‘എൻവഴി തനിവഴി’: ദമ്പതികൾ കണ്ട പുതുവഴി; 2 ലക്ഷം കൊണ്ടൊരു സിനിമ
Mail This Article
കോഴിക്കോട്∙ ‘എൻവഴി തനിവഴി’ ഒരു സിനിമാപ്പേര് മാത്രമല്ല, ജെറിനും ഭാര്യ വിന്നിയും ചേർന്നുണ്ടാക്കിയ പുതുവഴിയുടെ ചലച്ചിത്രഭാഷ്യം കൂടിയാണ്. ആ സിനിമ പൂർത്തിയാക്കാൻ അവർക്ക് ചെലവായത് വെറും രണ്ടു ലക്ഷം രൂപ. അസാധ്യമെന്നു പറഞ്ഞു തള്ളുന്നതിനു മുൻപു സ്വന്തമായൊരു സിനിമ എടുക്കണമെന്ന സ്വപ്നം യാഥാർഥ്യമാക്കിയ ആ ദമ്പതികളുടെ കഥ കേൾക്കണം.
ജെറിനു കോഴിക്കോട്ട് ജോഗർ ഫുട്‌വെയർ നിർമാണ കമ്പനിയിലും വിന്നിക്കു സ്വകാര്യ കമ്പനിയിലെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലുമാണ് ജോലി. ഡിഗ്രി പഠനകാലത്താണ് ജെറിന്റെ മനസ്സിൽ സിനിമയെന്ന സ്വപ്നം കയറിക്കൂടിയത്. അക്കാലത്ത് ആറു പാട്ടുകളെഴുതി സംഗീതസംവിധാനം ചെയ്ത് ‘ഒരു വസന്തകാലത്തിന്റെ ഓർമയ്ക്ക്’ എന്ന പേരിൽ മ്യൂസിക് ആൽബം പുറത്തിറക്കി.
ഒരു സിനിമയിൽ പോലും അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യാൻ ജെറിന് അവസരം ലഭിച്ചിരുന്നില്ലെങ്കിലും സ്വന്തമായി എഡിറ്റിങ്ങും അഡ്വാൻസ്ഡ് കളർഗ്രേഡിങ്, ഫോളെ റെക്കോർഡിങ്, ഡബ്ബിങ്, ഛായാഗ്രഹണം, ഡോൾബി മിക്സിങ് തുടങ്ങിയവയും പഠിച്ചെടുത്തു. വിവാഹശേഷം വിന്നിയും സിനിമയെന്ന സ്വപ്നത്തിനു കൂട്ടിരുന്നു. വിന്നി കഥയും തിരക്കഥയുമൊരുക്കി. പരമാവധി ചെലവുകുറച്ചു ഷൂട്ട് ചെയ്യാനുള്ള പദ്ധതി തയാറാക്കി.
ജോലി ചെയ്തു പണമുണ്ടാക്കി ഉപകരണങ്ങൾ സ്വന്തമായി വാങ്ങിയാണ് പതിയെപ്പതിയെ ആദ്യസിനിമ പൂർത്തിയാക്കിയത്. ഹസീബ് പൂനൂർ എന്ന സുഹൃത്തും ഒപ്പമുണ്ടായിരുന്നു. കൊച്ചി മുണ്ടൻവേലി ബനൻപീറ്ററും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇപിബി എന്റർടെയ്ൻമെന്റ്സും പദ്ധതിയുടെ ഭാഗമായി. ഫസൽ പൂക്കോട്, ഹേമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബിന്ദു ബാല, ബിജു ലാൽ, സന്ദീപ് ഗോപാൽ, ശ്രീജ താമരശ്ശേരി തുടങ്ങിയ അഭിനേതാക്കളും മുപ്പതോളം പുതുമുഖങ്ങളുമാണ് മറ്റു കഥാപാത്രങ്ങളായെത്തിയത്.
ജെറിനും വിന്നിക്കും ജോലിയുള്ളതിനാൽ ഞായറാഴ്ചകളിലും ഒഴിവുദിവസങ്ങളിലുമാണ് ഷൂട്ടിങ് നടത്തിയത്. പല ദിവസങ്ങളിലും രാത്രി ഉറക്കമിളച്ചിരുന്നായിരുന്നു എഡിറ്റിങ്ങും കളറിങ്ങും. 4കെയിൽ ഡോൾബി സറൗണ്ട്് ശബ്ദവിന്യാസത്തോടെയാണ് ചിത്രം ഒരുക്കിയത്. പരീക്ഷണമെന്ന രീതിയിൽ മുക്കത്തെ തിയറ്ററിൽ ചിത്രം പ്രദർശിപ്പിച്ചുനോക്കി ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്തു. സെൻസറിങ് പൂർത്തിയാക്കിയ ‘എൻവഴി തനിവഴി’ എന്ന സിനിമ ഡിസംബർ അവസാനയാഴ്ച തിയറ്ററുകളിൽ എത്തുകയാണ്.കണ്ണൂർ കേളകം ചെട്ടിയാംപറമ്പ സ്വദേശിയായ പാറന്തോട്ടത്തിൽ പി.ജെറിനും വിന്നിയും ഇപ്പോൾ ബാലുശ്ശേരിയിലാണ് താമസം.