൾ വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ഉൽപാദനം നിർത്തിവച്ചതെന്നു കെഎസ്ഇബി അധികൃതർ പറയുന്നു. മഴ ലഭിച്ചതും കക്കയം ജലവൈദ്യുതി പദ്ധതിയിൽ നിന്ന് ഉൽപാദന ശേഷം വെള്ളം എത്തുന്നതിനാലും കഴിഞ്ഞ ദിവസങ്ങളിൽ പെരുവണ്ണാമൂഴി ഡാമിൽ നിന്ന് അധിക ജലം കുറ്റ്യാടി പുഴയിലേക്ക് തുറന്നുവിട്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഡിസംബർ വരെ ഉൽപാദനം നടത്തിയിരുന്നതിനാൽ മികച്ച അളവിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിച്ചിരുന്നു. ഇത്തവണ നേരത്തേ ഉൽപാദനം നിർത്തേണ്ടി വന്നതിനാൽ കെഎസ്ഇബിക്ക് ലക്ഷങ്ങൾ നഷ്ടമുണ്ട്. അധിക വൈദ്യുതി ഉൽപാദനം തടസ്സപ്പെടുകയാണ്.
ടർബൈൻ തകരാർ സംബന്ധിച്ച് കഴിഞ്ഞ ജൂലൈയിൽ അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. യന്ത്രത്തകരാർ കാരണം പെരുവണ്ണാമൂഴി പദ്ധതി ജനറേഷൻ വിഭാഗത്തിന് ഇതുവരെ കൈമാറിയിട്ടില്ല. മറ്റു പദ്ധതികൾ സാധാരണനിലയിൽ ഉദ്ഘാടനശേഷം ജനറേഷൻ വിഭാഗത്തിന് കൈമാറുന്നതാണ്.കിർലോസ്കർ സ്ഥാപിച്ച ടർബൈൻ 3 വർഷം വാറന്റി ഉള്ളതാണ്. ഒക്ടോബർ 19ന് കിർലോസ്കർ ടീം പരിശോധന നടത്തിയിരുന്നു.
നവംബർ 28 വരെ പദ്ധതിയിൽ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു. ഈ വർഷത്തെ വൈദ്യുതി ആകെ ഉൽപാദനം 16.4633 മില്യൻ യൂണിറ്റ് ആണ്. ഈ പദ്ധതിയിൽ 2023 മുതൽ 25.705 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചിട്ടുണ്ട്.ഒരു ദിവസം 15 ലക്ഷം രൂപയുടെ വരെ വൈദ്യുതി ഉൽപാദിപ്പിച്ച പദ്ധതിയാണിത്. ഡിസൈൻ ഹെഡ് പ്രകാരം 6 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കേണ്ട പദ്ധതിയിൽ പരമാവധി 5.7 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്.
സപ്പോർട്ട് ഡാം പ്രവൃത്തി നീളുന്നു
പെരുവണ്ണാമൂഴി ഡാമിന് സപ്പോർട്ട് ഡാം പ്രവൃത്തി നടക്കുന്നതിനാൽ പൂർണതോതിൽ ഡാമിൽ ജലം സംഭരിക്കാൻ കഴിയാത്തതാണ് പ്രശ്നം. സപ്പോർട്ട് ഡാമിന്റെ പ്രവൃത്തി കഴിഞ്ഞ നവംബർ 30ന് പൂർത്തീകരിക്കേണ്ടതായിരുന്നു എങ്കിലും ഡിസൈൻ റിവിഷനിന്റെ പേരിൽ മാസങ്ങൾ നീളുന്ന സ്ഥിതിയാണ്.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിൽ നിന്നു പുറന്തള്ളുന്ന അധിക ജലം ഉപയോഗിച്ചാണ് താഴത്തുവയൽ പവർഹൗസിൽ വച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഡാമിന്റെ പരമാവധി സംഭരണശേഷി 38.44 മീറ്ററിനു മേൽ ജലം വന്നാൽ സ്പിൽവേയിലൂടെ ഷട്ടർ തുറന്ന് വെള്ളം കുറ്റ്യാടി പുഴയിലേക്ക് ഒഴുക്കും.
കെഎസ്ഇബി, ജലസേചന വകുപ്പ് കരാർ പ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെ വൈദ്യുതി ഉൽപാദനത്തിന് ഡാമിൽ നിന്നു ജലം ശേഖരിക്കാം. കൂടാതെ സ്പിൽവേയിലൂടെ ജലം ഒഴുക്കി വിടുമ്പോഴും ഉൽപാദനം നടത്താറുള്ളതിനാൽ കഴിഞ്ഞ വർഷം ഡിസംബർ വരെ വൈദ്യുതി ഉൽപാദിപ്പിച്ചതാണ്. ഡാമിൽ വെള്ളത്തിന്റെ അളവ് 36.90 മീറ്ററിനു താഴെ വന്നാൽ കെഎസ്ഇബിക്ക് വെള്ളം സംഭരിക്കാൻ സാധിക്കില്ല.2 മെഷീനുകളും കേടായത് പദ്ധതി പ്രവർത്തനം പൂർണമായും മുടങ്ങാൻ കാരണമായി. തകരാർ പരിഹരിച്ച് ഉൽപാദനത്തിന് മെഷീൻ സജ്ജമാക്കാൻ ഇനിയും ആഴ്ചകൾ കഴിയുമെന്ന് അധികൃതർ പറയുന്നു.