ആറുവരിപ്പാത: ഇനി 6 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് വേണം; സമയത്ത് തീർക്കാൻ നെട്ടോട്ടം
Mail This Article
പൊന്നാനി ∙ ആറുവരിപ്പാത പറഞ്ഞ തീയതിക്കുള്ളിൽ തീർക്കാനുള്ള പരമാവധി ശ്രമത്തിലാണ് കരാറുകാരും ഉദ്യോഗസ്ഥരും. എന്നാൽ, നിർമാണാനുമതി വൈകിയ റെയിൽവേ മേൽപാലം ഉൾപ്പെടെ ചില പദ്ധതികൾ കൃത്യസമയത്ത് തീരുമോയെന്ന ആശങ്കയുണ്ട്. രണ്ടു മാസം മുൻപാണ് കുറ്റിപ്പുറം റെയിൽവേ പാലത്തിന്റെ നിർമാണാനുമതിയായത്. പാലം പൂർത്തിയാക്കാൻ കുറച്ചു കൂടി സമയം കരാറുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ 13 കെട്ടിടങ്ങൾ കൂടി പൊളിച്ചു മാറ്റേണ്ടതുണ്ട്. പെട്ടെന്നു പൊളിച്ചുമാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഇൗ ഭാഗങ്ങളിലെ നിർമാണവും നീളും. ബാക്കിയുള്ള മുഴുവൻ പദ്ധതികളിലും തികഞ്ഞ ആത്മവിശ്വാസമാണ് കരാറുകാരും ഉദ്യോഗസ്ഥരും പ്രകടിപ്പിക്കുന്നത്.
എത്ര തീർന്നു.. എന്ന് തീരും.?
∙രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 46.21%, വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെ 52%. ആറുവരിപ്പാതയിൽ നിർമാണ പുരോഗതി സംബന്ധിച്ച ഒൗദ്യോഗിക കണക്കാണിത്. പലയിടത്തും മെയിൻ സ്ട്രക്ചറുകളായി. ചിലയിടങ്ങളിൽ ടാറിങ് വരെ ചെയ്തു. മേൽപാതകളും അടിപ്പാതകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാതയിലെ ഏറ്റവും നീളമേറിയ വളാഞ്ചേരി വട്ടപ്പാറ ആകാശപാത വരെ കൃത്യസമയത്തിനകം തീർക്കാൻ കഴിയുമെന്നാണ് കരാറുകാരുടെ കണക്കുകൂട്ടൽ. പൊന്നാനി ബൈപാസിൽ കുന്നിടിച്ച് റോഡ് വെട്ടിക്കഴിഞ്ഞു. ഇനി അരിക് കോൺക്രീറ്റ് ചെയ്യുന്ന പണികളും അഴുക്കുചാലിന്റെ പണികളുമാണ് ബാക്കി. 2024 ജൂലൈ 19ന് പണികൾ തീർക്കണമെന്നതാണ് കരാർ വ്യവസ്ഥ. വൈകി അനുമതിയെത്തിയ പദ്ധതികൾ ഒഴികെ ബാക്കിയെല്ലാം കൃത്യസമയത്തിനകം തീരുമെന്നാണ് കരാറുകാർ ഉറപ്പിച്ചു പറയുന്നത്.
ഇനി 6 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് വേണം
∙15 ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ആറുവരിപ്പാത നിർമാണത്തിനായി വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുള്ള റീച്ചിൽ ആവശ്യമായി വരുന്നത്. ഇൗ ഭാഗത്താണ് കൂടുതൽ നികത്തലുകൾ ആവശ്യമുള്ളത്. ഇതിൽ 6 ലക്ഷം ക്യുബിക് മീറ്റർ മണ്ണു കൂടി ലഭ്യമായാൽ മാത്രമേ നിർമാണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. മണ്ണിനായി കരാറുകാർ ശ്രമം നടത്തുന്നുണ്ടെങ്കിലും സാങ്കേതികാനുമതികൾ വൈകുന്നത് നിർമാണത്തെ ബാധിക്കുന്നുണ്ട്. രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയുള്ള ഭാഗങ്ങളിൽ കാര്യമായ നികത്തലുകൾ വേണ്ടി വന്നിട്ടില്ല. ചില ഭാഗങ്ങളിൽ നിന്ന് ഖനനം ചെയ്തെടുത്ത മണ്ണ് നികത്തേണ്ട ഭാഗങ്ങളിൽ കൊണ്ടുവന്നിട്ടതിനാൽ ഇൗ ഭാഗത്തെ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.
രാത്രി നിർമാണത്തിന് നിയന്ത്രണം
∙രാത്രിയിലെ നിർമാണം പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നുവെന്ന പരാതി കാര്യമായപ്പോൾ രാത്രി പണികൾ പരമാവധി കുറയ്ക്കേണ്ടി വന്നു. സ്കൂൾ സമയങ്ങളിലെ വാഹനങ്ങളുടെ ഓട്ടത്തിന് നിയന്ത്രണമുണ്ടായതിനാൽ രാവിലെയും വൈകിട്ടുമായുള്ള പകൽ സമയത്തെ 3 മണിക്കൂറും നഷ്ടമാകുന്നുണ്ട്. രണ്ടു റീച്ചുകളിലൂമായി 1500ൽ അധികം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. നിർമാണത്തിന്റെ ഭാഗമായി പത്തോളം മെയിൻ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. നൂറോളം മണ്ണുമാന്തി യന്ത്രങ്ങളും അഞ്ഞൂറോളം ലോറികളും നിരത്തിൽ സജീവമാണ്.
ആറു മാസം കൂടി വേണ്ടി വരും
കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന്റെ പൂർത്തീകരണം, കോട്ടയ്ക്കൽ ബൈപാസിലെ പാലത്തിന്റെ പൂർത്തീകരണം എന്നിവയ്ക്കായി ആറു മാസം കൂടി സമയം കരാറുകാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ദേശീയപാത അതോറിറ്റി ഇൗ ആവശ്യം ഇതുവരെയും അംഗീകരിച്ചിട്ടില്ല. സർക്കാർ തലത്തിലുള്ള അനുമതികൾ വൈകാനിടയായ സാഹചര്യം മുൻനിർത്തി കരാർ കാലാവധി നീട്ടി നൽകുമെന്നാണ് അറിയുന്നത്. പരമാവധി 2024 ഡിസംബർ മാസത്തോടെ കുറ്റിപ്പുറം റെയിൽവേ പാലം ഉൾപ്പെടെ പൂർത്തിയാകുമെന്നാണ് സൂചന. ഇൗ 2 പാലങ്ങൾ ഒഴികെയുള്ള ആറുവരിപ്പാതയുടെ ഭാഗമായുള്ള മറ്റ് നിർമാണമെല്ലാം 2024 ജൂലൈ മാസത്തിനകം തന്നെ പൂർത്തിയാക്കും.