ADVERTISEMENT

തേഞ്ഞിപ്പലം ∙ കാക്കഞ്ചേരി ചന്തയ്ക്കടുത്ത് കെട്ടിപ്പൊക്കി നിർമിച്ച സർവീസ് റോഡിന്റെ അരികുഭിത്തി രണ്ടിടത്ത് പൊട്ടിയ നിലയിൽ. ചിലയിടത്ത് പുറത്തേക്ക് തള്ളിയിട്ടുമുണ്ട്. മഴ കൂടുതൽ കനക്കുന്നതോടെ അരികുഭിത്തിയുടെ അവസ്ഥ കൂടുതൽ പരുങ്ങലിലാകുമെന്ന് സംശയിക്കുന്നവർ ഏറെ. കാക്കഞ്ചേരി വളവിൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവീസ് റോഡായി വിനിയോഗിക്കുന്ന പഴയ ദേശീയപാതയുടെ ഒരുവശത്ത് മഴയെ തുടർന്ന് മണ്ണിടിച്ചിലുമുണ്ട്. 

മണ്ണിടിച്ചിൽ വ്യാപകമായാൽ വാഹന ഗതാഗതം അപകടത്തിലാകും. കാക്കഞ്ചേരി അങ്ങാടിയിൽ ആഴത്തിലൊരുക്കിയ ആറുവരിപ്പാതയിൽ മഴയെ തുടർന്ന് ചെളി നിറഞ്ഞതിനാൽ നിർമാണം മുടങ്ങി. നി‍ർമാണ സാമഗ്രികൾ ഇപ്പോഴും റോഡിൽ കാണാം. അതേസമയം, കാക്കഞ്ചേരി വളവിൽ ദേശീയപാതയിൽ നിന്ന് മഴയെ തുടർന്ന് ചന്ത റോഡിലേക്ക് വെള്ളച്ചാട്ടം കണക്കെ വെള്ളം മണിക്കൂറുകളോളം ഒഴുകിയത് പരിഭ്രാന്തി പരത്തി. ചന്ത വളപ്പിലെ ഷെഡുകളിൽ വരെ വെള്ളമെത്തി. പരിസരത്തെ വീട്ടുകാർക്കും വെള്ളപ്പാച്ചിൽ ബുദ്ധിമുട്ടായി. അധികൃതർ വെള്ളം തിരിച്ചു വിടാൻ ഓട പോലും നിർമിക്കാതിരുന്നതാണ് പ്രശ്നമെന്ന് പരാതിയുണ്ട്. 

ചൊവ്വാഴ്ച ചന്ത പ്രവർത്തിക്കുന്നത് ആറുവരിപ്പാതയിൽ
∙ കാക്കഞ്ചേരിയിൽ 4 മാസമായി ചൊവ്വാഴ്ച ചന്ത പ്രവർത്തിക്കുന്നത് നിർമാണ ഘട്ടത്തിലുള്ള ആറുവരിപ്പാതയിൽ. റോ‍ഡിനരികെ ചന്ത നടത്തിപ്പിന് സൗകര്യമുണ്ട്. ചന്ത മുടങ്ങുന്ന ഘട്ടത്തിൽ നിർ‌‍മാണ കരാർ കമ്പനി പ്രതിനിധികളുടെ അറിവോടെ റോഡി‍ൽ സൗകര്യം ചെയ്യുകയായിരുന്നു. വാഹന ഗതാഗതത്തിന് ഇരുവശങ്ങളിലും സർവീസ് റോഡുകൾ നിർമിച്ചതിനാൽ നിലവിൽ പ്രശ്നമില്ലെങ്കിലും ഭാവിയിൽ ആറുവരിപ്പാത വഴി ഗതാഗതം തുടങ്ങുമ്പോൾ അവിടെ ചന്ത നടത്താനാകില്ല. അപ്പോഴേക്കും താഴ്ചയിലുള്ള ചന്ത ഭൂമിയിലേക്ക് ദേശീയപാതയിൽ നിന്ന് റോഡ് ലഭിക്കുമെന്നാണ് പ്രതീക്ഷ. 

ഗതാഗതം മുടങ്ങി
∙ കാക്കഞ്ചേരി ചന്ത– പള്ളിയാളി– ചേലൂപ്പാടം ഒന്നേകാൽ കിലോമീറ്റർ റോഡിൽ നിന്ന് എൻഎച്ച് 66ലേക്കും തിരിച്ചുമുള്ള ഗതാഗതം 4 മാസമായി മുടങ്ങി. 9 മീറ്റർ ഉയരമുള്ള സർവീസ് റോഡ് വന്നതോടെ ഗ്രാമീണ റോഡിലേക്ക് പോകാനും തിരിച്ചുപോരാനും കാൽനടക്കാർക്ക് പോലും കഴിയാതയായി. ചേലൂപ്പാടത്ത് മരാമത്ത് റോഡിലേക്കുള്ള എളുപ്പ വഴി അടഞ്ഞതോടെ ഒട്ടേറെ വീട്ടുകാരും ദുരിതത്തിലായി. പരിസരത്തുള്ളവർ സ്ഥലം നൽകിയാൽ താഴ്ചയിലേക്ക് ദേശീയപാതയിൽ നിന്ന് റോഡ് നിർമിച്ച് പ്രശ്നം പരിഹരിക്കാമെന്ന് നേരത്തെ നിർമാണ കരാർ കമ്പനി പ്രതിനിധികൾ അറിയിച്ചെങ്കിലും പിന്നീട് കൂടുതൽ സ്ഥലം വേണമെന്ന നിലയ്ക്ക് നിർദേശം വന്നതോടെ തുടർനീക്കം പാളി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായ ശേഷം പ്രശ്ന പരിഹാരത്തിന് യോഗം വിളിക്കാൻ കലക്ടർക്ക് കത്ത് നൽകാനാണ് പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ നീക്കം.

English Summary:

National highway 66, which is being built in six lanes, is flooded; A flea market is also operating on the national highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com