ദിവസം 45 ലക്ഷം രൂപ പിഴ; ആറുവരിപ്പാതയുടെ നിർമാണം നീണ്ടുപോയാൽ കരാറുകാർക്കുള്ള പിഴ ഇങ്ങനെ
Mail This Article
പൊന്നാനി ∙ ദിവസം 45 ലക്ഷം രൂപ പിഴ.. ആറുവരിപ്പാതയുടെ നിർമാണം കരാറുകാരുടെ മെല്ലെപ്പോക്കിൽ നീണ്ടാൽ ടെൻഡറിൽ പറഞ്ഞ തിയതിയിൽ നിന്ന് തൊട്ടടുത്ത ദിവസം മുതൽ 45 ലക്ഷം രൂപ പിഴയായി കരാറുകാരിൽ നിന്ന് ദേശീയപാത അതോറിറ്റി ഇൗടാക്കും. വൈകുന്ന ഓരോ ദിവസത്തിനുമുള്ള ഇൗ പിഴ തുക കരാറുകാർ അടച്ചു കൊണ്ടേയിരിക്കണം. പദ്ധതി തുകയുടെ 0.01% പിഴയായി ചുമത്തുമെന്ന് കരാർ വ്യവസ്ഥയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ പദ്ധതികൾ തോന്നിയപടി നീക്കുന്ന കരാറുകാർക്കു മുൻപിൽ ദേശീയപാത അതോറിറ്റിയുടെ ഏറെ മാതൃകാപരമായ വ്യവസ്ഥയാണിത്. പറഞ്ഞ തീയതിക്കു മുൻപ് പൂർത്തിയാക്കിയാൽ പ്രത്യേക പാരിതോഷികവും നൽകും. ജില്ലയിലെ 2 റീച്ചുകളിലുമായി കരാറുകാരായ കെഎൻആർസിഎല്ലിനെ 4507.5 കോടി രൂപയുടെ പദ്ധതിയാണ് ഏൽപിച്ചിരിക്കുന്നത്.
ആംബുലൻസ്.. ക്രെയിൻ
പാതയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി 2 ആംബുലൻസും 2 ക്രെയിനും സജീവമായുണ്ടാകും. വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഉടൻ തന്നെ റോഡിലെത്തി വാഹനം ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും. പരുക്കു പറ്റിയ ആളുകളെ ഉടൻ ആശുപത്രിയിലേക്കെത്തിക്കും. 24 മണിക്കൂറും ആംബുലൻസ് ക്രെയിൻ സൗകര്യവും ലഭ്യമാക്കും. അപകടത്തിൽ പെടുന്ന വാഹനങ്ങൾ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതിന് പ്രത്യേകം ചാർജ് ഇൗടാക്കില്ല. ഒരാഴ്ചയ്ക്കുള്ളിൽ വാഹനം കൊണ്ടുപോകാൻ ആളെത്തിയില്ലെങ്കിൽ വാഹനം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്കു മാറ്റും. വഴിയോരത്ത് വാഹനങ്ങൾ നിർത്തിയിടുന്ന പതിവ് രീതിയുണ്ടാകില്ല.
സേവനങ്ങൾക്കായി 80 ജീവനക്കാർ
ആറുവരിപ്പാത യാഥാർഥ്യമായിക്കഴിഞ്ഞാൽ ജില്ലയിലെ 2 റീച്ചുകളിലുമായി 80 ജീവനക്കാർ മുഴുവൻ സമയവും സജീവമായി റോഡിലുണ്ടാകും. അപകടങ്ങളുണ്ടായാൽ വാഹനങ്ങൾ മാറ്റുക, റോഡിലെ മാലിന്യങ്ങൾ നീക്കുക, തെരുവുനായ്ക്കൾ ഉൾപ്പെടെ വാഹനത്തിൽപെട്ട് ചത്തുപോകുന്നതും പരുക്കേൽക്കുന്നതുമായ മൃഗങ്ങളെ റോഡിൽ നിന്ന് മാറ്റുക, റോഡ് വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവയ്ക്കാണ് ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നത്. രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 40 ജീവനക്കാരും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെ 40 ജീവനക്കാരുമാണ് ഡ്യൂട്ടിയിലുണ്ടാവുക. വിശ്രമ കേന്ദ്രങ്ങളിലെ ശുചിമുറികളുടെ പരിപാലനം ഉൾപ്പെടെയുള്ള കാര്യങ്ങളും ഇവരുടെ ചുമതലയായിരിക്കും.