ADVERTISEMENT

കോഴിക്കോട്∙ ഇന്നലെ ബീച്ചിൽ യുവാവ് അപകടത്തിൽ മരിച്ച വാർത്തയറിഞ്ഞ് നാട് നടുങ്ങി. ‘റീൽസ്’ തയാറാക്കാനായി കാറുകൾ അമിതവേഗത്തിൽ കുതിക്കുകയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. രാവിലെ ഏഴോടെയാണു ആൽവിനും സംഘവും വെള്ളയിൽ സ്റ്റേഷനു മുൻവശത്തുള്ള റോഡിൽ എത്തിയത്. ആൽവിനെ സ്റ്റേഷനു മുൻപിൽ ഇറക്കിയ ശേഷം കാറുകൾ മുന്നോട്ടു പോയി തിരിഞ്ഞു വരികയായിരുന്നു. അപ്പോഴേക്കും ആൽവിൻ റോഡിന്റെ മധ്യത്തിൽ നിന്നു ചിത്രീകരണം ആരംഭിച്ചു.

അതിവേഗത്തിൽ കുതിച്ചു വരുന്ന കാറുകൾ കണ്ട് ആൽവിൻ പരിഭ്രാന്തനായി റോഡരികിലേക്കു മാറിയെങ്കിലും കാർ ഇടിച്ചു. ഉയരത്തിലേക്കു തെറിച്ച ആൽവിൻ റോഡിൽ തലയടിച്ചു വീണു. നട്ടെല്ലിനും പരുക്കേറ്റു. കാറുകളിലുണ്ടായിരുന്നവർ ഉടൻ ആൽവിനെ എടുത്തു കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സമീപത്തുള്ളവർ ഓടിയെത്തിയപ്പോൾ പ്രശ്നമില്ല, സഹോദരൻ കാറിലുണ്ട് എന്നു പറഞ്ഞതായും നാട്ടുകാർ പറഞ്ഞു. പൊലീസിനെ പോലും അറിയിക്കാതെയാണ് ആൽവിനെ കൊണ്ടുപോയത്.

alvin-reels-shooting-death-kozhikode
ആൽവിൻ

ഈ ഭാഗത്തു വാഹനങ്ങൾ അപകടകരമാം വിധം ഓടിച്ചു റീൽസ് നിർമിക്കുന്നതു പതിവാണെന്നു നാട്ടുകാർ പറഞ്ഞു. അതിരാവിലെ ബൈക്ക്, കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങളുമായി എത്തി ‘റീൽസ്’ ഷൂട്ട് ചെയ്യുകയാണ്. വാഹനങ്ങൾ പലവിധത്തിൽ ഓടിച്ചാണു റീൽസ് നിർമാണം. അതിനിടയിൽ ആളുകൾ നടന്നു പോകുന്നതും മറ്റു വാഹനങ്ങൾ പോകുന്നതും ശ്രദ്ധിക്കാറില്ല. ഇന്നലെ 2 കാറുകളും അടുത്തടുത്തായി ഓടുകയായിരുന്നു. അവ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യതയും ഏറെയായിരുന്നു. ഇത്തരം റീൽസ് നിർമാണത്തിനെതിരെ മോട്ടർ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിക്കണമെന്നു ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു പറഞ്ഞു.

അതിനിടെ അപകടം വരുത്തിയ കാർ മാറ്റാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയർന്നു. ആദ്യം പൊലീസ് പറഞ്ഞ കാർ നമ്പർ അപകടം വരുത്തിയ  2 കാറുകളുടേതും അല്ലായിരുന്നു. അതു പ്രഥമ വിവര പ്രകാരം പൊലീസ് തയാറാക്കിയ റിപ്പോർട്ട് ആയിരുന്നു. പിന്നീട് ഇരു കാറുകളും വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ.ജോസ് കസ്റ്റഡിയിൽ എടുത്തു. 2 ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാത്രി മോട്ടർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി കാറുകൾ പരിശോധിച്ചു. കാറുകളിലൊന്ന് തെലങ്കാന റജിസ്ട്രേഷനിൽ ഉള്ളതാണ്. ഇതിന്റെ ഇൻഷുറൻസ് പുതുക്കിയിട്ടുമില്ല.

മത്സരയോട്ടം ചിത്രീകരിക്കുമ്പോൾ കാറിടിച്ചു യുവാവിനു ദാരുണാന്ത്യം
കോഴിക്കോട്∙ ബീച്ച് റോഡിൽ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെ കാറിടിച്ചു വിഡിയോഗ്രഫർ മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും ഏക മകനായ ആൽവിൻ (20) ആണ് മരിച്ചത്. രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. 2 കാറുകൾ സമാന്തരമായി അതിവേഗത്തിൽ എത്തുന്ന  രംഗം റോഡിന്റെ മധ്യഭാഗത്തു നിന്ന് ആൽവിൻ ചിത്രീകരിക്കുകയായിരുന്നു. കാറുകൾ ആൽവിന്റെ തൊട്ടു മുന്നിൽ എത്തുമ്പോൾ നിർത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ കാറുകളുടെ അതിവേഗം കണ്ട ആൽവിൻ റോഡിന്റെ വശത്തേക്കു മാറുമ്പോൾ ഇടിക്കുകയായിരുന്നു.

കാർ ആക്സസറീസ് സ്ഥാപനത്തിന്റെ പ്രമോഷൻ റീൽസ് ആണു ചിത്രീകരിച്ചത്. ഗൾഫിൽ ബന്ധുവിന്റെ സ്ഥാപനത്തിൽ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആൽവിൻ. 2 വർഷം മുൻപു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്. നേരത്തെ ഇതേ സ്ഥാപനത്തിന്റെ റീൽസ് ചെയ്തിട്ടുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ അവർ വീണ്ടും വിളിക്കുകയായിരുന്നു.  2 കാറുകളും വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

English Summary:

Kozhikode accident claims the life of a 20-year-old videographer who was filming a car race for a promotional reel on Beach Road. The incident has sparked outrage and concern over the increasing trend of dangerous driving for social media clout.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com