‘ഓഗസ്റ്റ് 24ന് മകളുടെ വിവാഹമാണ്, തൊട്ടുമുന്നിൽ ദേശീയപാതയുണ്ടായിട്ടും രക്ഷയില്ല’
Mail This Article
കുറ്റിപ്പുറം ∙ ഓഗസ്റ്റ് 24ന് ചീരക്കുഴിപറമ്പിൽ ഷീലയുടെ മകളുടെ വിവാഹമാണ്. വത്സലയ്ക്ക് ബന്ധുവിനെ ചികിത്സയ്ക്കായി ഇടയ്ക്കിടെ ആശുപത്രിയിലെത്തിക്കണം. ജിജോയ്ക്കും വിഷ്ണുവിനും ജോലിക്ക് പോകാനുണ്ട്.. പക്ഷേ ഇവർക്കൊന്നും പുറത്തിറങ്ങാൻ ‘ഒരുവഴി’യുമില്ല. തൊട്ടുമുന്നിൽ ദേശീയപാതയുണ്ടായിട്ടും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ വഴിയില്ലാതെ വട്ടം കറങ്ങുകയാണ് കുറ്റിപ്പുറം മിനിപമ്പയ്ക്കു സമീപത്തെ 3 കുടുംബങ്ങൾ. മദിരശ്ശേരി റോഡിന് എതിർവശത്തെ ചീരക്കുഴിപറമ്പിൽ ഷൈലജ, വത്സല, ഷീല എന്നിവരുടെ വീടുകളിലേക്കുള്ള ഗതാഗത സൗകര്യമാണ് ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി നഷ്ടപ്പെട്ടത്. പുതിയ പാതയ്ക്കായി കുടുംബങ്ങൾ തറവാട് വീടും റോഡിന് സമീപത്തെ സ്ഥലവും വിട്ടുനൽകിയിരുന്നു.
തറവാട് പൊളിച്ചതോടെ ഷീലയും വത്സലയും സഹോദരിയായ ഷൈലജയുടെ വീട്ടിലേക്ക് താമസം മാറി. ഷീലയും വത്സലയും റോഡിന് സമീപത്തെ സ്ഥലത്ത് പുതിയ വീടുകൾ നിർമിക്കുകയും ചെയ്തു. എന്നാൽ നവംബറിൽ ആറുവരിപ്പാതയുടെ സർവീസ് റോഡ് നിർമാണത്തിനായി ഈ വിടുകളിലേക്കുള്ള വഴി ഇടിച്ചുതാഴ്ത്തി. മറുവശത്ത് ഉടൻ വഴിയൊരുക്കും എന്ന് അറിയിച്ചാണ് കരാർ കമ്പനി ഉദ്യോഗസ്ഥർ ജോലി തുടങ്ങിയത്. എന്നാൽ ഈ വീടുകളിലേക്ക് വഴി നിർമിക്കാൻ കരാർ കമ്പനി തയാറായിട്ടില്ല. പരാതിയുമായി കഴിഞ്ഞയാഴ്ച വീണ്ടും സമീപിച്ചെങ്കിലും വഴിയൊരുക്കാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്.
മണ്ണുമാന്തി ഉപയോഗിച്ച് താഴ്ത്തിയ ഭാഗത്തുകൂടി സാഹസികമായാണ് 3 കുടുംബങ്ങളിലുള്ളവർ പുറത്തേക്ക് ഇറങ്ങുന്നത്. ഷീലയുടെ മക്കളായ ജിജോയും വിഷ്ണുവും അടക്കമുളളവരുടെ ബൈക്കുകൾ കഴിഞ്ഞ 4 മാസമായി മറ്റു വീടുകളിലാണ് നിർത്തിയിടുന്നത്. വത്സലയുടെ ബന്ധുവായ സരോജിനിയെ കാലിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കാനും ബുദ്ധിമുട്ടുണ്ട്. മകളുടെ വിവാഹം അടുത്തെത്തിയിട്ടും വീട്ടിലെത്താൻ വഴിയില്ലാത്തതിന്റെ ആശങ്കയിലാണ് ഷീല. വഴിയില്ലാത്തതിനാൽ വീടുകളുടെ നിർമാണവും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.