റിപ്പബ്ലിക് ദിന പരേഡ്: വനിതാമുന്നേറ്റത്തിന്റെ പതാക ഏന്താൻ മലപ്പുറത്ത് നിന്ന് മിലിയയും പ്രിയങ്കയും
Mail This Article
എടക്കര ∙ഡൽഹിയിൽ നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മിലിറ്ററി നഴ്സിങ് സർവീസിലെ വനിതാ ഓഫിസർമാർ പങ്കെടുക്കുമ്പോൾ അതൊരു ചരിത്ര മുഹൂർത്തമാകും. ആ ചരിത്രത്തിന്റെ മുൻപന്തിയിൽ തലയെടുപ്പോടെ മലപ്പുറത്തിന്റെ പെൺകരുത്തുമുണ്ടാകും. ജില്ലയിൽനിന്നുള്ള 2 പേരാണ് പരേഡിന്റെ ഭാഗമായി അണിനിരക്കുന്നത്. നിലമ്പൂർ മണിമൂളി സ്വദേശിനി ക്യാപ്റ്റൻ മിലിയ ജോർജും പരപ്പനങ്ങാടി സ്വദേശിനി ക്യാപ്റ്റൻ പ്രിയങ്ക പ്രകാശും. ചരിത്രത്തിലാദ്യമായാണ് മിലിറ്ററി നഴ്സിങ് സർവീസിലെ ഓഫിസർമാർ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നത്. സായുധ സേനയിലെ മെഡിക്കൽ സേവന സംഘത്തിൽ മിലിറ്ററി നഴ്സിങ് സർവീസിലെ 144 ഓഫിസർമാരാണ് പരേഡിൽ അണിനിരക്കുന്നത്. ഇവർക്ക് ലക്നൗ, ഡൽഹി എന്നിവിടങ്ങളിലായി 5 മാസത്തോളം ഇതിനായി പരിശീലനം നൽകി. കഴിഞ്ഞദിവസം നടന്ന പരേഡിന്റെ ഫുൾ ഡ്സ്സ് റിഹേഴ്സൽ ദൃശ്യവിസ്മയമായിരുന്നു.
100 വർഷത്തെ മഹത്തായ സേവനത്തിന്റെ ചരിത്രമുള്ള എംഎൻഎസിലെ ഉദ്യോഗസ്ഥർക്ക് അഭിമാനത്തിന്റെ നിമിഷമാണിത്. ഇന്ത്യൻ സായുധസേനയിലെ ഏറ്റവും പഴക്കംചെന്ന വനിതാ ഓഫിസർ കോർപ്സാണ് മിലിറ്ററി നഴ്സിങ് സർവീസ്. റിട്ട. അധ്യാപിക തുരുത്തേൽ റോസമ്മ സെബാസ്റ്റ്യന്റെയും പരേതനായ ടോമിയുടെയും മകളാണ് മിലിയ ജോർജ്. പരേഡ് നേരിൽ കാണുന്നതിന് റോസമ്മ ഡൽഹിയിലേക്കു തിരിച്ചിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ്ഗാർഡ് അസിസ്റ്റന്റന് കമൻഡാന്റ് ആദർശാണ് പ്രിയങ്കയുടെ ഭർത്താവ്. ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മിലിയയും പ്രിയങ്കയും മനോരമയോട് പറഞ്ഞു.