പാട്ടുംപാടി ജയിച്ചിരുന്ന യുഡിഎഫിനെ പണിയെടുപ്പിച്ച ആ തിരഞ്ഞെടുപ്പ്
Mail This Article
ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങളായിരുന്നു ആ തിരഞ്ഞെടുപ്പു കാലത്തേത്. ഇടതുപക്ഷ സ്ഥാനാർഥിയായി രംഗത്തു വന്നതുതന്നെ അപ്രതീക്ഷിതമായിട്ടായിരുന്നു. മത്സരിക്കുന്നത് ബനാത്ത്‍വാലയ്ക്കെതിരെയും. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. അന്നൊന്നും രാഷ്ട്രീയമുണ്ടായിരുന്നില്ല. സ്ത്രീകൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളുമെല്ലാമായി തുടരുകയായിരുന്നു.
പിന്നെ പതിയെ സിപിഐയുമായും അതിന്റെ വനിതാ വിഭാഗവുമായും അടുത്തു. അങ്ങനെ രാഷ്ട്രീയ പ്രവർത്തനവുമായി. ഈ സമയത്താണ് തിരഞ്ഞെടുപ്പ്. പൊന്നാനിയിൽ മത്സരിക്കാൻ ഒരു വനിതയെ നിർത്താമെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. അതിന്റെ ചർച്ചകൾക്കിടയിലെപ്പോഴോ പട്ടികയിൽ എന്റെ പേരുമെത്തി. ഒടുവിൽ പ്രഖ്യാപനം വന്നപ്പോൾ സ്ഥാനാർഥിയായായി. അന്ന് 25 വയസ്സായിരുന്നു പ്രായം.
ആവേശത്തോടെ ഓടിനടന്നു. കൂടെ പ്രവർത്തകരും. എല്ലാവരും ആത്മാർഥതയോടെ വളരെ സജീവം. തീരദേശമടക്കം എല്ലായിടത്തും രാത്രി പോലും സ്ത്രീകൾ അടക്കം എല്ലാവരും സ്ഥാനാർഥിയെ കാത്തുനിൽക്കുന്ന സ്ഥിതിയായി. രാത്രി 10 മണിക്കു ശേഷം പോലും യോഗങ്ങൾ നടന്നിരുന്നു. സാധാരണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കൊന്നും കാര്യമായി വരാത്ത ബനാത്ത്‍വാലയ്ക്ക് അത്തവണ വരേണ്ടിവന്നു. യുഡിഎഫിനും അത്തവണ അൽപം വിയർക്കേണ്ടി വന്നിട്ടുണ്ട്.
വളാഞ്ചേരിയിൽ നടന്ന ഒരു പൊതുയോഗത്തിൽ പങ്കെടുക്കാൻ അന്ന് ഇ.കെ.നായനാരുമെത്തി. വേദിയിൽ ഇരുന്ന എനിക്ക് അദ്ദേഹം ചായ കൊണ്ടുവന്നു തന്നു. അദ്ദേഹത്തെ പോലൊരു മുതിർന്ന നേതാവ് എനിക്കു ചായ എടുത്തുതരാൻ തുനിഞ്ഞപ്പോൾ തടയാൻ ശ്രമിച്ചതായിരുന്നു. എന്നാൽ അദ്ദേഹം നിർബന്ധിച്ചു നൽകിയതൊന്നും മറക്കാൻ സാധിക്കില്ല. സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന എ.ബി.ബർദൻ, ടി.കെ.ഹംസ, മീനാക്ഷി തമ്പാൻ തുടങ്ങി ഒട്ടേറെ നേതാക്കൾ വിവിധ യോഗങ്ങളിൽ പ്രസംഗിക്കാൻ എത്തിയിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു ടൂർ കഴിഞ്ഞ പ്രതീതിയായിരുന്നു. അന്നു പരാജയപ്പെട്ടെങ്കിലും നല്ലൊരു മത്സരം കാഴ്ചവയ്ക്കാൻ സാധിച്ചെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഇടക്കാലത്ത് ചില രാഷ്ട്രീയ കാര്യങ്ങളാൽ സിപിഐ വിട്ടെങ്കിലും സജീവമായി ഇപ്പോഴും രാഷ്ട്രീയ, പൊതുപ്രവർത്തന രംഗത്തുണ്ട്.